Search This Blog

Saturday, August 28, 2010

തങ്കമ്മേടെ പുല്ലുംകെട്ട് ....

ഓണം എല്ലാ മലയാളികള്‍ക്കും എന്നപോലെ മീനടംകാര്‍ക്കും ഒരു ആഖോഷമാണ്. മാവേലിയെ വരവേല്‍ക്കാന്‍ മീനടംകാര്‍ പറന്നു നില്‍ക്കും... ഇങ്ങനെ പറന്നു നില്ക്കാന്‍ അവര്‍ക്ക് ശകലം വീര്യം ഉള്ളില്‍ ചെല്ലണം.. അതുകൊണ്ട് ഓണനാളില്‍ മീനടം അല്പം ഫിറ്റ്‌ ആണ്... പൊന്മണിയുടെ കടയിലേക്കും മറ്റും ചരക്കെടുക്കാന്‍ പോകുന്ന ഒരു കാളവണ്ടി ഉണ്ട്....മീനടംകാരുടെ താല്‍ക്കാലിക കോട്ടയം ആവശ്യങ്ങള്‍ പുള്ളി ആണ് നിറവേറ്റുക.  കൊമ്പന്‍ മീശയും പിരിച്ചു അതിന്‍റെ സാരഥി ആയി ഇരിക്കുന്ന ജോസേട്ടനെ (പേര് യാതാര്‍ത്ഥ്യം ആകണമെന്നില്ല..) കണ്ടാല്‍ ആരും ഒന്ന് നോക്കും. ജോസെട്ടനോ ഈ ഭൂലകത്തു വേറെ ഒരു വണ്ടിയും എന്‍റെ വണ്ടിയോട് മുട്ടാന്‍ ഇല്ല എന്നുള്ള ഭാവം.. ഞങ്ങള്‍ പിള്ളേര്‍ക്കെല്ലാം ഈ വണ്ടി ഒരു കൌതുകം ആണ്... ജോസേട്ടന് പിള്ളാരും വല്യ കാര്യമാണ്... കാളവണ്ടിയുടെ എല്ലാ സാങ്കേതിക വശങ്ങളും ജോസേട്ടന്‍ പിള്ളാര്‍ക്ക് വിവരിച്ചു കൊടുക്കും.  ഈ ജോസേട്ടനും, കട്ടയിലെ പുന്നൂസേട്ടനും എല്ലാം സ്ഥിരം BAR മേറ്റ്സ് ആയിരുന്നു.. ഇദ്ദേഹത്തിന്റെ കോട്ടയത്ത്‌ നിന്നുള്ള തിരിച്ചു വരവ് കുറച്ചൊക്കെ പുന്നൂസേട്ടന്റെ വീട്ടില്‍ പോക്കുമായി സാമ്യമുണ്ട്‌...
ഈ ജോസേട്ടനെ കുറിച്ച് പറയുമ്പോള്‍, അദ്ധേഹത്തിന്റെ മകളുടെ കാര്യം പറയാതിരിക്കാന്‍ വയ്യ... ആരെയും വ്യക്തിപരമായി ദ്രോഹിക്കാന്‍ അല്ലെങ്കില്‍ കൂടിയും, ചില യാഥാര്‍ത്യങ്ങള്‍ കഥാകൃത്തിനു മറച്ചു പിടിക്കാന്‍ കഴിയില്ല.... ഇദ്ദേഹത്തിന്‍റെ മകള്‍ കോളേജ് ഇല്‍ പ്രീ ഡിഗ്രീ ക്ക് ചേര്‍ന്ന സമയം... അച്ഛന്‍ കാളവണ്ടിക്കാരന്‍ ആണെന്നുള്ള ഒരു നാണക്കേട്‌ പരിഷ്കാരിയായ മകള്‍ക്കുണ്ടായിരുന്നു. പുള്ളിക്കാരി ഈ യാഥാര്‍ത്ഥ്യം ഉള്ളില്‍ കടിച്ചു പിടിച്ചു കോളേജ്ഇല്‍ പോകുന്ന കാലം.. ഒരു അവധിക്കാലം .... പുള്ളിക്കാരിയുടെ കോളേജ്ഇലെ  സുഹൃത്തുക്കള്‍ക്ക് പുള്ളിക്കാരിയുടെ വീടും നാടും കാണാന്‍ ഒരു മോഹം. അവളോട്‌ പറയാതെ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍ ഇവരില്‍ വിരുതന്മാരായ ചിലര്‍ മീനടം വരെ എത്തി... അതിനു ശേഷം വഴി ചോദിക്കാതെ മുന്‍പോട്ടു പോകാന്‍ പറ്റില്ലാതെ വന്നപ്പോള്‍ ഇവര്‍ പൊന്മണിയുടെ കടയില്‍ കയറി ഒരു സോഡാ പൊട്ടിച്ചു കൊണ്ട് ചോദിച്ചു... 
ഇവിടെ ഈ ബാങ്ക് മാനേജര്‍ ജോസിന്‍റെ വീട് ഏതാണ്? 
കടയില്‍ ഉണ്ടായിരുന്ന സര്‍വ്വ ആള്‍ക്കാരുടെ നോട്ടവും ഈ പയ്യന്മാരില്‍ ഉറച്ചു.... അങ്ങനെ ഒരു ബാങ്ക് മാനേജര്‍ എന്നല്ല.... അന്ന് മീനടം പ്രദേശത്ത് ഒരു ബാങ്ക് മാനേജര്‍മാരും താമസം ഇല്ലാരുന്നു... വഴി തെറ്റി വന്ന പയ്യന്മാരെ ഒന്ന് സഹായിച്ചേക്കാം എന്ന് കരുതി വിത്ത്‌പുരക്കല്‍ വീട്ടിലെ രഖു ചോദിച്ചു... മീനടം എന്ന് തന്നെ ആണോ പുള്ളി അഡ്രസ്‌ തന്നത്... പയ്യന്മാര്‍ക്ക് നൂറു ശതമാനം ഉറപ്പു... ഒന്ന് കൂടി വ്യക്തമാക്കാന്‍ അവര്‍ പറഞ്ഞു.. പുള്ളിയുടെ ഒരു മകള്‍ പാമ്പാടി KG കോളേജ് ഇല്‍ പഠിക്കുന്നു.... ഇത് കേട്ടപ്പോള്‍ ഉറുമ്പയിലെ രാജു പറഞ്ഞു... ഇവിടെ അങ്ങനെ ഒരു ബാങ്ക് മാനേജര്‍ ഇല്ല... പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ ഒരു ജോസേട്ടന്‍ ഉണ്ട്.. പുള്ളിയുടെ മകളും KG കോളേജ് ഇല്‍ ആണ് പഠിക്കുന്നത്... പക്ഷെ....
