Search This Blog

Wednesday, November 3, 2010

ആത്മവിചിന്തനം....

ഞാന്‍ ഉണര്‍ന്നു.... ചുറ്റും  അപരിചിതമായ മുഖങ്ങള്‍....ചിലത് കുറെ അധിക സമയം കൂടെ ചിലവിട്ടു... മറ്റു ചില മുഖങ്ങള്‍ വന്നു എത്തി നോക്കിയിട്ട് പോയി... വയറ്റില്‍ നിന്നും ഉള്ള വിശപ്പിന്റെ വിളി ഒരു കുഞ്ഞിന്റെ കരച്ചിലായി ആ മുറിയില്‍ തിങ്ങി നിറഞ്ഞു.... അത് ഞാന്‍ ആയിരുന്നു... അമ്മയുടെ ഉദരത്തിലെ ഇരുട്ടില്‍ നിനും ബാഹ്യ ലോകവുമായുള്ള  എന്‍റെ ആദ്യ നിമിഷങ്ങള്‍. ഇവിടെ ഞാന്‍ എന്ന ഒരു വ്യക്തിയുടെ തുടക്കം.
മനുഷ്യന്റെ ആദ്യത്തെ വികാരം, വിശപ്പ്‌.... എന്‍റെ കരച്ചില്‍ കേട്ടു, വായിലേക്ക് മധുരമുള്ള മുലപ്പാല്‍ ആരോ തന്നു... പിന്നെടെപ്പോഴും എന്‍റെ വിശപ്പ്‌ മാറ്റാന്‍ ഞാന്‍ ഈ അടവ് പ്രയോഗിച്ചു... അപ്പോഴൊക്കെ എനിക്ക് യഥേഷ്ടം പാല്‍ കിട്ടിക്കൊണ്ടിരുന്നു... 
അത് എന്‍റെ അമ്മ ആയിരുന്നു... 
എന്‍റെ അടവ് ആദ്യം മനസ്സിലാക്കിയ ആള്‍. ആ മുഖം ഞാന്‍ മനപ്പാഠം  ആക്കി.. എന്‍റെ മനസ്സില്‍ ആദ്യം ഇടം കണ്ടയാള്‍ ...അതും അമ്മ ആയിരുന്നു.... 
പതിയെ ചില മുഖങ്ങള്‍ ചിര പരിചിതങ്ങള്‍ ആയി... അമ്മയുടെ മൃദുല കരങ്ങളില്‍ നിന്നും മിക്കവാറും ഞാന്‍ ബലിഷ്ടങ്ങളായ കരങ്ങളിലേക്ക് കൈമാരരുണ്ടായിരുന്നു... കൂടെ എന്‍റെ മുഖത്ത് മീശകൊണ്ട് ഒരു ഉമ്മയും തന്നു എന്നെയും കൊണ്ട് കുറെ നേരം അയാള്‍ നടക്കും... ആ ഉറപ്പുള്ള കൈകളില്‍ സുഖ നിദ്ര ആയിരിക്കും എനിക്ക്... ആ സുരക്ഷിതത്വം എന്നെ ബോധം കേട്ടു ഉറങ്ങാന്‍ വിടും. 
എന്ടെ അച്ഛന്‍ ആയിരുന്നു അത്... 
എന്‍റെ മനസ്സില്‍ ഉറപ്പുള്ള സുരക്ഷിതത്വ ബോധം തന്ന ആദ്യത്തെ ആള്‍... അച്ഛന്‍ ആയിരുന്നു... അതൊരു തണല്‍ ആയിരുന്നു...
ഞാന്‍ പതിയെ പതിയെ അമ്മ പറഞ്ഞു തരുന്ന വാക്കുകള്‍ തിരിച്ചു പറഞ്ഞു കേള്‍പ്പിക്കാന്‍ തുടങ്ങി... അമ്മയുടെ മുഖത്തെ സന്തോഷം കാണാന്‍ വേണ്ടി അമ്മ പറയുന്ന വാക്കുകള്‍ എന്‍റെ നാവിനു വഴങ്ങില്ലെങ്കില്‍ കൂടി ഞാന്‍ അത് മറ്റു പല വാക്കുകളായും പറഞ്ഞു കേള്‍പ്പിച്ചു... മെല്ലെ ഞാന്‍ അച്ഛന്‍റെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി... ആദ്യ ദിനങ്ങള്‍ ഈ അഭ്യാസം അത്ര സുഖകരമായി തോന്നിയില്ല... എങ്കിലും അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള പ്രോത്സാഹനം കാരണം ഞാന്‍ സാവധാനം തനിയെ നടക്കാന്‍ തുടങ്ങി... എല്ലാം പുതുമ ആയിരുന്നു എനിക്ക്, എല്ലാം ഒരു പഠനവും..... ഞാന്‍ മുറ്റത്തേക്ക്  ഇറങ്ങി... 
