Search This Blog

Wednesday, December 29, 2010

പുതു വര്‍ഷം.... ( കഥ )

ഉറക്കം ഉണര്‍ന്നത് അല്പം താമസിച്ചാണ്... പോസ്റ്റ്‌ മാന്‍ ന്‍റെ വിളി ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്....ഉണര്ന്നെഴുന്നെല്‍ക്കുംപോള്‍ ദിവസങ്ങളെ കുറിച്ചും  ആഴ്ചകളെ കുറിച്ചും  മാസങ്ങളെ കുറിച്ചും  ഒരു ഏകദേശ ധാരണ വരാന്‍ കലണ്ടറില്‍ അതാതു ദിവസം മാര്‍ക്ക് ചെയ്യുന്ന ഒരു പതിവ് എനിക്കുണ്ട്.. ഇന്ന് ദിവസം ഡിസംബര്‍ 31 . ഓ... നാളെ പുതുവര്‍ഷം ആണല്ലേ ...  എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചുകൊണ്ട്‌ ഞാന്‍ ആ എഴുത്ത് പൊട്ടിച്ചു... 
തല കറങ്ങുവാണോ, അതോ ഭൂമി ഒന്ന് തിരിച്ചു കറങ്ങിയോ?
ഒന്നുകൂടി ഞാന്‍ ആ എഴുത്ത് സൂക്ഷിച്ചു വായിച്ചു... ഇത്തവണത്തെ മികച്ച ചെറുകഥാക്ര്‍ത്തിനുള്ള പുരസ്കാരം എന്നെത്തേടി എത്തിയിരിക്കുന്നു... ഇത്തവണ സമ്മാനത്തുകയും ഇരട്ടി..(നാല്  ലക്ഷം രൂപ - കഥയില്‍ ചോദ്യമില്ലാ .. ഈ അവാര്‍ഡ് നാല് ലക്ഷം തന്നെ). ഇന്നസെന്റ് ലോട്ടെരിയും പിടിച്ചു കിലുക്കം സിനിമയില്‍ കിടന്നപോലെ ഞാന്‍ നേരെ ചാരുകസേരയിലേക്ക് വീണു, ഒരു മാതിരി വികൃത സ്വരം എന്‍റെ കണ്ടത്തില്‍ നിന്നും പുറപ്പെട്ടു....
രാവിലെ കുടിക്കാന്‍ ഇട്ടുവചിരിക്കുന്ന കട്ടന്‍ കാപ്പി അണ്ണാക്കില്‍ കുടുങ്ങിയെന്നു കരുതി അടുക്കളയില്‍ നിന്നരുന്ന ഭാര്യ ചട്ടുകവുമായി ഓടിക്കിതച്ചെത്തി... അവളുടെ ആ നില്പും വെപ്രാളവും ഒക്കെ കണ്ടപ്പോള്‍ ബോധം തിരിച്ചു കിട്ടിയ എനിക്ക് ബോധം വീണ്ടും പോയി.. അവള്‍ ഓടി അടുക്കളയില്‍ പോയി കുറെ വെള്ളം എടുത്തുകൊണ്ടു വന്നു എന്‍റെ മോന്തക്ക് തളിച്ചു..
ഹാവൂ ആശ്വാസമായി.... ഞാന്‍ കണ്ണുതുറന്നു... സന്തോഷം കൊണ്ട് എന്‍റെ കണ്ണ് നിറഞ്ഞു ഒഴുകാന്‍  തുടങ്ങി... ഇതുകണ്ട് ഭാര്യ വീണ്ടും അങ്കലാപ്പിലായി... അപ്പോഴാണ്‌ എന്‍റെ കയ്യില്‍ കിടന്നു വിറയ്ക്കുന്ന ആ എഴുത്ത് പുള്ളിക്കാരി ശ്രദ്ധിച്ചത്... അവള്‍ വേഗം അത് എന്‍റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വായിച്ചു... അപ്പോഴും എന്‍റെ കയ്യില്‍ എഴുത്ത് ഉണ്ടെന്നുള്ള ഭാവത്തില്‍ ആ കൈ  ഒടിഞ്ഞുകുത്തി നില്‍പ്പുണ്ടായിരുന്നു... ഈ എഴുത്ത് വായിചാതും... പധോം.... ധാ ഹള... അവളുടെ ബോധം പോയി... ബാക്കി ഇരുന്ന വെള്ളം എടുത്തു അവളുടെ മോന്തക്ക് ഞാന്‍ തളിച്ചു.. അവളെ പൊക്കി എടുത്തു കസേരയില്‍ ഇരുത്തി...

എന്‍റെ എഴുത്തുകള്‍ ചുമ്മാ നേരമ്പോക്ക് ആണെന്ന് വിചാരിച്ചിരുന്ന അവള്‍ക്കു അതൊരു തിരിച്ചടി ആയിപ്പോയി... 
എന്‍റെ എല്ലാ കഥയ്ക്കും കൊള്ളാം എന്നൊരു പ്രോത്സാഹനം അല്ലാതെ, ഇതിയാന്‍ ഒരു സംഭവം ആണെന്നൊന്നും അവള്‍ക്കിതുവരെ തോന്നിയിട്ടുമില്ല, അങ്ങനെ ഒരു അഭിപ്രായം അവള്‍ പറഞ്ഞിട്ടുമില്ല.... ഏതായാലും പുതുവര്‍ഷം കലക്കി...  ഞാന്‍ ഒന്ന് ഞെളിഞ്ഞു ചാര് കസേരയില്‍ ഇരുന്നു... കാലിന്മേല്‍ കാല്‍ കേറ്റി വച്ചു,... ഇപ്പോഴും ഞെട്ടല്‍ മാറാതെ ഇരിക്കുന്ന ഭാര്യയെ നോക്കി ഗമയില്‍ പറഞ്ഞു,
എടീ കടുപ്പത്തില്‍ ഒരു ചായ ഇങ്ങു എടുത്തേ...
തനിയെ പ്രവര്‍ത്തിക്കാന്‍ ഒരു യന്ത്രത്തിന് സ്വിച്ച് ഇട്ടപോലെ അവള്‍ ആ മന്ദതയില്‍ എഴുന്നേറ്റു അടുക്കളയിലേക്കു പോയി... ഞാന്‍ പതിയെ പ്ലാനിങ്ങിലേക്ക് കടന്നു...
എവിടെ കൊള്ളിക്കാം ഈ നാല് ലക്ഷം രൂപ.... കടം വാങ്ങിച്ച വകുപ്പില്‍ കുറച്ചു തീര്‍ക്കാനുണ്ട്... ജോലി ചെയ്യാന്‍ തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ്‌ ഈ കടം.... എല്ലാക്കാലവും ആരോടെങ്കിലും ഒക്കെ കടം വങ്ങേണ്ട ഗതികേട് ഉണ്ടാവും... ഒരു ഭാരതീയന്‍ എന്നുള്ള നിലക്ക് അതൊരു കുറവായി ഞാന്‍ കണക്കാക്കുന്നില്ല... ഹം... ഒരു ഒന്നര ലക്ഷമെങ്കിലും വേണം കടം തീര്‍ക്കാന്‍... മകന്റെ പഠനത്തിനു കുറച്ചു പണം നീക്കിവെക്കണം.. ഒരു ഫിക്സെഡ് ടെപോസിറ്റ്‌ തുടങ്ങാം.. ഒരു രണ്ടു ലക്ഷമെങ്കിലും വേണം... അയ്യോ തീര്‍ന്നോ...ഇനി ഒരു അമ്പതിനായിരം തൂമ്പാ ഒണ്ട്‌... രണ്ടു കിലോ സവാള മേടിക്കുമ്പോള്‍ അത് തീരും.. പ്ലാനിംഗ് ... മണ്ണാങ്കട്ട... കഴിഞ്ഞ തവണ ഈ അവാര്‍ഡു കിട്ടിയ ഹതഭാഗ്യനെ ഞാന്‍ മനസ്സില്‍ ഓര്‍ത്തു സഹതപിച്ചു... പാവം രണ്ടു ലക്ഷം രൂപ കൊണ്ട് എങ്ങനെ പുള്ളി ഓടിച്ചോ ആവോ?  ഇപ്പോഴും പുള്ളിയുടെ കടങ്ങളും പ്രാരാബ്ധാങ്ങളും ഒന്നും തീരാന്‍ വഴി ഇല്ല... ഹം... ഏതായാലും സവാള വാങ്ങുന്നത്  പിന്നീട് നോക്കാം...
ഏതായാലും ഭാര്യയെ ഒന്ന് സന്തോഷിപ്പിച്ചിട്ടു തന്നെ കാര്യം.. കല്യാണ സാരിക്ക് ശേഷം ഇതുവരെ ആ ലെവലില്‍ അവള്‍ക്കൊരു സാരി വാങ്ങിക്കൊടുത്തിട്ടില്ല... അതിനൊള്ള പാങ്ങില്ലരുന്നു താനും.. ഏതായാലും അവളെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം...ഹം.. ഏതായാലും ഇത്തവണത്തെ ന്യൂ ഇയര്‍ പൊടി പൊടിക്കണം ... നാളെ പുലര്‍ച്ചെ തന്നെ ടൌണില്‍ പോയി എല്ലാം വാങ്ങാം...
അന്ന് നമ്മുടെ  ധവാന്റെ കടയിലും ചര്‍ച്ചാവിഷയം ഇത് തന്നെ ആയിരുന്നു... ഞാന്‍ ഗമയില്‍ ആ ചര്‍ച്ചയിലെ കേന്ദ്ര കഥാപാത്രമായി... എല്ലാവരിലും എന്നോടൊരു ആരാധനയും ബഹുമാനവും ഉണ്ടായതായി ഒരു തോന്നല്‍... കൊള്ളാം...  
ഏതായാലും നാളത്തെ പ്ലാന്‍ ഒക്കെ ആലോചിച്ചു  നേരത്തെ ഉറങ്ങാന്‍ കിടന്നു.... 
പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഉണര്‍ന്നു... ആകെ ഒരു ഉന്മേഷം... ഭാര്യയെ ഉണര്തെണ്ടാ എന്ന് കരുതി ലൈറ്റ് ഒന്നും ഇടാന്‍ നിന്നില്ല... നേരെ ബാത്രൂമില്‍ കയറി കുളിച്ചു ടൌണിലേക്ക് വിട്ടു... അല്പം താമസിച്ചാലും കുഴപ്പമില്ല.. നടക്കാന്‍ പോയിട്ട് വല്ലയിടത്തും വര്‍ത്തമാനം പറഞ്ഞു നില്‍ക്കുവാനെന്നു അവള്‍ കരുതിക്കോളും... ഏതായാലും ഇന്നവള്‍ ഞെട്ടും... അമ്മാതിരി ഒരു സാരിയെങ്കിലും അവള്‍ക്കു വാങ്ങണം... ടൌണില്‍ അല്പം കൂടുതല്‍ സമയം ചിലവഴിചെങ്കിലും ഏതായാലും ഒരു ഇരുപത്തയ്യായിരം രൂപയോളം വിലയുള്ള ഒരു സാരി അവള്‍ക്കു ഞാന്‍ വാങ്ങി... കയ്യില്‍ കരുതിയിരുന്ന കാശിന്റെ മുക്കാല്‍ ഭാഗവും തീര്‍ന്നു...പുതുവര്‍ഷം അല്ലെ... എല്ലാവര്ക്കും എടുത്തേക്കാം എന്ന് കരുതി അച്ഛനും അമ്മയ്ക്കും മകനും അനിയനും കുടുംബത്തിനും എല്ലാവര്ക്കും എടുത്തു വസ്ത്രങ്ങള്‍. "ബില്ലൊന്നും മാറ്റെണ്ടാ, എല്ലാം അതില്‍ കിടന്നോട്ടെ" എന്ന് കടയില്‍ പറഞ്ഞു.....എല്ലാവരും അറിയട്ടെ കുറഞ്ഞതൊന്നും അല്ല എടുത്തിരിക്കുന്നതെന്നു...  
ശൂം...കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ കുറെ  മാസത്തെ നീക്കിയിരുപ്പ് അങ്ങ് തീര്‍ത്തു... ഹം.. കുഴപ്പമില്ല... അവാര്‍ഡ്‌ ഒക്കെ കിട്ടിയതല്ലേ... ഏതായാലും ഈ മാസം അവാര്‍ഡ്‌ തുക കിട്ടാതിരിക്കില്ല... അതുകൊണ്ട് ഏതായാലും ഈ ചെലവ് ഒരു ഭാരമായി തോന്നിയില്ല... 
ഏതായാലും ഒരു നാലഞ്ചു മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തി... കയ്യില്‍ കണ്ട സമ്മാന പോതികളുടെ  എണ്ണവും വലിപ്പവും കണ്ടു വീട്ടിലുള്ള എല്ലാവരും അമ്പരന്നു... ഏതായാലും എല്ലാര്ക്കും ഈ പുതുവര്‍ഷം സന്തോഷമായി... എന്നാലും ഭാര്യയുടെ മുഖത്തെ അങ്കലാപ്പ് എന്നെ ഒന്ന് പേടിപ്പിച്ചു... ഇവളുടെ മുഖമെന്താ തെളിയാത്തെ ? സാരിയുടെ ബില്ല് കൂടിയതുകൊണ്ടാണോ? ഏതായാലും സൗകര്യം കിട്ടിയപ്പോള്‍ ഭാര്യ എന്‍റെ അടുത്ത് വന്നു ചോദിച്ചു, നിങ്ങളുടെ തലയ്ക്കു വട്ടായോ? ഇത്രയും പൈസാ ചിലവാക്കാന്‍ നിങ്ങള്‍ക്കെന്താ തലയ്ക്കു നല്ല സുഖമില്ലേ ? എങ്ങനെ ചൊറിഞ്ഞു വരാതിരിക്കും... 
എടീ...   അവാര്‍ഡ് ഒക്കെ കിട്ടിയതല്ലേ... എല്ലാര്ക്കും സന്തോഷമായിക്കൊട്ടെന്നു ഞാന്‍ വിചാരിച്ചു... 
അവള്‍ നെറ്റി ച്ചുളിച്ചുകൊണ്ട് ചോദിച്ചു... ന്താന്ന് ? എന്ത് അവാര്‍ഡ് ? 
ഞാന്‍ ഒന്ന് അങ്കൂഷിയായി... ശ്ശെടാ... ഇവള്‍ ഇത്ര പെട്ടന്ന് ഇത്രയും വല്യ കാര്യം മറന്നോ? 
അപ്പം നീ മറന്നോ ഇന്നലെ എനിക്ക് ഏറ്റവും നല്ല ചെറുകഥാ കൃത്തിനുള്ള അവാര്‍ഡ് കിട്ടിയത്... ഇന്ന് ന്യൂ ഇയര്‍ കൂടിയല്ലേ ? എല്ലാരും ആ സന്തോഷം ഒന്ന് പങ്കിടട്ടെന്നു കരുതിയാ ഞാന്‍.. 
ന്താന്ന്... ഇന്ന് ന്യൂ ഇയര്‍ ഒന്നും അല്ല മനുഷ്യാ... നിങ്ങള്‍ ഏതാണ്ട് സ്വപ്നം കണ്ടിട്ട് കിടന്നു തുള്ളിയതാണോ? 
സ്വപ്നം.... ആ വാക്ക് ഒരു അമിട്ട് പൊട്ടുന്നപോലെ എന്‍റെ നെഞ്ചിനകതൊന്നു പൊട്ടി... ഞാന്‍ ഓടി പോയി കലണ്ടര്‍ നോക്കി... 
ട്ടേ.... അടിച്ചു .. അടിച്ചു കാണണം ...തലക്കിട്ടു ആരാണ്ട് ഒരെണ്ണം തന്നപോലെ.... 
ഇന്ന് ഡിസംബര്‍ 31 ... ഈശ്വരാ... അപ്പോള്‍ എനിക്ക് കിട്ടിയ അവാര്‍ഡ് !!!!  