ഒന്ന് നിര്‍ത്തി രാജു തുടര്‍ന്നു.... പുള്ളി ബാങ്ക് മാനേജര്‍ അല്ല.... ഒരു കാളവണ്ടിക്കാരന്‍ ആണ് ഞാന്‍ പറയുന്ന ജോസേട്ടന്‍.... 
ഏതായാലും ഇവര്‍ അങ്ങോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കി, ഏതായാലും വന്നതല്ലേ അതാണോ വീടെന്നു നോക്കികളയാം എന്ന് കരുതി അവര്‍ കളം വിട്ടു.. അപ്പോള്‍ അവിടെ ഇരുന്ന വെട്ടത്തെ കൊച്ചുമോന് ഒരു സംശയം... ഇനി ഇപ്പം ലത് ശരിയായിരിക്കുമോ... ബാങ്ക് മാനേജര്‍ തന്നെ ആണോ നമ്മുടെ കാളവണ്ടിക്കാരന്‍ ജോസേട്ടന്‍ ????  കൊച്ചുമോന്‍റെ  സംശയം കടയില്ലുള്ള ഗ്രൂപ്പ്‌ ഏറ്റുപിടിച്ചു... നിജ സ്ഥിതി ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... കൊച്ചുമോനും രാജുവും അങ്ങോട്ട്‌ വച്ചു പിടിച്ചു.... അവര്‍ വീട്ടില്‍ കയറിയില്ല.. അതിനു മുന്‍പേ കൂട്ടുകാരുടെ സര്‍പ്രൈസ് വിസിറ്റ് മുഴുവനായി ഉള്‍ക്കൊള്ളാന്‍ പറ്റാതെ ബാങ്ക് മാനേജര്‍ ജോസേട്ടന്റെ മോള്‍ ഉമ്മറത്ത്‌ കൂട്ടുകാരെ സ്വീകരിക്കുന്നു.... രാജുവും മോനിച്ചനും കാര്യം മനസ്സിലായി.....
അങ്ങനെ കാളവണ്ടിക്കാരന്‍ ജോസേട്ടന് സ്വന്തം മകള്‍ കാരണം മീനടത്തു മറ്റൊരു പേര് കിട്ടി... ബാങ്ക് മാനേജര്‍.  
നല്ല മഴ ഉള്ള ഒരു ഓണക്കാലത്ത് , തോടും അരുവികളും എല്ലാം നിറഞ്ഞു ഒഴുകുന്നു... പൊതുവേ എല്ലാരും സ്വന്തം വീടുകളില്‍ കട്ടന്‍ കാപ്പിയും കുടിച്ചു മൂടി പുതച്ചു ഇരിക്കുന്നു...  അന്ന് നമ്മുടെ ജോസേട്ടന്‍ രാവിലെ തന്നെ അല്പം മിനുങ്ങി നില്‍ക്കുന്നു.... തങ്കമ്മ പുല്ലു ചെത്താന്‍ കണ്ടത്തില്‍ (പാടം അല്ലെങ്കില്‍ വയല്‍ ) പോയിരിക്കുന്നു ....  പെട്ടന്ന് ജോസേട്ടന്‍ നോക്കി നില്‍ക്കുമ്പോള്‍ വെള്ളം ഇരച്ചു കയറുന്നു.... റോഡും തോടും എല്ലാം വെള്ളം... മലവെള്ളം വരവാണെന്ന് തോന്നുന്നു...... പെട്ടന്നാണ് ജോസേട്ടന്‍ പുല്ലു ചെത്താന്‍ പോയ തങ്കമ്മയെ കുറിച്ച് ഓര്‍ത്തത്‌..... അയ്യോ അവള്‍ ഒറ്റക്കാണല്ലോ പോയത്... ജോസേട്ടന്‍ നേരെ അരപ്ലൈസ് (തിണ്ണയില്‍ അല്പം ഉയര്തികെട്ടിയ തറ, പണ്ടത്തെ വീടുകളുടെ ഒരു പ്രത്യേകത ആയിരുന്നു..) ഇല്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.... 
എടീ തങ്കമ്മേ നീ ആ പുല്ലും കെട്ടു അവിടെ വെച്ചേരെ, ഞാന്‍ അങ്ങ് ഊളിയിട്ടു എത്താം... 
ഈ വാക്കുകള്‍ റോഡില്‍ കൂടി പോവുക ആയിരുന്ന ചമത്തറയിലെ മോഹന്‍ ചേട്ടന്‍ കേട്ടു... അതിന്‍റെ കൂടെ പൊത്തോ എന്നൊരു ഒച്ചയും കൂടെ എന്‍റെ അമ്മേ എന്നൊരു അലര്‍ച്ചയും കേട്ടു....  ആകെ പരിഭ്രാന്തനായി മോഹന്ചെട്ടന്‍ ഓടിക്കയറി ജോസേട്ടന്റെ വീട്ടില്‍ ചെന്നു... നോക്കിയപ്പോള്‍ മിറ്റത്തുകിടന്നു ജോസേട്ടന്‍ നിലവിളിക്കുന്നു.... ഏതായാലും പൊക്കി എടുത്തു എല്ലാരും കൂടി ആശുപത്രിയില്‍ എത്തിച്ചു... കഴുത്ത് ഉളുക്കി ...രണ്ടാഴ്ച ഡോക്ടര്‍ പ്ലാസ്റ്റെര്‍ ഇട്ടു കിടത്തി...സംസാരിക്കാര്‍  ആയപ്പോള്‍ പുള്ളി തന്നെ പറഞ്ഞു... എന്‍റെ പോന്നു മോഹനാ രാവിലെ അടിച്ചതിന്റെ കിക്ക് കാരണം ഞാന്‍ വിചാരിച്ചു വെള്ളം മുഴുവന്‍ അങ്ങ് പോങ്ങിയെന്നു... ഭാര്യയെ ഒന്ന്  സഹായിക്കാന്‍ നേരെ ചാടി ഊളിയിട്ടു നീന്തിയതാ.... നീ ഇത് ആരോടും പറയേണ്ടാ... പക്ഷെ പുള്ളി ആശുപത്രിയില്‍ നിന്നും വരുന്നതിനു മുന്‍പ് തന്നെ മീനടം ഗ്രാമം ഈ കഥ പഴങ്കഥ ആക്കി.....