സ്വന്തം കാലില്‍ നിന്നുല്ല്ല ആദ്യ നിരീക്ഷണം... എന്‍റെ വീട്... ചുറ്റുപാട്... പറമ്പ്... മരങ്ങള്‍... അയല്‍വക്കം....അച്ഛനും അമ്മയും ഞാന്‍ വീഴുമോ എന്ന് നോക്കി എന്‍റെ പുറകില്‍ തന്നെ നില്‍ക്കുന്നു... 
ഒരു ദിവസം.... പെട്ടന്ന്.... മറ്റൊരു കരച്ചില്‍.... ഞാന്‍ ആദ്യം കരഞ്ഞ പോലെ... എന്‍റെ അടവ് പോലെ തന്നെ .... അതെ ആ കരച്ചില്‍ വിശപ്പ്‌ മാറ്റാന്‍  ഉള്ള കരച്ചില്‍ തന്നെ... ഞാന്‍ ഓടി ചെന്നു വീട്ടില്‍ നോക്കി... അതാ അമ്മയുടെ കൂടെ എന്നെ പോലെ തന്നെ മറ്റൊരു കുഞ്ഞു... ദേഷ്യവും സങ്കടവും ഒക്കെ വന്നു... ഞാന്‍ കരഞ്ഞു... ഇത് പക്ഷെ വിശപ്പിന്റെ കരച്ചില്‍ അല്ലെന്നു അമ്മക്ക് മനസ്സിലായി... അമ്മ പെട്ടന്ന് തന്നെ എന്നെ എടുത്തു ആശ്വസിപ്പിച്ചു.... അവന്‍ വീണ്ടും കരഞ്ഞപ്പോള്‍ എന്നെ പെട്ടന്ന് താഴെ നിര്‍ത്തി അമ്മ അവനു പാല്‍ കൊടുത്തു.... അങ്ങനെ എന്‍റെ സ്നേഹം അവന്‍ പങ്കിട്ടെടുത്തു... 
അത് എന്‍റെ അനിയന്‍ ആയിരുന്നു... 
അവന്‍ പതുക്കെ എന്‍റെ സന്തത സഹചാരി ആയി... എവിടെ പോയാലും ഒരുമിച്ചു നടന്നു..ഞങ്ങള്‍  ഒരേ പോലെയുള്ള ഉടുപ്പുകള്‍ ഇട്ടു... ആ നാട്ടില്‍ ഞങ്ങള്‍ ചേട്ടനും അനിയനും എന്ന് മെല്ലെ അറിയപ്പെടാന്‍ തുടങ്ങി... വയസ്സായ അപ്പൂപ്പന്മാര്‍ വരെ ഞങ്ങളെ ചേട്ടാ എന്നും അനിയാ എന്നും വിളിച്ചു.... കൂടെ കൂടാന്‍ ഞങ്ങളുടെ പ്രായമുള്ള കൂട്ടുകാര്‍ വന്നു... അയല്‍പക്കത്തുള്ള വീടുകളില്‍ ഞങ്ങള്‍ ചെയ്ത അടവുകള്‍ എല്ലാം ചെയ്തു ഞങ്ങളുടെ സമ പ്രായക്കാരും വളരുന്നുണ്ടായിരുന്നു... മോന്‍സി , കുട്ടന്‍, അനൂപ്‌....