അയ്യോ... തല കറങ്ങുവാണോ, അതോ ഭൂമി ഒന്ന് തിരിച്ചു കറങ്ങിയോ? 

Thursday, December 16, 2010

ഡാഡി വെയര്‍ !!!


ഒരു ബാല്യ കാല തമാശ്... ഒരു സായിപ്പും മദാമ്മയും ചായ കുടിക്കാന്‍ ഒരു ചെറിയ ചായക്കടയില്‍ കയറി.... 
സായിപ്പ് - റ്റൂ റ്റീ ...
ചായക്കടക്കാരന്‍ - ഹ... എന്നാല്‍ ആ പിന്നാംബുരത്തോട്ടെങ്ങാനും  പോ എന്‍റെ സായിപ്പേ...

ഇത് ഇംഗ്ലീഷ് നെ മലയാളീകരിച്ച മലയാളിയുടെ  നര്‍മ്മ ബോധം.  പ്രൈമറി ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയതാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...  ഇവിടെ ദുഫായില്‍ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇല്‍ അയച്ചിട്ട് അവരുടെ ഇംഗ്ലീഷ് കേട്ടു കോരിത്തരിച്ചിരിക്കുന്ന നാടന്‍ മലയാളികള്‍ ധാരാളമുണ്ട്. പിള്ളാരുടെ മുന്‍പില്‍ കൊച്ചാവരുതെന്നു കരുതി അവരും പറയും തന്നാലാവും വിധം... എന്ത്?? ഇംഗ്ലീഷ്...  
സ്ഥലം കരാമാ പാര്‍ക്ക് ആണ്.... ഞങ്ങള്‍ സുഹൃത്തുക്കള്‍ വെടിവട്ടം കൂടുന്ന സ്ഥലം.... ആരുടെയെങ്കിലും പരദൂഷണവും കുന്നായ്മയും പറഞ്ഞു സമയം കളയുന്ന നേരം... ഈ വെടിവട്ടത്തില്‍ നിന്നു മാറി നില്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല... മറ്റൊന്നും കൊണ്ടല്ല, അന്ന് ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ അവനെകുറിചായിരിക്കും പരദൂഷണത്തില്‍ ഏറിയ പങ്കും. ഈ സമയം അവിടെ ഒരു നാടന്‍ മദാമ്മയെ ഞങ്ങള്‍ നോട്ട് ചെയ്തു....മലയാളിസം വെസ്റ്റേണ്‍ ഇസത്തില്‍ മുക്കിയെടുത്ത ഒരു അമ്മായി. അവിടവിടെയായി വരിഞ്ഞു മുറുക്കിയ ബന്ധനങ്ങളില്‍ നിന്നും ശരീരാവയവങ്ങള്‍ രക്ഷപെടാനുള്ള വിങ്ങിപ്പോട്ടല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും... അവിടെ കളിച്ചുകൊണ്ടിരുന്ന പിള്ളാരുടെ ഇടയിലേക്ക്  അമ്മായി,  അരയന്നം കൊക്കിന്റെ കാലില്‍ കുനിഞ്ഞു നില്‍ക്കുന്നത് പോലെ  കുനിഞ്ഞു നിന്നു  അവരുടെ പിള്ളാരോട് ഉറക്കെ ചോദിച്ചു.... 
ഡാഡി വെയര്‍ ? 
പിള്ളാര്‌ കളി ഒക്കെ നിര്‍ത്തി പുള്ളിക്കാരിയെ  ഒന്ന് സൂക്ഷിച്ചു നോക്കി... ഈ അമ്മായിയുടെ പിള്ളാര്‌, ഏതാപ്പാ കോതമംഗലം എന്നും പറഞ്ഞു നില്‍ക്കുന്നു..... ഒന്നും മനസ്സിലായില്ല... ആര്‍ക്കും... വായും പൊളിച്ചു നില്‍ക്കുന്ന പിള്ളാരോട് പുള്ളിക്കാരി  വീണ്ടും....
മോനെ അച്ഛന്‍ എവിടെയാണെന്ന്
ഈ മലയാള തര്‍ജിമ ഇല്ലായിരുന്നെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു... അച്ചന്മാര്‍ക്ക് ഇടാനുള്ള വല്ല പുതിയ ഐറ്റവും ആയിരിക്കും എന്ന് കരുതിയേനെ എല്ലാരും.. ലൈക്‌ അണ്ടര്‍ വെയര്‍ ..... തകര്‍ന്നില്ലേ.... ആ പിള്ളാര്‌ കളി നിര്‍ത്തി ഓടി അച്ഛന്‍റെ എടുക്കല്‍ ചെന്നു പറഞ്ഞു... അച്ഛാ ഇനി മേലാല്‍ മമ്മിയെ  പബ്ലിക്‌ ആയി ഇംഗ്ലീഷ് പറയിപ്പിക്കല്ലേ... പ്ലീസ്‌..... 