Thursday, August 26, 2010

തൈരിന്‍റെ ലഹരി

മീനടംകാര്‍ പൊതുവേ എന്തും പരീക്ഷിച്ചു നോക്കി വിശ്വസിക്കുന്നവരാണ്. എന്തിനു സംഗീതം ആണെങ്കില്‍ പോലും ... എന്‍റെ കാര്യം തന്നെ ഉദാഹരണം. ഇതുവരെ താളം ഒപ്പിച്ചോ അല്ലെങ്കില്‍ ശ്രുതി തെറ്റാതെയോ പാടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രീയ സംഗീതം കേട്ടാല്‍ രണ്ടു വരി ഞാനും മൂളും.. അങ്ങനെ അടിയുറച്ച ഒരു സംഗീത വിദ്വാനാണ് താന്‍ എന്ന് നാല് പേരെ മനസ്സിലാക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. സംഗീതം അല്ല നമ്മുടെ ഇവിടുത്തെ കാര്യം.. ഒരു കാലത്ത് മീനടം റോഡില്‍ കൂടി രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞു വീട്ടില്‍ പോകുന്ന വഴിക്ക് അടിച്ചു ഫിറ്റ്‌ ആയിട്ട് ഒറ്റയ്ക്ക് ഉറക്കെ രാഷ്ട്രീയം പറഞ്ഞു നടക്കുന്ന കട്ടയിലെ പുന്നൂസ് ചേട്ടനാണ് (ഈ പേര് യാഥാര്‍ത്ഥ്യം ആകണമെന്നില്ല) നമ്മുടെ കഥാപാത്രം... ആണുങ്ങളുടെ പൌരുഷം പൊക്കത്തില്‍ അല്ല മീശയില്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു ധൈര്യശാലി. എല്ലാം കൂടി ഒരു മൂന്നു നാല് അടി പൊക്കം ഉണ്ട് പുള്ളിക്കാരന്.. കുടിയുടെ ആത്മാര്‍ഥത കാരണം കവിളും കണ്ണുകളും ഒക്കെ ആ കറുത്ത മുഖത്ത് ഏതോ ഗുഹയില്‍ എന്നപോലെ ഒളിച്ചിരിക്കും... പിന്നെ ഇദ്ദേഹം നല്ല സില്‍ക്ക് ജുബ്ബയെ ധരിക്കൂ.. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റു വന്നാലും പുള്ളി ഇട്ടിരിക്കുന്നത് നല്ല തിളങ്ങുന്ന സില്‍ക്ക് ജുബ്ബ ആയിരിക്കും...പുള്ളിക്കാരനും നമ്മുടെ പൊന്മണിയുടെ കടയിലെ സ്ഥിരം വെടിവട്ടം ഗാങ്ങില്‍ മെമ്പര്‍ ആണ്.