കളിയും ചിരിയും അങ്ങനെ ഉഷാറായി നടക്കുന്ന സമയം... ഞങ്ങളെ എല്ലാം പിടിച്ചു ഒരു ദിവസം ഒരു സ്ഥലത്ത് അച്ഛനും അമ്മയും എത്തിച്ചു.... അവിടെ അതാ കുറെ അധികം കുട്ടികള്‍... എല്ലാവരുടെയും കയ്യില്‍ ഒരു സ്ലേറ്റും കല്ല്‌ പെന്‍സിലും ഉണ്ട്..... ഞങ്ങളുടെ ആദ്യത്തെ നേര്സരി ആയിരുന്നു അത്... അവിടെ ഞങ്ങള്‍ അക്ഷരങ്ങളെ അടുത്തറിയാന്‍ തുടങ്ങി... എന്നും അവിടെയുള്ള കൂട്ടുകാരുടെ കൂടെ കളിക്കാം എന്നുള്ളത് കാരണം... ഞങ്ങള്‍ അവിടെ എല്ലാ അക്ഷരങ്ങളും പഠിച്ചു...  അവിടെ പഠനം ഒരു രസമായിരുന്നു... ഇപ്പോഴും ആ ടീച്ചര്‍ന്‍റെ  പേര് ഞാന്‍ ഓര്‍ക്കുന്നു... മോളമ്മ... ഒരു പത്തിരുപത്തെഴു വറ്ഷം പഴക്കമുള്ള ഓര്‍മ്മ.. എന്‍റെ അനിയന്‍ ഒരു പരിഷ്കാരി ആയിരുന്നു... അവനു പാന്‍റ്സ് ആണ് ഇഷ്ടം.. നിക്കര്‍ ഇടാന്‍ അവനു മടി ആണ്... ആകെ ഒരേ ഒരു പാന്‍റ്സ് മാത്രമേ ഞങ്ങള്‍ക്ക് അന്ന് ഉള്ളായിരുന്നു... അവനാണെങ്കില്‍ എന്നും അത് ഇടണം... മിക്ക ദിവസങ്ങളിലും അച്ഛന്‍ അത് എടുത്തു വെള്ളത്തില്‍ മുക്കി വക്കും.... ഈ വഴക്ക് എല്ലാ ദിവസത്തെയും പതിവായി... പിന്നെ പിന്നെ ഈ സ്വഭാവത്തിന് അവന്‍ തന്നെ മാറ്റം വരുത്തി.... പിന്നെ അവിടുന്ന് സ്കൂളിലേക്ക്... എന്‍റെ  സ്കൂളിലെ പാഠങ്ങള്‍ ഒക്കെ അനിയനും manappaadam  ആയിരുന്നു... ഞാന്‍ ഉറക്കെ വായിച്ചു പഠിക്കുന്നത് കേട്ടു അവനും അത് ഹൃദിസ്ഥമാക്കും... അങ്ങനെ അവനു എല്ലാ ക്ലാസ്സിലും ഒരു വറ്ഷം മുന്‍പേ പാഠങ്ങള്‍ പഠിച്ചു തുടങ്ങി... സ്കൂളില്‍ പരീക്ഷ കഴിഞ്ഞു 50 /50 വാങ്ങി ആ സ്ലേറ്റില്‍ ടീച്ചര്‍ ചോക്ക് കൊണ്ട് എഴുതിയത് മായ്ക്കാതെ ഞങ്ങള്‍ വീട്ടിലേക്കു ഓടും... അതൊരു മത്സരം ആയിരുന്നു... ആദ്യം പോയി അമ്മയോട് മാര്‍ക്ക് പറയാന്‍... ഈ പതിവ് അഞ്ചാം ക്ലാസ്സ്‌ മുതല്‍ മിക്കവാറും ഞങ്ങള്‍ നിര്‍ത്തി.... മാര്‍ക്കില്‍ ഉള്ള വ്യതിയാനങ്ങള്‍ ആണ് കാരണം.
സ്കൂളിലും ഞങ്ങള്‍ ഒരുമിചാരുന്നു കളിയും കലാപരിപാടികളും... അവന്‍റെ ക്ലാസ്സിലെ കൂട്ടുകാരും എന്‍റെ ക്ലാസ്സിലെ കൂടുകാരും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുപോലെ സുഹൃത്തുക്കള്‍ ആയിരുന്നു.... എന്‍റെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന ഒരു ടീച്ചറിന്റെ മകള്‍ ഉണ്ടായിരുന്നു... എന്‍റെ സുഹൃത്ത്‌ പട്ടര്‍ക്ക് അവളെ ശ്ശി  പിടിച്ചു പോയി... അവള്‍ക്കും.... ഒരു ദിവസം ഞങ്ങള്‍ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു കളിയ്ക്കാന്‍ പ്ലാന്‍ ഇടുന്ന സമയം... പട്ടരെ മാത്രം കാണാന്‍ ഇല്ല... ഞങ്ങള്‍ അവിടെയെല്ലാം തേടി... ഒടുവില്‍ അനിയന്‍ ആണ് കണ്ടു പിടിച്ചത്... സ്കൂളിന്റെ പുറകിലുള്ള കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കാട്ടില്‍ ഇരുന്നു പട്ടരും ആ ടീച്ചറിന്റെ മോളും വാട്ടര്‍ ബോട്ടില്‍  ഒരു മാലയാക്കി  ഇട്ടു പരസ്പരം  കല്യാണം കഴിക്കുന്നു.... ഒരു ഇണ വേണ്ടതിന്റെ ആവശ്യകത പട്ടര്‍ അന്നേ മനസ്സിലാക്കിയിരുന്നു. പാവം... ആ സംഭവത്തിന്‌ ശേഷം ആ ടീച്ചര്‍ഇന്‍റെ മകളുടെ കാലുകളില്‍ ചൂരല്‍ പാടുകള്‍ ഉണ്ടായിരുന്നു... 