എന്തിനു അധികം.... എന്‍റെ സുഹൃത്തിന്റെ വായില്‍ നിന്നും വീണു എമണ്ടന്‍ സാധനം... ഇതുപോലെ ഒരു വൈകുന്നേരം... ഞങ്ങള്‍ വെടിവട്ടം മെംബേര്‍സ് ഇന്‍റെ അടുത്ത് കൊണ്ട് ഒരു വണ്ടി പാര്‍ക് ചെയ്തു... അതില്‍ നിന്നും ഒരു ഫുള്‍ ഫാമിലി ടീം ഇറങ്ങി.. കുട്ടികളെ കളിപ്പിക്കാന്‍ ഉള്ള സാധനങ്ങള്‍ ആ ചേച്ചി വണ്ടിയില്‍ നിന്നും ഇറക്കുമ്പോള്‍ അതില്‍ നിന്നും ഒരു ബോള്‍ ഒരുണ്ട് താഴേക്കു പോയി... എങ്ങനെ ഈ ഫമിലയെ ഒന്ന് മുട്ടാം എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്‍റെ സുഹൃത്തിന്റെ തലമണ്ടയില്‍ ഈ ബോള്‍   ഒരു മറഡോണയുടെ കാലില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് പോയ ബോള്‍ ആയി.. വഴി കിട്ടി.... ബോള്‍ ഉരുണ്ടു പോകുന്നത് കാണേണ്ട താമസം, എന്‍റെ സുഹൃത്ത്‌ ചേച്ചിയോട് ചാടി കേറി പറഞ്ഞു..... 
എക്സ്ക്യുസ്മീ ... യുവര്‍ ബോള്‍സ് ...
ഞെളിഞ്ഞു നിന്നു ഉരുണ്ടു പോയ ബോള്‍ ഇല്‍ കൈ ചൂണ്ടി നില്‍ക്കുന എന്‍റെ സുഹൃത്തിനെ അവര്‍ നിര്‍വികാരമായി നോക്കി - എന്താടാ..... ഇവന്‍ ഉദ്ദേശിച്ചത് ? ...കൂടെയുള്ള ചേട്ടന്‍റെ മുഖം ഞങ്ങള്‍ ഒന്നേ നോക്കിയോള്ളൂ... ഞാന്‍ അപ്പോഴേ തല കിഴക്കോട്ടു തിരിച്ചു ... മറ്റു നാല് പേരുടെയും തല നാല് ദിക്കിലേക്ക് സ്വിച്ച് ഇട്ടപോലെ വെട്ടി തിരിഞ്ഞു.... ഞങ്ങളാരും ഒന്നും കേട്ടിട്ടില്ലേ എന്ന മട്ടില്‍... കൊടുക്കാന്‍ ഉള്ളത് മുഴുവന്‍ ചേച്ചിയും ചേട്ടനും അവനിട്ട് മാത്രം കൊടുത്താല്‍ മതി എന്നുള്ള ഭാവം...
അനാവശ്യമായി പ്ലൂറല്‍ ഉപയോഗിച്ചതിന്‍റെ ദൂഷ്യ ഫലം... ഇംഗ്ലീഷ് പറയുമ്പോള്‍ എസ് എന്ന അക്ഷരം അല്പം ഖനത്തില്‍ പറഞ്ഞാല്‍ നമുക്ക് ഇംഗ്ലീഷ് അറിയാം എന്ന് മറ്റുള്ളവരെ തെട്ടിധരിപ്പിക്കാം എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിരിക്കണം... 

ഇപ്പം അടി വീഴും എന്ന് പറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും അസാമാന്യമായ ഇംഗ്ലീഷ് കൊണ്ട് നമുക്ക് മാറ്റിയെടുക്കാം എന്ന് ഒരിക്കല്‍ ഞങ്ങളുടെ കൂട്ടുകാരന്‍ കാണിച്ചു തന്നു... സ്വതവേ താന്‍ ഒരു ജിങ്കാപ്പി ആണെന്ന് പുള്ളിക്കൊരു ധാരണ ഉള്ളതുകൊണ്ടും മറ്റുള്ളവര്‍ ഒക്കെ തന്‍റെ കായബലത്തിനു മുന്‍പില്‍ വെറും അശു ആണെന്ന് തോന്നുന്നതുകൊണ്ടും മുഖത്ത് അല്പം ക്രൂരത പുള്ളി വിരിയിക്കും...കണ്ടാല്‍ അത്ര ആജാനബാഹു ഒന്നും അല്ലെങ്കിലും ഒള്ള ശരീരം കൊണ്ട് പുള്ളി അങ്ങ് പോലിപ്പിക്കും... കണ്ടാല്‍ ഇവന്റെ കയ്യില്‍ നിന്നും രണ്ടെണ്ണം ഞാന്‍ ഇന്ന് വാങ്ങിക്കും എന്ന് മറ്റുള്ളവര്‍ക്ക് തോന്നും... 

ഒരു ദിവസം അദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്യാനു ഉള്ള ശ്രമത്തിനു ഇടയില്‍ മറ്റൊരു അറബിക് ജിങ്കാപ്പി കാര്‍ ഇട്ടു വിലങ്ങി.. ഹോണ്‍ അടിയും വണ്ടി ഇരപ്പിക്കലും കൊണ്ട് രണ്ടു പേരും പരസ്പരം വിളിക്കേണ്ട തെറി മുഴുവന്‍ വിളിച്ചു.. എന്നിട്ടും രണ്ടാളും ഇത് എന്‍റെ സ്ഥലം എന്നുള്ള അഹങ്കാരത്തില്‍ വണ്ടി ഇരപ്പിച്ചു നില്‍ക്കുന്നു... അവസാനം സഹികെട്ട് നമ്മുടെ ജിങ്കാപ്പി ഇറങ്ങി... ഇപ്പം അടി വീഴും എന്ന് കരുതി അവിടെ ചായ കുടിക്കാന്‍ മൂസാക്കടയില്‍ വന്ന സകലരും വട്ടം കൂടി.. എല്ലാരും കേള്‍ക്കെ നമ്മുടെ ജിങ്കാപ്പി അയാളോട് കലിപ്പില്‍  പറഞ്ഞു..  
Fuck Me !!!!!
ശൂം... വെടി തീര്‍ന്ന ടയര്‍ പോലെയായി നമ്മുടെ ആശാന്‍... അറബി കൊച്ചേട്ടന്‍ ഇത് കേട്ടു എന്താ ചെയ്യേണ്ടേ എന്ന് അറിയാതെ കണ്ണ് തള്ളി ഇരുന്നു... 
Fuck You എന്ന് പറയേണ്ടതിനു പകരം പറഞ്ഞത് തിരിഞ്ഞു പോയി എന്ന് എല്ലാര്ക്കും മനസ്സിലായി... ആ ഇറങ്ങിയ സ്പീഡില്‍ കാറില്‍ തിരിച്ചു കയറി നമ്മുടെ ജിങ്കാപ്പി പറഞ്ഞു... 
അവന്‍ വിരണ്ടു പോയെടാ ... നമ്മക്ക് പോയേക്കാം... 

**************************************************************************************************************************
ഒരു ചെറിയ സംശയം വായനക്കാരുമായി പങ്കു വെക്കുന്നു... 
ഒരു പോലെയുള്ള രണ്ടു പേരെ നിങ്ങള്‍ ഇരട്ടകള്‍ എന്ന് വിളിക്കും.... കുറച്ചുകൂടി എളുപ്പത്തില്‍ TWINS എന്ന് വിളിക്കും...
പക്ഷെ അത് ഒരു പോലെയുള്ള മൂന്നു പേരാണ് എങ്കിലോ ? ഇംഗ്ലീഷില്‍ എളുപ്പം നമുക്ക് പറയാം Triplets   പക്ഷെ മലയാളത്തിലോ ???        മുരട്ടകളെന്നോ  ??

Wednesday, December 8, 2010

ഹിന്ദി അണ്ണാ... ഹിന്ദി....


അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഹിന്ദി പഠിച്ചിട്ടുണ്ട് എന്നുള്ള ഒറ്റ ധൈര്യത്തില്‍ ആണ് ഞാന്‍ ഡല്‍ഹിക്ക് ജോലി തേടി പോയത്... എന്‍റെ ഒരു ചേട്ടനും ചേച്ചിയും അവിടെ താമസ സൗകര്യം ഒരുക്കി.... അങ്ങനെ ജോലി തേടല്‍ പതുക്കെ സ്റ്റാര്‍ട്ട്‌ ചെയ്തു. സുഗമ ഹിന്ദി പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കാരുള്ള ഞാന്‍ എന്തിനു ഹിന്ദി ഭയക്കണം... ധൈര്യമായി ഞാന്‍ ദല്‍ഹി നഗര വീചികളിലെക്കിറങ്ങി.
ഭായ് സാബ് ..... ടൈം ക്യാ ഹേ?  
ആരെടാ ഇത് സമയം മെനക്കെടുത്താന്‍..... തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പാവം റിക്ഷാ ഡ്രൈവര്‍. വാച്ച് ലേക്ക് നോക്കി...  ഒരു പത്തെര ആയിക്കാണും.... ടെന്‍ തെര്‍ടി ... വായില്‍ വന്നത് ഇംഗ്ലീഷ് ആണ്... ഭായ് സാബ് ഹിന്ദി മേം ? ശ്ശെടാ... ദസ് ... എന്‍റെ ഗുരുവായൂരപ്പാ....അര ക്ക് ഞാന്‍ ഇനി എന്ത് പറയും... തീസ്.... മുപ്പതു മിനിറ്റ് ആണ് ഞാന്‍ ഉദ്ദേശിച്ചത്.... ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഹിന്ദിയില്‍ സമയം പറയാന്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും അറിഞ്ഞില്ല... എങ്കില്‍ സ്കൂളില്‍ ഹിന്ദി ടീചെര്നോട് അന്നേ ചോദിച്ചു മനസ്സിലാക്കാമായിരുന്നു... പാവം റിക്ഷാ ഡ്രൈവര്‍ ഞാന്‍ പറഞ്ഞ സമയം ഒരു പിടിയും കിട്ടാതെ വായും പൊളിച്ചു ഇരുന്നു... ആകെ തൊലി ഉരിഞ്ഞു പോകുന്ന ഒരു അനുഭവം... വല്യ ടൈ ഒക്കെ കെട്ടി ജോലിക്ക് കേറാന്‍ നില്‍ക്കുന്ന ഞാന്‍, ഹിന്ദിയില്‍ സമയം പോലും പറയാന്‍ അറിയാതെ... എന്‍റെ മനസ്സില്‍ കിടന്നു ഈ ഭയം ഒന്ന് ആടിയുലഞ്ഞു... സമയം... ദസ്... തീസ്... കര്‍ത്താവേ.. ഇനി മുക്കാല്‍ ആണെങ്കിലോ ??? ഇല്ല... ഞാന്‍ സമയം ഹിന്ദിയില്‍ പറയാന്‍ പഠിക്കുന്ന വരെ വാച്ച് കെട്ടുന്നില്ല... മനസ്സില്‍ ഉറപ്പിച്ചു... അപ്പോള്‍ തന്നെ കെട്ടയിരുന്ന വാച്ച് ഊരി പോക്കറ്റ്‌ ഇല്‍ ആക്കി...
അന്ന് വൈകുന്നേരം ചേട്ടന്‍റെ അടുത്ത് പതുക്കെ ഒരു ബുക്കും പേനയും എടുത്തു കൂടെയിരുന്നു... ആഹാ.. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... ചേട്ടാ.. ഈ സമയം ചോദിക്കുമ്പോള്‍ അരക്ക് എങ്ങനെ പറയണം? ഞാന്‍ ഒരു കൊച്ചു സ്കൂള്‍ കുട്ടി ആയി.. ചേട്ടന്‍ ഒന്ന് ഉഷാറായി ഗൌരവത്തില്‍ പറഞ്ഞു... എടാ... എന്തിന്റെ കൂടെയും സാടെ എന്ന് ചേര്‍ത്താല്‍ അര ആകും... ഉദാഹരണത്തിന്.. പത്തര = സാടെ ദസ് ... പന്ത്രണ്ടര = സാടെ ബാരാഹ്...  ഞാന്‍ മുഴുവന്‍ ഉദാഹരണങ്ങളും കുറിച്ചെടുത്തു.... പിന്നീട് സംശയം  ഉണ്ടെങ്കില്‍ നോക്കാമല്ലോ... അന്ന് വൈകുന്നേരം ചേച്ചി ഒരു ഒന്നര കിലോ ഗോതമ്പ് പൊടിയും  അര കിലോ പഞ്ചസാരയും മേടിച്ചോണ്ട് വരാന്‍ പറഞ്ഞു എന്നെ കടയിലേക്ക് അയച്ചു.. ഇന്ന് പഠിച്ച പാഠങ്ങള്‍ എല്ലാം മനസ്സില്‍ ഇട്ടൊന്നു തിരിച്ചും മറിച്ചും പറഞ്ഞു പഠിച്ചു... നേരെ കടയിലേക്ക് വച്ചു പിടിച്ചു... 
ഭായ് സാബ്..  സാടെ ഏക്‌ കിലോ ആട്ട ഔര്‍ സാടെ കിലോ ചീനി....
ധിം തരികിട തോം... കടക്കാരന്‍ ഒന്ന് ഊശിയാക്കി ചിരിച്ചിട്ട് മലയാളത്തില്‍ മൊഴിഞ്ഞു... ഈ പറഞ്ഞ കിലോ കണക്കിന് ഒരു സാധനവും കിട്ടില്ല... ഡല്‍ഹിയില്‍ പുതിയ ആളാണ് അല്ലെ?
പോയി... ഞാന്‍ പടിച്ചെടുതത്തില്‍  എവിടെയോ വീണ്ടും ഒന്ന് പിശകി.. പണ്ടാരം അപ്പോള്‍ ചേട്ടനും സമയവും തൂക്കവും ഒന്നും അറിയില്ലേ ? ഞാന്‍ ചേട്ടനെ ഒരു നിമിഷം ശങ്കിച്ചു... അപ്പോള്‍ കടക്കാരന്റെ വക ഒരു സ്റ്റഡി ക്ലാസ്സ്‌... 
മോനെ.. ഒന്നര കിലോക്ക് സാടെ ഏക്‌ എന്ന് പറയില്ല... അത് ട്ടേഡ് കിലോ എന്നാണ്... അതുപോലെ രണ്ടര കിലോക്ക് ട്ടായി കിലോ എന്നാണ് പറയുന്നത്... മൂന്നു മുതല്‍ സാടെ എന്ന് ചേര്‍ത്ത് പറയാം... 
എന്‍റെ തെറ്റ്... ഞാന്‍ പത്തു മുതല്‍ ആണ് ചേട്ടനോട് സമയം ചോദിച്ചു പഠിച്ചത്.. ദൈവമേ ഏതായാലും ഇയാള് പറഞ്ഞത് നന്നായി.. അല്ലെങ്കില്‍ ഞാന്‍ പത്തു മണി കഴിഞ്ഞു റോഡില്‍ ഇറങ്ങിയാല്‍ മതി... ഹം.. കര്‍ത്താവെ... ഞാന്‍ പഠിച്ച ഹിന്ദി ഒന്നും തികയാതെ വരുമോ.... ഏതായാലും സമയത്തിന്റെ കാര്യത്തിലും കിലോയുടെ കാര്യത്തിലും ഒരു തീരുമാനമായി... ഗുഡ്. പിറ്റേ ദിവസം ഞാന്‍ ധൈര്യത്തില്‍ വാച്ച് എടുത്തു കെട്ടി.. 
ഭായ് സാബ് ടൈം ക്യാ ഹേ ? 
ട്ടായി ബജെ , ഭായ് ജാന്‍..  
എനിക്ക് തന്നെ ഒരു അഭിമാനം തോന്നി... കൊള്ളാം എല്ലാം ഓക്കേ.. ഇനി ഒരു ജോലി കൂടി കിട്ടിയാല്‍ കാര്യങ്ങള്‍ ഉഷാര്‍ ആവും... ഏതായാലും അധികം വൈകാതെ ഒരു ജോലി തരപ്പെട്ടു.. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മര്‍... ഒരു ചെറിയ സംരംഭം... ആകെ മൂന്നു എംപ്ലോയീസ്.  ഗുനാണ്ടര്‍ (മാനേജര്‍) അല്പം കറുത്ത് തടിച്ചിട്ടാണ്... ഒരു ദിവസം പ്രോഗ്രാമ്മില്‍ മുഴുകി ഇരുന്ന എന്നെ പുള്ളി വിളിച്ചു... 
ദീപു തും ക്യാ കര്‍ത്താ ഹേ ?
ചൊറിഞ്ഞു വന്നു... കാരണം ആ കര്‍ത്താ എന്‍റെ തലച്ചോറില്‍ മലയാളം ആയിട്ട് തന്നെ ആണ് ഫീഡ് ചെയ്തത്... ഹിന്ദി തര്‍ജിമ ആ ഒരു വാക്കിനു മാത്രം നടന്നില്ല... സ്വതവേ കറുത്ത നിറത്തിനോട് അല്പം കോമ്പ്ലെക്സ് ഉള്ള ഞാന്‍  മനസ്സില്‍ പറഞ്ഞു... ഒന്ന് പോടാപ്പാ... താന്‍ കൊറേ വെളുത്തതാ... ഞാന്‍ മാനേജര്‍ നെ ഒന്ന് ഇരുത്തി നോക്കി... പുള്ളി വീണ്ടും .... 
ക്യാ കര്‍ത്താ ഹേ യാര്‍  ??? 
സര്‍ ഐ അം നോട് കര്‍ത്താ ... വീടിഷ് (ആയിടക്കു പഠിച്ചെടുത്ത ഒരു വാക്കാനത്... കറുത്ത നിറത്തിനെ കുറച്ചു കൂടി മയപ്പെടുത്തി പറഞ്ഞാല്‍ ആ കളര്‍ പറയാം...). ഞാന്‍ ആ പറഞ്ഞതിന്‍റെ അര്‍ഥം പുള്ളിക്ക് ഒരു പിടിയും കിട്ടിയില്ല.. ഇനി ഇപ്പം പ്രോഗ്രാമ്മിംഗ് ഇലെ പുതിയ വല്ല ടെക്നിക്കും ആണെന്ന് കരുതി മാനേജര്‍ ഉം ഒന്നും മിണ്ടിയില്ല... ഈ സംഭവത്തിന്‌ ശേഷം പുള്ളി എന്നോട് വെറുതെ ഇരിക്കുവനെങ്കില്‍ പോലും ആ ചോദ്യം ചോദിയ്ക്കാന്‍ ധൈര്യപ്പെടരില്ലരുന്നു... 
ഓഫീസില്‍ വാട്ടര്‍ കൂളര്‍ എന്‍റെ സൈഡ് ഇല്‍ ആണ് ഇരിക്കുന്നത്... ഒരു ചൂടുള്ള ദിവസം.. മാനേജര്‍ എന്നോട് പറഞ്ഞു... 
ദീപു ഏക്‌ ഗ്ലാസ്‌ പാനി പിലാവോ .... 
ചൂടല്ലേ... ഞാന്‍ പുള്ളിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു... 
ഒരു അഞ്ചു മിനിറ്റ് ആയിക്കാനില്ല... മാനേജര്‍ വീണ്ടും... 
ഏക്‌ ഗ്ലാസ്‌ പാനി പിലാവോ യാര്‍.... ഓക്കേ.. നല്ല ചൂട് തന്നെ... നാല്‍പ്പത്തഞ്ചു ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ട്.. ഒരു ഗ്ലാസ്‌ വെള്ളം കൂടെ കുടിച്ചേക്കാം... വീണ്ടും ഞാന്‍ ഒരു ഗ്ലാസ്‌ വെള്ളം അകത്താക്കി.... കുറച്ചു കഴിഞ്ഞു വീണ്ടും മാനേജര്‍... 
കിതനെ ബാര്‍ ബോലാ യാര്‍ , ഏക്‌ ഗ്ലാസ്‌ പാനി പിലാവോ.... 
സര്‍, ഐ ഹാട് ഓള്‍ റെഡി ത്രീ ഗ്ലാസ്‌ ഓഫ് വാട്ടര്‍... ഐ അം നോട് തെര്‍സ്ടി..... 
പുള്ളിക്കാരന്‍ ദേഷ്യത്തില്‍ തനിയെ എഴുന്നേറ്റു വന്നു ഒരു ഗ്ലാസ്‌ വെള്ളം വെള്ളം കുടിച്ചു നെടുവീര്‍പ്പെട്ടു... 
നിര്‍ത്തി അന്ന് നിര്‍ത്തി... അതിനു ശേഷം പുള്ളിക്കാരന്‍ ഒരിക്കലും എന്നോട് ഹിന്ദി പറയാന്‍ തുനിഞ്ഞിട്ടില്ല.... 

Sunday, November 7, 2010

പ്രണയം.... ഒരു അവലോകനം...