അന്ന് ചാരായം നാട്ടില്‍ ഒക്കെ ഒരു ഹിറ്റ്‌ ആണ്.. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഫിറ്റ്‌. പുന്നൂസേട്ടന് ഈ സാധനം ചെല്ലാതെ ഒരു ദിവസം തുടങ്ങാനും അവസാനിപ്പിക്കാനും പറ്റില്ല. അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ എക്സൈസ് മന്ത്രി ഒരു പാതകം ചെയ്തത്... ചരായത്തിനും ഡ്യൂട്ടി ..... തീര്‍ന്നില്ലേ... പാവപ്പെട്ടവന്‍റെ ലഹരി എന്നുള്ള ലേബല്‍ ചാരായത്തിനു കൈവിട്ടു പോയി.... പുന്നൂസേട്ടന്‍റെ ജീവിതത്തിലെ ഒരു കരിദിനം ആയിരുന്നു അന്ന്..

ഈ സംഭവം പൊന്മണിയുടെ കടയിലെ ഒരു സജീവ ചര്‍ച്ചാ വിഷയമായി... കാരണം ആ കൂട്ടത്തില്‍ ബഹു ഭൂരിപക്ഷവും ചരയത്തെ സ്നേഹിക്കുന്നവര്‍ ആയിരുന്നു.. ഏതോ ഒരു ചര്‍ച്ചാ വേളയില്‍ പുന്നൂസേട്ടന്‍ തന്‍റെ മനോവിഷമം മറ്റുള്ളവരോട് പങ്കു വച്ചു... ഇനി എങ്ങനെ കീശ കാലിയാകതെ ലഹരി കിട്ടും...

എന്‍റെ പുന്നൂസേട്ടാ... (ഉറുമ്പയിലെ രാജുവാണ് വിളിച്ചത്) ഇതിനൊക്കെ നമ്മുടെ നാടന്‍ മറുമരുന്നില്ലേ..... പുന്നൂസേട്ടന്‍റെ മുഖത്ത് പ്രതീക്ഷയുടെ ഒരു ഒളി മിന്നി... എന്‍റെ രാജു, നീ പണ്ടേ മിടുക്കനാ.. കാര്യം പറയടാ....
പുന്നൂസേട്ടാ... (രാജു ഒന്ന് നിര്‍ത്തി അല്പം നിവര്‍ന്നിരുന്നു, പിന്നെ ഒരു കെമിസ്ട്രി അധ്യാപകന്‍റെ സ്റ്റൈലില്‍ തുടര്‍ന്നു...). ഈ ചാരായം ഉണ്ടാക്കുന്നത്‌ ഒരു തരം രാസ പ്രക്രിയ കൊണ്ടാണ്... ഇത് മറ്റൊരു വിധത്തില്‍ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതെ ഒള്ളു... ഒരു ലിറ്റര്‍  തൈര് എടുക്കുക, അതില്‍ അല്പം മണ്ണെണ്ണ.. അളവ് വളരെ കറക്റ്റ് ആകണം.. നാലോ അഞ്ചോ തുള്ളി... ഒഴിച്ച് അല്പം പഞ്ചസാരയും ഇട്ടു ഒരു രണ്ടാഴ്ച അടച്ചു ഒരു ഭരണിയില്‍ വച്ചോളൂ... രണ്ടാഴ്ച കഴിഞ്ഞാല്‍ നല്ല സ്വയമ്പന്‍ (ഉശിരന്‍ എന്നര്‍ത്ഥം) സാധനം വീട്ടില്‍ റെഡി..
 
ഏതായാലും രണ്ടാഴ്ച കഴിഞ്ഞു പുന്നൂസേട്ടനെ മെഡിക്കല്‍ കോളേജില്‍ അട്മിറ്റാക്കി... ഈ വാര്‍ത്ത അറിഞ്ഞു നമ്മുടെ പൊന്മണി കടയിലെ താളംവിടീല്‍ കൂട്ടം നേരെ മെടിക്കല്‍ കോളേജില്‍ക്ക് പാഞ്ഞു.... അപ്പോളേക്കും പുന്നൂസേട്ടനെ ICU വില്‍ നിന്നും ഇറക്കിയിരുന്നു.... രാജുവിനെ കണ്ടതും പുന്നൂസേട്ടന്റെ സകല കണ്ട്രോളും പോയി....