എന്തെല്ലാം സംഭവങ്ങള്‍ ..... കളികള്‍.... ബാല്യകാലം ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാനെന്നുള്ള തിരിച്ചറിവ് അന്ന് ഉണ്ടായിരുന്നില്ല... ഇന്നും ചില കാര്യങ്ങളില്‍ ഈ തിരിച്ചറിവ് ഉണ്ടാകാറില്ല... മനുഷ്യ സഹജം.. 
കാലങ്ങള്‍ പോയി..ഹൈ സ്ക്കൂള്‍ വിട്ടു കോളേജില്‍ എത്തി... എല്ലാത്തിലും ഇതുവരെ ഇല്ലാതിരുന്ന ഒരു സ്വാതന്ത്ര്യം ... ഒരു പുതുമ... ഒരു കുളിര്... ആദ്യമായി ഒരു വിഷയത്തിനുള്ള തോല്‍വിയുടെ കൈപ്പു അവിടെ അറിഞ്ഞു... അത് പിന്നീട് അത്ര കാര്യമാക്കിയില്ല... എങ്കിലും പഠിച്ചു... കലാപരിപാടികള്‍ എല്ലാം തന്നെ ഉഷാര്‍ ആയി...  ലഹരിയുടെ ആദ്യ പാഠങ്ങള്‍ മനസ്സിലാക്കി... ജലം ആണ് ലഹരിയുടെ അടിത്തറ എന്ന് തിരിച്ചറിഞ്ഞു... അത് പിന്നെ ഒരു സന്തത സഹാജാരിയായി... ആദ്യമായി ഇലക്ഷന്‍നു നിന്നു തോറ്റു. അങ്ങനെ എ ബി വി പി യുടെ അനുഭാവി ആയി... അടുത്ത വറ്ഷം സ്വന്തം ക്ലാസ്സിലെ കൂട്ടുകാരിയെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി എസ് എഫ് ഐ യുടെ കൂടെ  ഇറങ്ങി... ഞാന്‍ മുരിക്കുമ്പുഴ കരുണാകരന്‍ എന്ന ഒരു വേഷം ഏറ്റെടുത്തു.. എല്ലാ ക്ലാസ്സിലും മിമിക്രി കാട്ടി നടന്നു... അവള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു... അങ്ങനെ ഞാന്‍ കോളേജില്‍ ഒരു ഇടതു പക്ഷ അനുഭാവി ആയി... അടുത്ത വറ്ഷം ക്ലാസ്സിലെ കൂട്ടുകാരന് വേണ്ടി കെ എസ് യു വിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ചാടി ഇറങ്ങി..   ഇത് എന്‍റെ പൊളിറ്റിക്കല്‍ ഇമേജ് നശിപ്പിച്ചു.. എല്ലാര്ക്കും ഞാന്‍ ഏതു പാര്‍ട്ടി ക്കാരന്‍ ആണെന്ന് സംശയം... ഏതായാലും ഇത്രയൊക്കെ ആയപ്പോള്‍ എന്‍റെ പഴയ സഹ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുത്തിനു പിടിച്ചു പറഞ്ഞു അടങ്ങി ഇരുന്നോളാന്‍... അനുസരിച്ചു.... അവരെ പിണക്കി നിര്‍ത്തി നേടാന്‍ ഒള്ള കായിക ബലം എന്‍റെ ശരീരത്തിന് ഇല്ലായിരുന്നു... 