എന്‍റെ  അനിയന്‍ എഴുതിയ കവിതയിലെ രണ്ടു വരികള്‍ നോക്കാം... പ്രണയത്തിന്റെ പാരമ്യത്തില്‍ അവന്‍ എഴുതിയതാവാം.. 
" നീയായിരുന്നെന്‍ രാഗവും താളവും 
നോവുമെന്നാത്മാവിനാകെ പ്രതീക്ഷയും... " 
ഒരു അഗാഥ പ്രണയത്തിന്റെ രുചിയുള്ള വരികള്‍...  ഓരോ കാമുകനും ക്രിയെടിവ് ആണ്... തന്‍റെ ഇണയെ എത്ര വേണമെങ്കിലും മനോരാജ്യത്ത് കൊണ്ട് നടക്കും... അവിടെ അവള്‍ക്കായി മനോഹരങ്ങളായ പൂങ്കാവനം തീര്‍ക്കും... അവിടെ അവള്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത കാമുക ഹൃദയത്തില്‍ ആണ്... ഇത് പ്രണയത്തിന്റെ മനോഹര മുഖം.... ചില ഹത ഭാഗ്യന്മാര്‍ ഇക്കൂട്ടതിലും ഉണ്ട്... പ്രണയം മോട്ടിട്ടാലും അവളുടെ അടുത്ത് ഇരിക്കുമ്പോള്‍ സംസാരിക്കാന്‍ വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്ന ഒരു കൂട്ടര്‍... എന്നെ ഈ ഗണത്തില്‍ പെടുതുന്നതില്‍ തെറ്റില്ല.... ഒരു സംഭവം... എന്‍റെ കോളേജില്‍ ഞാന്‍ പ്രണയം തുടങ്ങിയ കാലം... എന്‍റെ സാമിപ്യവും സംസാരവും കൊതിച്ചു കൂടെയിരിക്കാന്‍ അവള്‍ വന്നു... തമാശുകള്‍ പൊട്ടിച്ചും മിമിക്രി കാട്ടിയും അല്പസ്വല്പം സ്വയം ജ്യോതിഷവും മറ്റും കൊണ്ട് ക്യാമ്പസ്‌ഇല്‍ ബിസി ആയിട്ടുള്ള എനിക്ക് ഈ സമയം നാവു അണ്ണാക്കില്‍ എവിടെയോ ഓടിയൊളിക്കും... ഒടുവില്‍ എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി, ഇന്നലെ രാത്രിയില്‍ കണ്ട ഒരു കാര്‍ട്ടൂണ്‍ സീരിയല്‍ (TARSEN) നിന്നും കടമെടുത്ത ഒരു ടച്ചിംഗ് dialog ഇല്‍ തുടങ്ങി... അങ്ങനെ ആ ടാര്സെന്റെ കഥ മുഴുവനും അവിടെയിരുത്തി അവളെ ഞാന്‍ കേള്‍പ്പിച്ചു... എങ്ങനെ ഉണ്ട്... പക്ഷെ എന്‍റെ ക്ലാസ്സിലെ ഒരു മഹാ മനസ്കനും ഈ സംഭാഷണം ഒളിച്ചിരുന്ന് കേട്ടു... പോരെ പൂരം... പിന്നെ ആ കോളേജില്‍ അവന്‍ എന്‍റെ പ്രണയം മാതൃകാപരമായ ഒരു സംഭവമാക്കി.... മണിക്കൂറുകളോളം സ്വൈര്യ സല്ലാപം നടത്തുന്ന കമിതാക്കളെ ആയിടക്കു ഞാന്‍ അല്പം അസൂയയോടെ ആണ് നോക്കിയിരുന്നത്...എന്ത് പണ്ടാരം ആണാവോ ഇവര്‍ ചര്‍ച്ച ചെയ്യുന്നത് ??? 
എന്തുകൊണ്ടോ പ്രകൃതി സ്ത്രീകളെ, പുരുഷനെക്കളും വളരെ നേരത്തെ തന്നെ യൌവ്വനത്തില്‍ എത്തിക്കും... പക്ഷെ കാമുകന്‍ അപ്പോഴും പഠനം തീര്‍ത്തു ഒരു ജോലി കണ്ടു പിടിക്കാന്‍ ഉള്ള യുദ്ധത്തില്‍ ആവും... ഇതൊരു യാഥാര്‍ത്ഥ്യം ആണ്... പലരുടെ പ്രണയവും പൊട്ടി തകരുന്നത് ഈ ഒരു കാലഖട്ടത്തില്‍ ആയിരിക്കും.... എന്‍റെ അനിയന്റെ തന്നെ മറ്റൊരു കവിതയിലെ രണ്ടു വരികള്‍ നോക്കാം....
" നീ മറക്കും, മറക്കേണം....
ജീവിതം നിനക്ക് പൂമാല ചാര്‍ത്തുംപോളെന്നെ......"
ഇതൊരു ജീവിത യാഥാര്‍ത്ഥ്യം ആണെന്ന് പറഞ്ഞാല്‍ അതില്‍ യാതൊരു അതിശയോക്തിയും ഇല്ലാ... ഇതും അവന്‍ മുന്കൂട്ടിക്കണ്ടിരുന്നു... അങ്ങനെ സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാര്‍ എടുക്കുംപോളെക്കും കാമുകിയുമായി മറ്റൊരു പ്രതിക്രിയാ വാദി കടന്നു കളയും... വെറും ഒരു റോസാ പൂവ് വിവാഹ സമ്മാനമായി എന്‍റെ സുഹൃത്തിന്റെ കൈവശം  കൊടുത്തു വിട്ടു അവളോട്‌ ഞാന്‍ പറഞ്ഞു...
ഈ പൂവിന്റെ ആയുസ്സ് ഒന്നോ രണ്ടോ ദിവസമായിരിക്കും.... ഇതുണങ്ങി കരിഞ്ഞു പോകുന്നത് പോലെ എന്നെക്കുറിച്ചുള്ള നിന്‍റെ ഓര്‍മ്മകളും മാഞ്ഞു പോകണം... 

"എന്തോന്നാ മാനത്തോട്ടും നോക്കി വായും പൊളിച്ചിരുന്നു മനോരാജ്യം കാണുന്നത്..."  ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഭാര്യ... കുഞ്ഞു കിടന്നു കരഞ്ഞിട്ടും  ഞാന്‍ അവനെ എടുക്കാതെ സ്വപ്നം കണ്ടിരിക്കുന്നതില്‍ ഉള്ള മുഴുവന്‍ ദേഷ്യവും അവളുടെ മുഖത്തുണ്ട്‌... പ്രണയം... മണ്ണാങ്കട്ട... (Ctrl + Alt + Delete  = Locked) 

"എടീ, ഞാന്‍ എങ്ങനെ അടുത്ത മാസം ഒരു ചിട്ടികൂടെ തുടങ്ങാം എന്നൊന്ന് ചിന്തിക്കുവാരുന്നു.. "  
അവളുടെ മുഖം തെളിഞ്ഞു... 

Wednesday, November 3, 2010

ആത്മവിചിന്തനം....