എടാ മഹാ പാപീ.... എന്നാലും നീ എന്നോടിത് ചെയ്തല്ലോ..... ഒരു നിമിഷം ആര്‍ക്കും ഒന്നും മനസ്സിലായില്ലാ...

അവന്‍റെ അമ്മേടെ ഒരു തൈരിന്‍റെ ലഹരി...........
ആശുപത്രി ആണെന്നൊന്നും ആരും വിചാരിച്ചില്ലാ... ആ ബ്ലോക്ക്‌ മുഴുവന്‍ കുലുങ്ങുന്ന ഒച്ചയില്‍ ചിരി ഉയര്‍ന്നു......

Wednesday, August 25, 2010

നാരദര്‍



നാരദര്‍ എന്ന് പറയുമ്പോഴേ എല്ലാ തലയിലും ഏഷണി എന്ന ഒറ്റ കാര്യമേ തര്‍ജിമ ആയി വരൂ. എന്റെ നാട്ടിലും ഒരു നാരദന്‍ ഉണ്ടായിരുന്നു. ഈ പേര് ഞങ്ങള്‍ ചില ആള്‍ക്കാരുടെ ഇടയില്‍ മാത്രമേ പ്രചാരത്തില്‍ ഒള്ളു. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഇട്ട പേരാണ് അത്. ഏതായാലും പഞ്ചാബിലെ സിഖ് കാരുടെ താടി കഴിഞ്ഞാല്‍ പുള്ളിയുടെ താടി മാത്രമേ ഇത്ര ഭംഗി ആയി ചീകി ഒരുക്കി വച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടോള്ളൂ. ഇദ്ദേഹത്തിന്‍റെ ശബ്ദം സ്ത്രീശബ്ദവുമായി ഒരു ചെറിയ ഇണക്കം ഒണ്ട്‌. ഏതായാലും ഇദ്ദേഹം ആധുനിക യുഗത്തിലെ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. 
പുള്ളിയുടെ അച്ഛന് ഒരു പലചരക്ക് കടയുണ്ട്, പൊന്മണിയുടെ കട ക്ഷയിച്ചപ്പോള്‍ പൊങ്ങി വന്ന മറ്റൊരു ബിസിനസ്‌ സ്രാവ്. നാരദര്‍ ഇടയ്ക്കു അച്ഛനെ സഹായിക്കാന്‍ കടയില്‍ നില്‍ക്കാറുണ്ട്.. ആവിശ്യത്തിന് രാഷ്ട്രീയവും മത സഹിഷ്ണുതയും  ഒക്കെ പറഞ്ഞു നാട്ടുകാരെ കയ്യില്‍ എടുക്കാന്‍ വേണ്ട അടവുകള്‍ അറിയാവുന്ന ഒരു തന്ത്ര ശാലി .... M A ധവാന്‍ .. നമുക്ക് ഇദ്ദേഹത്തെ മഹാദേവന്‍ എന്ന് വിളിക്കാം തല്ക്കാലം... ഈ കടയിലെ ഒരു നിത്യ പ്രതിഷ്ഠ ആയിരുന്നു കാള്‍ മാക്സ് (കൃഷ്ണന്‍കുട്ടി ചേട്ടന്‍.. നീണ്ട താടിയും മീശയും മുടിയും ആവശ്യത്തിനു കമ്മ്യൂണിസവും ഉള്ളതുകൊണ്ട് വീണ പേരാണ് ).... ആഗോളവല്‍ക്കരണവും ആത്മഹത്യയും ആണ് അവിടുത്തെ ചൂടന്‍ വിഷയങ്ങള്‍....



പല ജോലികള്‍ മാറി മാറി ചെയ്തു എല്ലാ ജോലിയും ബൂര്‍ഷ്വാസികള്‍ക്കു ആണ് നല്ലതെന്ന് വിശ്വസിക്കുന്ന ആള്‍ ആണ് നാരദര്‍.... പുള്ളി തനിക്കവശ്യമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരു ചെറിയ ഉദാഹരണം വഴി പറയാം...