പ്രണയം.... എന്തുകൊണ്ടോ.... കാണുന്ന എല്ലാ നല്ല പെണ്‍ പിള്ളാരും എന്നെ സ്നേഹിക്കുന്നതയിട്ടു എനിക്ക് തോന്നും... ജീവിതത്തിന്റെ എല്ലാ കാലഖട്ടത്തും ഇതുപോലെ  ഓരോ പേരുകള്‍ എന്‍റെ പ്രാണ സഖികള്‍ ആയി ഞാന്‍ സങ്കല്പ്പിച്ചിട്ടുണ്ട്... അങ്ങെനെ കോളേജില്‍ വച്ചു ഫൈനല്‍ ഇയര്‍ ടൂര്‍ നു ഒടുവില്‍ എന്‍റെ പ്രണയം മൊട്ടിട്ടു.... അതിന്‍റെ എടുകളിലേക്ക് ഞാന്‍ കടക്കുന്നില്ല... മനപൂര്‍വം ആണ്... ഇത് വായിച്ചു ആരും ഒരിക്കലും സങ്കടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... 
ജോലിതേടിയുള്ള യാത്ര അവസാനിച്ചത്‌ ഡല്‍ഹിയില്‍... അവിടെ കുറച്ചു നാളത്തെ വാസത്തിനു ശേഷം നേരെ ദുബായ്... എന്‍റെ ഒരു ചേട്ടന്‍റെ മഹാമനസ്കത കൊണ്ട് അങ്ങനെ ഒരു വാതില്‍ തുറന്നു കിട്ടി... ജീവിത യാത്രയില്‍ കൂടെ കൂട്ടാന്‍ ഒരു പഴയ പട്ടാളക്കാരന്റെ മകളെ കൈപിടിച്ച് കൂടെ തന്നു...കവിത ...എന്‍റെ ജീവിത സഖി ആയി... അവള്‍ എന്‍റെ എല്ലാം ആയി... അങ്ങനെ ജീവിതം ഒരു താളക്രമത്തില്‍ വന്നു.. അവള്‍ എന്‍റെ  കുഞ്ഞിനെ പ്രസവിച്ചു... 
ങേ .... എന്‍റെ ബാല്യ  ജീവിതം ഞാന്‍ കണ്മുന്നില്‍ കാണുന്നു... അവന്‍ എന്‍റെ അടവുകള്‍ പ്രയോഗിക്കുന്നു... വിശക്കുമ്പോള്‍ കരയുന്നു ... അവള്‍ പാല്‍ കൊടുക്കുന്നു... അവന്‍ ഈ കമഴ്ന്നു വീഴുന്നു... പിച്ച വക്കാന്‍ ശ്രമിക്കുന്നു... ഞാന്‍ വര്‍ത്തമാനം പറഞ്ഞു അമ്മയെ സന്തോഷിപ്പിക്കാരുല്ലതുപോലെ അവന്‍ അവളെ സന്തോഷിപ്പിക്കുന്നു... ഈശ്വരന്‍ എല്ലാം ഒന്ന് റീവൈ ന്‍ട് അടിച്ചു കാണിക്കുന്നു... എന്‍റെ ചെറുപ്പത്തില്‍ അച്ഛനും അമ്മയും എത്ര മാത്രം കഷ്ടപ്പെട്ടാണ് എന്നെ ഞാന്‍ ആക്കിയത് എന്ന്, എന്നെ കാണിക്കുന്നു... തികച്ചും ബോധത്തോടെയുള്ള ഒരു ആത്മവിചിന്തനം....

4 comments:

  1. നന്നായിട്ടുണ്ട്..... എന്ത് പറ്റി, പൊടുന്നനെ കക്ഷി സീരിയസ് ആയല്ലോ???

    ReplyDelete
  2. സ്വന്തം മക്കള്‍ സര്‍വ വിക്ക്രസ്സും കാണിക്കുമ്പോള്‍ ആണ് നാം നമ്മുടെ അഛനെയും അമ്മയെയും എത്ര ഏറെ ബുദ്ധി മുട്ടിച്ചിരുന്നു എന്ന് മനസ്സിലാവുക. പിന്നെ ഇതൊക്കെ മധുരമുള്ള ഓര്‍മ്മകള്‍ ആകും എന്നത് കൊണ്ടാകാം നമ്മള്‍ എല്ലാം ഇതെല്ലാം ആഗ്രഹിക്കുന്നു. സ്വന്തം ചെറുപ്പ കാലത്തേക്ക് കൈ പിടിച്ചു കൊണ്ടു പോയതിനു എങ്ങനെയാ നന്ദി പറയുകാ ..

    ReplyDelete