ഞാന്‍ ഉണര്‍ന്നു.... ചുറ്റും  അപരിചിതമായ മുഖങ്ങള്‍....ചിലത് കുറെ അധിക സമയം കൂടെ ചിലവിട്ടു... മറ്റു ചില മുഖങ്ങള്‍ വന്നു എത്തി നോക്കിയിട്ട് പോയി... വയറ്റില്‍ നിന്നും ഉള്ള വിശപ്പിന്റെ വിളി ഒരു കുഞ്ഞിന്റെ കരച്ചിലായി ആ മുറിയില്‍ തിങ്ങി നിറഞ്ഞു.... അത് ഞാന്‍ ആയിരുന്നു... അമ്മയുടെ ഉദരത്തിലെ ഇരുട്ടില്‍ നിനും ബാഹ്യ ലോകവുമായുള്ള  എന്‍റെ ആദ്യ നിമിഷങ്ങള്‍. ഇവിടെ ഞാന്‍ എന്ന ഒരു വ്യക്തിയുടെ തുടക്കം.
മനുഷ്യന്റെ ആദ്യത്തെ വികാരം, വിശപ്പ്‌.... എന്‍റെ കരച്ചില്‍ കേട്ടു, വായിലേക്ക് മധുരമുള്ള മുലപ്പാല്‍ ആരോ തന്നു... പിന്നെടെപ്പോഴും എന്‍റെ വിശപ്പ്‌ മാറ്റാന്‍ ഞാന്‍ ഈ അടവ് പ്രയോഗിച്ചു... അപ്പോഴൊക്കെ എനിക്ക് യഥേഷ്ടം പാല്‍ കിട്ടിക്കൊണ്ടിരുന്നു... 
അത് എന്‍റെ അമ്മ ആയിരുന്നു... 
എന്‍റെ അടവ് ആദ്യം മനസ്സിലാക്കിയ ആള്‍. ആ മുഖം ഞാന്‍ മനപ്പാഠം  ആക്കി.. എന്‍റെ മനസ്സില്‍ ആദ്യം ഇടം കണ്ടയാള്‍ ...അതും അമ്മ ആയിരുന്നു.... 
പതിയെ ചില മുഖങ്ങള്‍ ചിര പരിചിതങ്ങള്‍ ആയി... അമ്മയുടെ മൃദുല കരങ്ങളില്‍ നിന്നും മിക്കവാറും ഞാന്‍ ബലിഷ്ടങ്ങളായ കരങ്ങളിലേക്ക് കൈമാരരുണ്ടായിരുന്നു... കൂടെ എന്‍റെ മുഖത്ത് മീശകൊണ്ട് ഒരു ഉമ്മയും തന്നു എന്നെയും കൊണ്ട് കുറെ നേരം അയാള്‍ നടക്കും... ആ ഉറപ്പുള്ള കൈകളില്‍ സുഖ നിദ്ര ആയിരിക്കും എനിക്ക്... ആ സുരക്ഷിതത്വം എന്നെ ബോധം കേട്ടു ഉറങ്ങാന്‍ വിടും. 
എന്ടെ അച്ഛന്‍ ആയിരുന്നു അത്... 
എന്‍റെ മനസ്സില്‍ ഉറപ്പുള്ള സുരക്ഷിതത്വ ബോധം തന്ന ആദ്യത്തെ ആള്‍... അച്ഛന്‍ ആയിരുന്നു... അതൊരു തണല്‍ ആയിരുന്നു...
ഞാന്‍ പതിയെ പതിയെ അമ്മ പറഞ്ഞു തരുന്ന വാക്കുകള്‍ തിരിച്ചു പറഞ്ഞു കേള്‍പ്പിക്കാന്‍ തുടങ്ങി... അമ്മയുടെ മുഖത്തെ സന്തോഷം കാണാന്‍ വേണ്ടി അമ്മ പറയുന്ന വാക്കുകള്‍ എന്‍റെ നാവിനു വഴങ്ങില്ലെങ്കില്‍ കൂടി ഞാന്‍ അത് മറ്റു പല വാക്കുകളായും പറഞ്ഞു കേള്‍പ്പിച്ചു... മെല്ലെ ഞാന്‍ അച്ഛന്‍റെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി... ആദ്യ ദിനങ്ങള്‍ ഈ അഭ്യാസം അത്ര സുഖകരമായി തോന്നിയില്ല... എങ്കിലും അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള പ്രോത്സാഹനം കാരണം ഞാന്‍ സാവധാനം തനിയെ നടക്കാന്‍ തുടങ്ങി... എല്ലാം പുതുമ ആയിരുന്നു എനിക്ക്, എല്ലാം ഒരു പഠനവും..... ഞാന്‍ മുറ്റത്തേക്ക്  ഇറങ്ങി... 
സ്വന്തം കാലില്‍ നിന്നുല്ല്ല ആദ്യ നിരീക്ഷണം... എന്‍റെ വീട്... ചുറ്റുപാട്... പറമ്പ്... മരങ്ങള്‍... അയല്‍വക്കം....അച്ഛനും അമ്മയും ഞാന്‍ വീഴുമോ എന്ന് നോക്കി എന്‍റെ പുറകില്‍ തന്നെ നില്‍ക്കുന്നു... 
ഒരു ദിവസം.... പെട്ടന്ന്.... മറ്റൊരു കരച്ചില്‍.... ഞാന്‍ ആദ്യം കരഞ്ഞ പോലെ... എന്‍റെ അടവ് പോലെ തന്നെ .... അതെ ആ കരച്ചില്‍ വിശപ്പ്‌ മാറ്റാന്‍  ഉള്ള കരച്ചില്‍ തന്നെ... ഞാന്‍ ഓടി ചെന്നു വീട്ടില്‍ നോക്കി... അതാ അമ്മയുടെ കൂടെ എന്നെ പോലെ തന്നെ മറ്റൊരു കുഞ്ഞു... ദേഷ്യവും സങ്കടവും ഒക്കെ വന്നു... ഞാന്‍ കരഞ്ഞു... ഇത് പക്ഷെ വിശപ്പിന്റെ കരച്ചില്‍ അല്ലെന്നു അമ്മക്ക് മനസ്സിലായി... അമ്മ പെട്ടന്ന് തന്നെ എന്നെ എടുത്തു ആശ്വസിപ്പിച്ചു.... അവന്‍ വീണ്ടും കരഞ്ഞപ്പോള്‍ എന്നെ പെട്ടന്ന് താഴെ നിര്‍ത്തി അമ്മ അവനു പാല്‍ കൊടുത്തു.... അങ്ങനെ എന്‍റെ സ്നേഹം അവന്‍ പങ്കിട്ടെടുത്തു... 
അത് എന്‍റെ അനിയന്‍ ആയിരുന്നു... 
അവന്‍ പതുക്കെ എന്‍റെ സന്തത സഹചാരി ആയി... എവിടെ പോയാലും ഒരുമിച്ചു നടന്നു..ഞങ്ങള്‍  ഒരേ പോലെയുള്ള ഉടുപ്പുകള്‍ ഇട്ടു... ആ നാട്ടില്‍ ഞങ്ങള്‍ ചേട്ടനും അനിയനും എന്ന് മെല്ലെ അറിയപ്പെടാന്‍ തുടങ്ങി... വയസ്സായ അപ്പൂപ്പന്മാര്‍ വരെ ഞങ്ങളെ ചേട്ടാ എന്നും അനിയാ എന്നും വിളിച്ചു.... കൂടെ കൂടാന്‍ ഞങ്ങളുടെ പ്രായമുള്ള കൂട്ടുകാര്‍ വന്നു... അയല്‍പക്കത്തുള്ള വീടുകളില്‍ ഞങ്ങള്‍ ചെയ്ത അടവുകള്‍ എല്ലാം ചെയ്തു ഞങ്ങളുടെ സമ പ്രായക്കാരും വളരുന്നുണ്ടായിരുന്നു... മോന്‍സി , കുട്ടന്‍, അനൂപ്‌....
കളിയും ചിരിയും അങ്ങനെ ഉഷാറായി നടക്കുന്ന സമയം... ഞങ്ങളെ എല്ലാം പിടിച്ചു ഒരു ദിവസം ഒരു സ്ഥലത്ത് അച്ഛനും അമ്മയും എത്തിച്ചു.... അവിടെ അതാ കുറെ അധികം കുട്ടികള്‍... എല്ലാവരുടെയും കയ്യില്‍ ഒരു സ്ലേറ്റും കല്ല്‌ പെന്‍സിലും ഉണ്ട്..... ഞങ്ങളുടെ ആദ്യത്തെ നേര്സരി ആയിരുന്നു അത്... അവിടെ ഞങ്ങള്‍ അക്ഷരങ്ങളെ അടുത്തറിയാന്‍ തുടങ്ങി... എന്നും അവിടെയുള്ള കൂട്ടുകാരുടെ കൂടെ കളിക്കാം എന്നുള്ളത് കാരണം... ഞങ്ങള്‍ അവിടെ എല്ലാ അക്ഷരങ്ങളും പഠിച്ചു...  അവിടെ പഠനം ഒരു രസമായിരുന്നു... ഇപ്പോഴും ആ ടീച്ചര്‍ന്‍റെ  പേര് ഞാന്‍ ഓര്‍ക്കുന്നു... മോളമ്മ... ഒരു പത്തിരുപത്തെഴു വറ്ഷം പഴക്കമുള്ള ഓര്‍മ്മ.. എന്‍റെ അനിയന്‍ ഒരു പരിഷ്കാരി ആയിരുന്നു... അവനു പാന്‍റ്സ് ആണ് ഇഷ്ടം.. നിക്കര്‍ ഇടാന്‍ അവനു മടി ആണ്... ആകെ ഒരേ ഒരു പാന്‍റ്സ് മാത്രമേ ഞങ്ങള്‍ക്ക് അന്ന് ഉള്ളായിരുന്നു... അവനാണെങ്കില്‍ എന്നും അത് ഇടണം... മിക്ക ദിവസങ്ങളിലും അച്ഛന്‍ അത് എടുത്തു വെള്ളത്തില്‍ മുക്കി വക്കും.... ഈ വഴക്ക് എല്ലാ ദിവസത്തെയും പതിവായി... പിന്നെ പിന്നെ ഈ സ്വഭാവത്തിന് അവന്‍ തന്നെ മാറ്റം വരുത്തി.... പിന്നെ അവിടുന്ന് സ്കൂളിലേക്ക്... എന്‍റെ  സ്കൂളിലെ പാഠങ്ങള്‍ ഒക്കെ അനിയനും manappaadam  ആയിരുന്നു... ഞാന്‍ ഉറക്കെ വായിച്ചു പഠിക്കുന്നത് കേട്ടു അവനും അത് ഹൃദിസ്ഥമാക്കും... അങ്ങനെ അവനു എല്ലാ ക്ലാസ്സിലും ഒരു വറ്ഷം മുന്‍പേ പാഠങ്ങള്‍ പഠിച്ചു തുടങ്ങി... സ്കൂളില്‍ പരീക്ഷ കഴിഞ്ഞു 50 /50 വാങ്ങി ആ സ്ലേറ്റില്‍ ടീച്ചര്‍ ചോക്ക് കൊണ്ട് എഴുതിയത് മായ്ക്കാതെ ഞങ്ങള്‍ വീട്ടിലേക്കു ഓടും... അതൊരു മത്സരം ആയിരുന്നു... ആദ്യം പോയി അമ്മയോട് മാര്‍ക്ക് പറയാന്‍... ഈ പതിവ് അഞ്ചാം ക്ലാസ്സ്‌ മുതല്‍ മിക്കവാറും ഞങ്ങള്‍ നിര്‍ത്തി.... മാര്‍ക്കില്‍ ഉള്ള വ്യതിയാനങ്ങള്‍ ആണ് കാരണം.
സ്കൂളിലും ഞങ്ങള്‍ ഒരുമിചാരുന്നു കളിയും കലാപരിപാടികളും... അവന്‍റെ ക്ലാസ്സിലെ കൂട്ടുകാരും എന്‍റെ ക്ലാസ്സിലെ കൂടുകാരും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുപോലെ സുഹൃത്തുക്കള്‍ ആയിരുന്നു.... എന്‍റെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന ഒരു ടീച്ചറിന്റെ മകള്‍ ഉണ്ടായിരുന്നു... എന്‍റെ സുഹൃത്ത്‌ പട്ടര്‍ക്ക് അവളെ ശ്ശി  പിടിച്ചു പോയി... അവള്‍ക്കും.... ഒരു ദിവസം ഞങ്ങള്‍ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു കളിയ്ക്കാന്‍ പ്ലാന്‍ ഇടുന്ന സമയം... പട്ടരെ മാത്രം കാണാന്‍ ഇല്ല... ഞങ്ങള്‍ അവിടെയെല്ലാം തേടി... ഒടുവില്‍ അനിയന്‍ ആണ് കണ്ടു പിടിച്ചത്... സ്കൂളിന്റെ പുറകിലുള്ള കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കാട്ടില്‍ ഇരുന്നു പട്ടരും ആ ടീച്ചറിന്റെ മോളും വാട്ടര്‍ ബോട്ടില്‍  ഒരു മാലയാക്കി  ഇട്ടു പരസ്പരം  കല്യാണം കഴിക്കുന്നു.... ഒരു ഇണ വേണ്ടതിന്റെ ആവശ്യകത പട്ടര്‍ അന്നേ മനസ്സിലാക്കിയിരുന്നു. പാവം... ആ സംഭവത്തിന്‌ ശേഷം ആ ടീച്ചര്‍ഇന്‍റെ മകളുടെ കാലുകളില്‍ ചൂരല്‍ പാടുകള്‍ ഉണ്ടായിരുന്നു... 
എന്തെല്ലാം സംഭവങ്ങള്‍ ..... കളികള്‍.... ബാല്യകാലം ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാനെന്നുള്ള തിരിച്ചറിവ് അന്ന് ഉണ്ടായിരുന്നില്ല... ഇന്നും ചില കാര്യങ്ങളില്‍ ഈ തിരിച്ചറിവ് ഉണ്ടാകാറില്ല... മനുഷ്യ സഹജം.. 
കാലങ്ങള്‍ പോയി..ഹൈ സ്ക്കൂള്‍ വിട്ടു കോളേജില്‍ എത്തി... എല്ലാത്തിലും ഇതുവരെ ഇല്ലാതിരുന്ന ഒരു സ്വാതന്ത്ര്യം ... ഒരു പുതുമ... ഒരു കുളിര്... ആദ്യമായി ഒരു വിഷയത്തിനുള്ള തോല്‍വിയുടെ കൈപ്പു അവിടെ അറിഞ്ഞു... അത് പിന്നീട് അത്ര കാര്യമാക്കിയില്ല... എങ്കിലും പഠിച്ചു... കലാപരിപാടികള്‍ എല്ലാം തന്നെ ഉഷാര്‍ ആയി...  ലഹരിയുടെ ആദ്യ പാഠങ്ങള്‍ മനസ്സിലാക്കി... ജലം ആണ് ലഹരിയുടെ അടിത്തറ എന്ന് തിരിച്ചറിഞ്ഞു... അത് പിന്നെ ഒരു സന്തത സഹാജാരിയായി... ആദ്യമായി ഇലക്ഷന്‍നു നിന്നു തോറ്റു. അങ്ങനെ എ ബി വി പി യുടെ അനുഭാവി ആയി... അടുത്ത വറ്ഷം സ്വന്തം ക്ലാസ്സിലെ കൂട്ടുകാരിയെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി എസ് എഫ് ഐ യുടെ കൂടെ  ഇറങ്ങി... ഞാന്‍ മുരിക്കുമ്പുഴ കരുണാകരന്‍ എന്ന ഒരു വേഷം ഏറ്റെടുത്തു.. എല്ലാ ക്ലാസ്സിലും മിമിക്രി കാട്ടി നടന്നു... അവള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു... അങ്ങനെ ഞാന്‍ കോളേജില്‍ ഒരു ഇടതു പക്ഷ അനുഭാവി ആയി... അടുത്ത വറ്ഷം ക്ലാസ്സിലെ കൂട്ടുകാരന് വേണ്ടി കെ എസ് യു വിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ചാടി ഇറങ്ങി..   ഇത് എന്‍റെ പൊളിറ്റിക്കല്‍ ഇമേജ് നശിപ്പിച്ചു.. എല്ലാര്ക്കും ഞാന്‍ ഏതു പാര്‍ട്ടി ക്കാരന്‍ ആണെന്ന് സംശയം... ഏതായാലും ഇത്രയൊക്കെ ആയപ്പോള്‍ എന്‍റെ പഴയ സഹ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുത്തിനു പിടിച്ചു പറഞ്ഞു അടങ്ങി ഇരുന്നോളാന്‍... അനുസരിച്ചു.... അവരെ പിണക്കി നിര്‍ത്തി നേടാന്‍ ഒള്ള കായിക ബലം എന്‍റെ ശരീരത്തിന് ഇല്ലായിരുന്നു... 
പ്രണയം.... എന്തുകൊണ്ടോ.... കാണുന്ന എല്ലാ നല്ല പെണ്‍ പിള്ളാരും എന്നെ സ്നേഹിക്കുന്നതയിട്ടു എനിക്ക് തോന്നും... ജീവിതത്തിന്റെ എല്ലാ കാലഖട്ടത്തും ഇതുപോലെ  ഓരോ പേരുകള്‍ എന്‍റെ പ്രാണ സഖികള്‍ ആയി ഞാന്‍ സങ്കല്പ്പിച്ചിട്ടുണ്ട്... അങ്ങെനെ കോളേജില്‍ വച്ചു ഫൈനല്‍ ഇയര്‍ ടൂര്‍ നു ഒടുവില്‍ എന്‍റെ പ്രണയം മൊട്ടിട്ടു.... അതിന്‍റെ എടുകളിലേക്ക് ഞാന്‍ കടക്കുന്നില്ല... മനപൂര്‍വം ആണ്... ഇത് വായിച്ചു ആരും ഒരിക്കലും സങ്കടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... 
ജോലിതേടിയുള്ള യാത്ര അവസാനിച്ചത്‌ ഡല്‍ഹിയില്‍... അവിടെ കുറച്ചു നാളത്തെ വാസത്തിനു ശേഷം നേരെ ദുബായ്... എന്‍റെ ഒരു ചേട്ടന്‍റെ മഹാമനസ്കത കൊണ്ട് അങ്ങനെ ഒരു വാതില്‍ തുറന്നു കിട്ടി... ജീവിത യാത്രയില്‍ കൂടെ കൂട്ടാന്‍ ഒരു പഴയ പട്ടാളക്കാരന്റെ മകളെ കൈപിടിച്ച് കൂടെ തന്നു...കവിത ...എന്‍റെ ജീവിത സഖി ആയി... അവള്‍ എന്‍റെ എല്ലാം ആയി... അങ്ങനെ ജീവിതം ഒരു താളക്രമത്തില്‍ വന്നു.. അവള്‍ എന്‍റെ  കുഞ്ഞിനെ പ്രസവിച്ചു... 
ങേ .... എന്‍റെ ബാല്യ  ജീവിതം ഞാന്‍ കണ്മുന്നില്‍ കാണുന്നു... അവന്‍ എന്‍റെ അടവുകള്‍ പ്രയോഗിക്കുന്നു... വിശക്കുമ്പോള്‍ കരയുന്നു ... അവള്‍ പാല്‍ കൊടുക്കുന്നു... അവന്‍ ഈ കമഴ്ന്നു വീഴുന്നു... പിച്ച വക്കാന്‍ ശ്രമിക്കുന്നു... ഞാന്‍ വര്‍ത്തമാനം പറഞ്ഞു അമ്മയെ സന്തോഷിപ്പിക്കാരുല്ലതുപോലെ അവന്‍ അവളെ സന്തോഷിപ്പിക്കുന്നു... ഈശ്വരന്‍ എല്ലാം ഒന്ന് റീവൈ ന്‍ട് അടിച്ചു കാണിക്കുന്നു... എന്‍റെ ചെറുപ്പത്തില്‍ അച്ഛനും അമ്മയും എത്ര മാത്രം കഷ്ടപ്പെട്ടാണ് എന്നെ ഞാന്‍ ആക്കിയത് എന്ന്, എന്നെ കാണിക്കുന്നു... തികച്ചും ബോധത്തോടെയുള്ള ഒരു ആത്മവിചിന്തനം....