നാരദര്‍ എന്റെ  അനിയനോട് : ഇപ്പം ഗള്‍ഫില്‍ ഒക്കെ പ്രശ്നങ്ങള്‍ ആണെന്ന് കേട്ടു... കമ്പ്യൂട്ടര്‍ കാര്‍ക്ക് ആണ് കൂടുതല്‍ പ്രശ്നങ്ങള്‍ എന്ന് കേട്ടല്ലോ...
അനിയന്‍ : ഹം..... ശരിയാ ... ആഗോള തലത്തില്‍ പ്രശ്നങ്ങള്‍ ഒണ്ട്‌... 
നാരദര്‍ : അപ്പോള്‍ ചേട്ടന്‍റെ ജോലിക്ക്  കുഴപ്പം വല്ലോം ...... (മുഴുവന്‍ ചോദിക്കില്ല അതാണ്‌ സ്റ്റൈല്‍)
അനിയന്‍:  ഹം.... ഇല്ലാതില്ലാ...  (അനിയന്‍ കടയില്‍ നിന്നും സാധങ്ങള്‍ വാങ്ങി പോയി..)
അതിനു ശേഷം നാരദര്‍ കടയില്‍ ഇരുന്നവരോടായി : പ്രശ്നങ്ങള്‍ ഉണ്ടെന്നേ... എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫ്‌ ഇല്‍ ഇവന്റെ ചേട്ടന്‍റെ കമ്പനി ക്ക്  അടുത്ത് ജോലി ചെയ്യുന്നുണ്ടന്നെ... അവന്‍ എന്നോട് പറഞ്ഞാരുന്നു... അവിടെ  ആകെ പ്രശ്നങ്ങള്‍ ആണെന്ന്... എല്ലാവരെയും ജോലിയില്‍ നിന്നും പിരിച്ചു വിടുന്നു... (ഈ ഭാഗം പുള്ളി വെറുതെ കയ്യില്‍ നിന്നും എടുത്തു കാച്ചിയതാണ്...)
കടയില്‍ ഇരുന്നവര്‍ ഈ വിഷയം മറ്റുള്ളവരോട് പറയുമ്പോള്‍ സൌകര്യത്തിനായി നാരദന്‍ പറഞ്ഞ ഭാഗം വിടും.... അപ്പോള്‍ കഥ ഇങ്ങനെ ആയി.... 
"നമ്മുടെ ളാകത്തെ മൂത്ത പയ്യന്‍റെ ഗള്‍ഫിലെ ജോലി പോകാറായി... അവന്റെ അനിയന്‍ ആണ് പറഞ്ഞത്....."
എങ്ങനെ ഉണ്ട്... കഥയുടെ വഴിത്തിരിവ്...
ടിയാനെ ഞാന്‍ കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ കാണാന്‍ ഇടയായി... പുള്ളി എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു (വേറെ ആരും ആ പരിസരത്ത് ഇല്ല... എങ്കിലും സ്വകാര്യമായാണ് പറഞ്ഞത്..) ..
മാഷെ എങ്ങനെ എങ്കിലും അവിടെ (ഗള്‍ഫില്‍) നമുക്ക് കൂടി ഒരു ചാന്‍സ് നോക്കണം.. ഇവിടെ നിന്നിട്ട് ഒരു രക്ഷയുമില്ല... 

ആ നിമിഷം എന്‍റെ ചെവിയില്‍ ആംബുലന്‍സിന്റെ നിലവിളി ശബ്ദം മുഴങ്ങി....





Tuesday, August 24, 2010

പുലിച്ചുവട്

ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു മനുഷ്യന്‍ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു......മെലിഞ്ഞു പൊക്കമുള്ള ശരീരം. രണ്ടു കാലിലും വെവ്വേറെ റബ്ബര്‍ ചെരുപ്പുകള്‍ പുള്ളി ഇടും.(പുള്ളി -- ഞങ്ങള്‍ കൊട്ടയംകാരുടെ ഒരു സ്റ്റാന്‍ഡേര്‍ഡ് പ്രയോഗം ആണ് പുള്ളി. അദ്ദേഹം എന്നുള്ളതിന്റെ മറ്റൊരു പ്രയോഗം. പുല്ലിംഗം ആണ് പുള്ളി, പുള്ളിക്കാരി ആണ് സ്ത്രീലിംഗം.)... ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാല്‍ ആ ചെരുപ്പ് ഇട്ടിരിക്കുന്നത് തന്നെ രസകരമാണ്... രണ്ടു വിരലുകള്‍ കഴിഞ്ഞാണ് റബ്ബര്‍ ചെരുപ്പിന്റെ ഇട വള്ളി കയറ്റുന്നത് ( മാത്തമാറ്റിക്കല്‍ റേഷ്യോ - ടു ബൈ ത്രീ )......  അയാളുടെ കാലില്‍ ഞരമ്പുകള്‍ മുറുകി ചുരുങ്ങി ചുരുങ്ങി ഇരിക്കുന്നത് വെളിയില്‍ കാണാം...അത് ശ്രദ്ധിക്കാന്‍ കാരണം അന്ന് ഞങ്ങള്‍ക്കൊക്കെ ആ പോക്കമേ ഉള്ളായിരുന്നു. മറ്റൊരു പ്രത്യേകത - സാധാരണ നായന്മാരെ പോലെ പുള്ളിയുടെ  ചെവിയിലും ധാരാളം രോമങ്ങള്‍ പുഷ്ടിപെട്ടു നില്‍ക്കുമായിരുന്നു... (എന്റെ ചെവിയിലും രോമത്തിന്റെ ആധിക്യം ഏറി തുടങ്ങി ..... പ്രായത്തിന്റെ സൂചനകള്‍...) 
പുള്ളിയെ ഞങ്ങള്‍ നാട്ടുകാര്‍ അറ്റാക്ക്‌ എന്നാണ് വിളിക്കുന്നത്‌.. പിന്നീടെപ്പോഴോ പൊന്മണിയുടെ (ഞങ്ങളുടെ നാട്ടിലെ അന്നത്തെ ഒരു വല്യ പലചരക്ക് കടയുടെ ഉടമ....) കടയില്‍ താളം വിട്ടിരിക്കുന്ന അന്നത്തെ ചേട്ടന്മാര്‍ ആണ് പറഞ്ഞു തന്നത് എന്തുകൊണ്ടാണ് പുള്ളിയെ അറ്റാക്ക്‌ എന്ന് വിളിക്കുന്നത്‌....  കൊച്ചുമണി ആണെന്ന് തോന്നുന്നു.. അതോ ഉറുമ്ബയിലെ രാജുവോ (ഇവരൊക്കെ ഉശിരന്‍ കഥാപാത്രങ്ങള്‍ ആണ്... ഇവരുടെ ഒക്കെ ഓരോ എപ്പിഡോസ് / എപ്പിസോഡ് നമുക്ക് പിന്നീട് കാണാം.) എന്നോട് പറഞ്ഞു പുള്ളിയുടെ പേരിന്റെ ചരിത്രം.... 
പുള്ളി നാക്കെടുതാല്‍ നുണയെ പറയു. ആ നാട്ടിലെ ആബാലവൃധം ജനങ്ങളെയും പുള്ളി വെടി / നുണ പറഞ്ഞു തറ പറ്റിക്കും.... പുള്ളിയുടെ ഈ ആക്രമണ സ്വഭാവം കണക്കിലെടുത്താണ് നാട്ടുകാര്‍ പുള്ളിയെ അറ്റാക്ക്‌ എന്ന് പേരിട്ടത്...