Tuesday, October 5, 2010

ബ്രഹ്മാസ്ത്രം


മീനടംകാര്‍ എന്നല്ല ലോകത്തുള്ള എല്ലാ മനുഷ്യരും ലഹരി തലയ്ക്കു പിടിച്ചാല്‍ എന്തെങ്കിലും ഒക്കെ മണ്ടത്തരങ്ങള്‍ അല്ലെങ്കില്‍ അബദ്ധങ്ങള്‍ കാണിക്കുക സാധാരണമാണ്.  ഒരര്‍ഥത്തില്‍ ഭൂലോക തമാശുകളുടെ ഒരു പ്രധാന ചേരുവക ആണ് കള്ള്. ഒരു രസകരമായ സംഭവം ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കാം....

വേനല്‍ക്കാല അവധികള്‍ക്കെല്ലാം തന്നെ ഞാനും അനിയനും അമ്മവീട്ടില്‍ പോയി നില്‍ക്കുക സാധാരണമാണ്... ചെങ്ങന്നൂര്‍ ആണ് സ്ഥലം.... അമ്മാവന്റെ മക്കളും മറ്റു ചില ബന്ധുക്കളും ഒക്കെ ആയി അവധി ഞങ്ങള്‍ അവിടെ തകര്‍ത്തു വാരും.... കോളേജില്‍ ഒരു അവധിക്കാലം... പതിവുപോലെ ഞങ്ങള്‍ അമ്മവീട്ടില്‍ അവധിക്കു താവളം അടിച്ചു.... ഇവിടെ ഞങ്ങളുടെ ഒരു ബന്ധുവിന്റെ (ജിത്തു) സുഹൃത്തിനു ഒരു ബാര്‍ നടത്തിപ്പ് ഉണ്ട്... മറ്റു കലാപരിപാടികള്‍ ഒന്നും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ അവിടെ ഒന്ന് സന്ദര്‍ശിക്കും.... കുശല പ്രശ്നങ്ങള്‍ ഒക്കെ നടത്തി സൊറ പറഞ്ഞു സമയം കളയും....... ഒരു ദിവസം ഞങ്ങള്‍ ചുമ്മാ അവിടെ ലാത്തിയടിച്ചു സമയം കൊല്ലുന്ന നേരം... നന്നായി ഇരുട്ട് പരന്നിട്ടും വീട്ടില്‍ പോകാന്‍ ആരും തയ്യാറാല്ലരുന്നു.  ആ സ്ഥാപനം സാമാന്യം ഭേദപ്പെട്ട രീതിയില്‍ അന്നത്തെ കച്ചവടം പൊലിപ്പിക്കുന്നു... അവിടെയുള്ള എല്ലാ കുടിയന്മാരും ഈ ബാറിന്റെ ഉടമസ്ഥന്റെ നല്ല മനസ്സിനെ പ്രശംസിച്ചും മറ്റും കള്ളിനെ സ്നേഹിച്ചു കൊണ്ടിരുന്നു....
പെട്ടന്ന് കറന്റ്‌ പോയി.....
പടോ എന്നൊരു ഒച്ചയും കേട്ടു കൂടെ കുറെ കുപ്പികള്‍ ഉടയുന്നതിന്റെയും.... ഒരു മിനിറ്റ് നു ശേഷം കറന്റ്‌ വന്നു.... പക്ഷെ ആ കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി... കൌണ്ടേര്‍ഇല്‍ നിരത്തി വച്ചിരുന്ന കുപ്പികള്‍ കുറെ തകര്‍ന്നു താഴെ കിടക്കുന്നു... ആരോ കറക്റ്റ് ഉന്നം പിടിച്ചു എറിഞ്ഞിരിക്കുന്നു.... 
ദാ പെട്ടന്ന് വീണ്ടും കറന്റ്‌ പോയിരിക്കുന്നു... 
വീണ്ടും പടോ എന്നൊരു ഒച്ചയും കേട്ടു കൂടെ കുറെ കുപ്പികള്‍ ഉടയുന്നതിന്റെയും... മറ്റുള്ള കുപ്പികള്‍ കൂടി തകര്‍ത്തു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.... ആകെ അങ്കലാപ്പിലായി... ഈ ഇരുട്ടടിക്ക് ശേഷം പെട്ടന്ന് തന്നെ കറന്റ്‌ വന്നു.... ഹൃദയ ഭേദകമായ ആ കാഴ്ച അവിടെയുള്ള കുടിയന്മാര്‍ ദയനീയമായി നോക്കി ഇരുന്നു... എന്ത് ചെയ്യാം.. ആരെ പിടിക്കും.... വീണ്ടും പഴയ പടി എല്ലാവരും അവനവന്റെ കുപ്പികളില്‍ ശ്രദ്ധ ഉറപ്പിച്ചു അവ കാലിയാക്കാം ഉള്ള ശ്രമം ആരംഭിച്ചു... നമ്മുടെ സുഹൃത്തിനു ആകെ കലിയിളകി നില്‍ക്കുന്നു.... ഇത് എങ്ങനെ ഒന്ന് കണ്ടുപിടിക്കും.... ആലോചിച്ചു ഒരു ഇതും പിടിയും ഇല്ലാതെ ഞങ്ങള്‍ അങ്ങനെ വായും പൊളിച്ചു നില്‍ക്കുമ്പോള്‍ ബാറിന്റെ അങ്ങേ മൂലയ്ക്ക് ഒരാള്‍ എഴുന്നേറ്റു നിന്നു ഉറക്കെ വിളിച്ചു പറയുന്നു... 
ഞാന്‍ ഒരു ബ്രഹ്മാസ്ത്രം അങ്ങോട്ട്‌ അയച്ചാരുന്നു അതിന്‍റെ റിസള്‍ട്ട്‌ ഇതുവരെ ഇങ്ങു വന്നില്ല... 
പിന്നെ ഒന്നും നോക്കിയില്ല, ജിത്തു കയ്യില്‍ കിട്ടിയ ഒരു കസേരയുമെടുത്തു പുള്ളിയുടെ നേരെ പാഞ്ഞടുത്തു... നിനക്ക് ഞാന്‍ ഇപ്പം തന്നെ റിസള്‍ട്ട്‌ തരാമെടാ... ജിത്തു അലറി.... പിന്നെ അവിടെ ബ്രഹ്മസ്ത്രമാണോ, ആഗ്നെയസ്ത്രമാണോ, കിടുകിടാസ്ത്രമാണോ, അറിയാവുന്ന എല്ലാ അസ്ത്രങ്ങളുടെയും പേരില്‍ ആ പാവത്തിനെ തൂക്കിയെടുത്തു പപ്പടമാക്കി പുറത്തെറിഞ്ഞു... അബോധാവസ്ഥയില്‍ കിടക്കുന്ന പുള്ളിയുടെ മുഖം ഞാന്‍ ഒന്ന് ഉയര്‍ത്തി നോക്കി.. ഇനി ഏതെങ്കിലും മീനടംകാരന്‍ ആയിരിക്കുമോ????  അതായിരുന്നു എന്‍റെ സംശയം.... ഭാഗ്യം മീനടത്തുള്ള ആരുടേയും മുഖച്ഛായ പുള്ളിക്കില്ലാരുന്നു....