ഒരു സാമ്പിള്‍ വെടി.....
പുള്ളിയുടെ സ്ഥിരം വേദികള്‍ ഒക്കെ ഹൈറേഞ്ച് ആണ്. നാട്ടുകാര്‍ അധികം ഒന്നും ആ കുമളി ഭാഗം കറങ്ങാത്തവര്‍ ആയിരുന്നു...പുള്ളിക്ക് കുട്ടിക്കാനം സൈഡില്‍ എവിടെയോ കുറച്ചു എസ്റ്റേറ്റ്‌ ഉണ്ടായിരുന്നു എന്നാണ് പറച്ചില്‍... ഒരിക്കല്‍ ടിയാന്‍ പതിവുപോലെ അതിരാവിലെ കൃഷിക്ക് വെള്ളം നനക്കാനും മറ്റുമായി പണിസ്ഥലത്തേക്ക് പോയി... വെളുപ്പിന് ഒരു നാല് മണി ആയിക്കാണും.... പുള്ളിയുടെ വഴിയില്‍ ഒരു കരിമ്പുലി ഇപ്പം ചാടിവീഴും എന്ന് പറഞ്ഞു നില്‍ക്കുന്നു.... എന്താ ചെയ്ക....ഒരു നിമിഷം ആലോചിച്ചു നിന്നു.... തനിക്കു പുലിച്ചുവട് അറിയാമല്ലോ.....(ഇതൊരു പ്രത്യേക തരം അഭ്യാസമാണ്. പുലിയുടെ വാല്‍ ഇടത്തോട്ട് പിടിചിരിക്കുകയാണെങ്കില്‍ പുലി വലത്തോട്ടയരിക്കും ചാടുക... വാല്‍ വലത്തോട്ടാനെന്കില്‍ ചാടുന്നത് ഇടതോട്ടയിരിക്കും.. ഇത് അഭ്യസികള്‍ക്കെ അറിയൂ ). പുള്ളി പതിയെ പുലിച്ചുവട് വക്കാന്‍ തുടങ്ങി.. പുലി ചാടാന്‍ വശം കിട്ടാതെ അക്ഷമനായി വാല്‍ മാറ്റിക്കൊണ്ടിരുന്നു... ഇദ്ദേഹം അതിനു അനുസരിച്ച് പുലിച്ചുവട് വച്ചു. ഒടുവില്‍ പുലി ക്ഷീണിച്ചു ... തളര്‍ന്നു.. പുലിക്കു മനസ്സിലായി താന്‍ ഏറ്റുമുട്ടാന്‍ വന്നവന്‍ നിസ്സാരന്‍ അല്ലെന്നു. ഒടുവില്‍ പുലി തളര്‍ന്നു വീണു... അപ്പോള്‍ ടിയാന്‍ പുലിയുടെ വാലില്‍ പിടിച്ചു കറക്കി ഒരേറു വച്ചുകൊടുത്തു... ശൂം ....... ട്ടോ... 
തീര്‍ന്നില്ലാ.........
ഇനി ഇന്ന് രാവിലെ  വെള്ളം നനക്കാന്‍ വയ്യ എന്ന് വിചാരിച്ചു പുള്ളി  തിരിച്ചു വീട്ടില്‍ പോന്നു... വൈകുന്നേരം വെള്ളം നനക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ..... പുലി നിന്നു ചക്രം ചവിട്ടുന്നു... പുള്ളി അവിടുന്ന് കറക്കി എറിഞ്ഞ പുലി ചെന്ന് വീണത്‌ പാടത്തേക്കു വെള്ളം കയറ്റാന്‍ വച്ചിരുന്ന ചക്രത്തില്‍ .... അത് അവിടുന്ന് കയറിപ്പോരാനുള്ള തത്രപ്പാടില്‍ വെള്ളം മുഴുവനും പാടത്തേക്കു അടിച്ചു കയറ്റിക്കൊണ്ടിരുന്നു....... 

ഇനി എനിക്ക് വെള്ളം നനക്കനാണോ പാട്...... 

Monday, August 23, 2010

എന്റെ പറമ്പിലെ ക്രിക്കറ്റ്‌

 ഞാന്‍ ഒരു പ്രവാസി. നാട്ടില്‍ വേരുറപ്പിക്കാന്‍ സ്ഥലം കിട്ടിയാലും, അതിനു നില്‍ക്കാതെ  മരുഭൂമിയില്‍ ഉറവ തേടുന്ന മലയാളി.  എഴുതി തുടങ്ങാന്‍ ഉള്ള വേദന (ത്വര) തുടങ്ങിയിട്ട് നാളുകളായി. ഒരു പ്രവസിക്കെന്തു കുന്തമാണ് എഴുതാന്‍ ഇനി എഴുത്തുകാര്‍ ബാക്കി വച്ചിരിക്കുന്നത്? എല്ലാം സങ്കല്പങ്ങളിലെ മരീചികകള്‍ ആണ് അവര്‍ക്ക്.. പക്ഷെ എന്റെ ജീവിതം .. ജീവിതത്തിലെ ഏടുകള്‍ ..  ഇവയൊക്കെ മറ്റുള്ളവരുടെ എടുകളുമായി വ്യത്യാസം കാണും...അതിലെ രസകരമായ സംഭവങ്ങള്‍ ഞാന്‍ കുത്തിക്കുരിക്കാം.


ഒരുപാടു വറ്ഷം പിന്നോട്ട് ഒരു യാത്ര..
ഒരു അവധി ദിവസം..
ഞാന്‍ 6 ലോ 7 ലോ പഠിക്കുന്നു അനിയന്‍ എന്നെക്കാളും ഒരു ക്ലാസ്സ്‌ പുറകില്‍.ഞങ്ങളുടെ കൂട്ടുകാരന്‍ ആണ് മോനൂട്ടന്‍. ഒരു കാര്‍ഷിക കുടുംബം. അവന്റെ അച്ഛനെ പണ്ട് ഞങ്ങള്‍ ടാര്‍സെന്‍ എന്നാണ് വിളിച്ചിരുന്നത്‌. (ക്ഷമിക്കണം അദ്ദേഹം ഇപ്പോള്‍ മരിച്ചു പോയിട്ട് മൂന്നാല് കൊല്ലമായി). പുള്ളിയുടെ ബോഡി അന്ന് കണ്ട കാര്‍ട്ടൂണ്‍ സീരിയല്‍ ഇലെ ടാര്‍സെന്‍ കഥാപാത്രത്തോട് വെല്ലുന്നതായിരുന്നു. അദ്വാനതിന്റെ ഫലം.


ഒരു ദിവസം ഞങ്ങളുടെ ക്രിക്കറ്റ്‌ കളി നടക്കുന്ന സമയം - ( സ്ടംപ് - കവളന്‍ മടല്‍ ചെത്തി വെളുപ്പിച്ച് എടുത്ത ഉശിരന്‍ സ്ടംപ്‌, ബോള്‍ - റബര്‍ ബോള്‍ ) ഞാനും അനിയനും ഗോപുവും പട്ടരും കുട്ടനും മോനൂട്ടനും - കുറച്ചു കൂട്ടുകാര്‍ കൂടി ഉണ്ട് , ഓര്‍മയില്ല .. ആവേശം മൂത്ത് അനിയന്‍ ഒരു സിക്സ് അടിച്ചു. ഇത് നേരെ ചെന്ന് വീണത്‌ പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന മോനൂട്ടന്റെ അച്ഛന്റെ അടുത്ത്....... കലി കയറി പുള്ളി ആ ബോള്‍ എടുത്തു ഞങ്ങളോടായി പറഞ്ഞു.....






ഇനി മേലാല്‍ എന്റെ പറമ്പില്‍ ക്രിക്കറ്റ്‌ വീണാല്‍ ഞാന്‍ തരത്തില്ല........




അന്ന് മുഴുവന്‍ രാത്രിയില്‍ എല്ലാവരും ഉറക്കമൊഴിച്ചിരുന്നു ചിന്തിച്ചു..... ഇനി എങ്ങനെ പുള്ളിയുടെ പറമ്പില്‍ ക്രിക്കറ്റ്‌ വീഴാതെ കളിക്കാമെന്ന്....