നോട്ട്:  ഇത് ഞങ്ങള്‍ കൂട്ടുകാരുടെ ഇടയില്‍ ഇപ്പോഴും ഈ Phrase അലങ്കാര ഭാഷയില്‍ പ്രയോഗിക്കുന്നു... ഒരു പണി കൊടുത്തു കഴിഞ്ഞു അതിന്‍റെ റിസള്‍ട്ട്‌ വന്നില്ലെങ്കില്‍ നിങ്ങള്‍ക്കും ഈ ബ്രഹ്മാസ്ത്ര പ്രയോഗം ഉപയോഗിക്കാം....

Friday, September 10, 2010

അപമൃത്യു


"എനിക്കറിയാം നിനക്കെന്തറിയാമെന്നെനിക്കറിയാം , 
ഇല്ല ചൊല്ലില്ല ഞാനതാരോടും , 
നീ പറഞ്ഞതൊക്കെയും പൊള്ളുകള്‍, നീ കണ്ടതൊക്കെയും പാഴ്കിനാവുകള്‍ " ....  അതിശയിക്കെണ്ടാ... കവിയരങ്ങോന്നും അല്ല .. മീനടത്തെ കരയോഗം ആണ് രംഗം. കരയോഗം പ്രസിഡണ്ട്‌ കുന്നേല്‍ ചന്ദ്രപ്പന്‍ ചേട്ടന്‍ ആണ് കവിത ചെല്ലുന്നത്.. അവിടെയിരിക്കുന്ന കരയോഗം മെംബേര്‍സ് എല്ലാരും ഏതാപ്പാ കോതമംഗലം എന്ന മട്ടില്‍ വായും തുറന്നു കവിത കേട്ട് ഇരിക്കുന്നു. ചന്ദ്രപ്പന്‍ ചേട്ടന്‍ ഇങ്ങനെ ആണ്, ഒരു അരങ്ങു കിട്ടിയാല്‍ പുള്ളി അത് സ്വന്തം കവിത അവതരിപ്പിക്കാന്‍ പ്രയോജനപ്പെടുത്തും. കരയോഗം പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പ് ഇങ്ങനെ ഒരു ശീലം പുള്ളിക്കുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു... അറിഞ്ഞിരുന്നെകില്‍ ഒരു പക്ഷെ ഈ പ്രസിഡണ്ട്‌ സ്ഥാനം നാട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തേനെ. 
ഞങ്ങടെ കരയോഗം ബഹു രസം ആണ്.. ആദ്യകാലങ്ങളില്‍ ഞാന്‍ വിചാരിച്ചിരുന്നത് വെറുതെ നായന്മാര്‍ എല്ലാരും കൂടി ചായ കുടിക്കാനും , പുളുവടിക്കാനും, ചിട്ടി പിടിക്കാനും ആണ് ഈ കരയോഗം എന്നാണ് കരുതിയിരുന്നത്.  പിന്നീടാണ് ഇത് നായന്മാരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള സംഖടന ആണെന്ന് തിരിച്ചറിഞ്ഞത്. ഏതായാലും ചന്ദ്രപ്പന്‍ ചേട്ടന്‍ കവിത ചൊല്ലി തകര്‍ക്കുവാണ്.. എങ്ങോട്ടാണ് ഈ കവിത പോകുന്നതെന്നോ.... എന്താണ് ഈ കവിതയുടെ അര്‍ത്ഥമെന്നോ അവിടെ കൂടിയിരിക്കുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലായിട്ടില്ല.... എങ്കിലും കരയോഗം പ്രസിടെന്ടല്ലേ .... അങ്ങ് കേട്ട് കളയാം എന്ന് എല്ലാരും ക്ഷമിച്ചു. ഏതായാലും കാണികളുടെ നെല്ലിപ്പലക തകരുന്നതിനു മുന്‍പ് ചന്ദ്രപ്പന്‍ ചേട്ടന്‍ കവിത അവസാനിപ്പിച്ചു. ചിട്ടിക്കുള്ള തവണ അടക്കാന്‍ ഇല്ലാത്തപ്പോള്‍ അച്ഛന്‍ കരയോഗത്തിന് പോകാനുള്ള അവസരം എനിക്കും അനിയനുമാണ് തരുന്നത്.. ഞങള്‍ പോയി സുഖമായി ചായയും കുടിച്ചു അവിടെ നടക്കുന്ന ചര്‍ച്ചയില്‍ നോക്കുകുത്തി ആയി ഇരുന്നിട്ട് പോരും.... ഇനി ചര്‍ച്ചയാണ്... നാട്ടില്‍ നടന്നതും നടക്കാനിരിക്കുന്നതുമായ പ്രശ്നങ്ങളും ചടങ്ങുകളും, പുതിയ സംരംഭങ്ങളും എല്ലാം ഒന്ന് ഇരുത്തി വിശകലനം ചെയ്യുന്നു. ആഗോള തലങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍ വരെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. മീനടത്തെ പുതിയ കരയോഗ കെട്ടിടം പണിയുന്നതിന്‍റെ ചര്‍ച്ച ആഞ്ഞു നടക്കുന്നു. 
ശുമസ്യ ശീഖ്രം  എന്നാണല്ലോ...
ആര്‍ക്കും ആ പഴഞ്ചൊല്ല് മനസ്സിലായില്ല... പറഞ്ഞത് കാഞ്ഞിരം തറവാട്ടിലെ വാമദേവന്‍ നായര്‍.... വെപ്പ് പല്ല് തേഞ്ഞതു കാരണം അതിന്‍റെ അലൈന്‍മെന്‍റ് ഇല്‍ ഉള്ള തകരാറാണ് ശുഭസ്യ ശീഖ്രം എന്നുള്ള ഈ ചൊല്ല് വാമദേവന്‍ നായരുടെ വായിലൂടെ ഇങ്ങനെ അവതരിച്ചത്.  ഏതായാലും കെട്ടിടത്തിന്‍റെ പണി പെട്ടന്ന് തീര്‍ക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് പുള്ളി എല്ലാവര്ക്കും തന്‍റെ പഴംചൊല്ല് വിവരിച്ചു കൊടുത്തു... അന്ന് ചാമാത്തോട്ടിലെ മോഹന്‍ ചേട്ടന്‍ അല്പം ഫിറ്റ്‌ ആണ്.... എല്ലാവര്ക്കും ഇത് മനസ്സിലാവുകയും ചെയ്തു... കാരണം പുള്ളിയുടെ എല്ലാ ചലനങ്ങളിലും മദ്യത്തിന്റെ ആധിപത്യം ഉണ്ട്. 


പ്രസിടെണ്ടേ എനിക്കൊരു കാര്യം പറയാനുണ്ട്‌...  
മോഹന്ചെട്ടന്‍ ആണ് എഴുന്നേറ്റു നിന്നു പറഞ്ഞത്... ആ നില്പും ആട്ടവും ഒക്കെ കണ്ടപ്പോള്‍ പ്രസിടെണ്ട് ആ ആവശ്യം ചെവിക്കൊണ്ടില്ല.... മറ്റു ചര്‍ച്ചകള്‍ വീണ്ടും സജീവമായി.... 


പ്രസിടെണ്ടേ എനിക്കൊരു കാര്യം പറയാനുണ്ട്‌...  
ദേ വീണ്ടും മോഹന്‍ ചേട്ടന്‍.. പ്രസിഡണ്ട്‌ മൂന്നാല് പ്രാവശ്യം മോഹന്ചെട്ടന്‍ ന്‍റെ ഈ ആവശ്യം നിരാകരിച്ചു.  ഒടുവില്‍ സഹികെട്ട് മോഹന്ചെട്ടന്‍ ..
ഇനി എനിക്ക് പറയാനുള്ളത് കേട്ടില്ലെങ്കില്‍ ഞാന്‍ യോഗം ബഹിഷ്കരിക്കും... 
എങ്കില്‍ മോഹനന് എന്താണ് പറയാനുള്ളതെന്ന് വച്ചാല്‍ പറ ... അവസാനം സഹികെട്ട് പ്രസിടെണ്ട് അനുവാദം കൊടുത്തു... മൂന്നു നാല് പ്രാവശ്യം അവസരം നിഷേധിച്ചതിലുള്ള ദേഷ്യം കാരണം എന്താണ് താന്‍ പറയാന്‍ വന്നതെന്നുള്ള കാര്യം പാവം മോഹന്‍ ചേട്ടന്‍ മറന്നു... എന്താ മോഹനാ പറയാന്‍ ഉള്ളത്.... അത്.. അത്... മോഹന്‍ ചേട്ടന്‍ നെറ്റി തിരുമ്മി ഓര്‍മ്മ വലിച്ചെടുക്കാന്‍ ശ്രമിച്ചു.... നടക്കുന്നില്ല.... എങ്കില്‍ കളി കണ്ടിട്ട് തന്നെ കാര്യം .. തോല്‍ക്കാന്‍ മോഹന്‍ ചേട്ടന്‍ തയ്യാര്‍ അല്ലായിരുന്നു.. അത് നമ്മുടെ ആ തെക്കേതിലെ ശാന്തമ്മേടെ കെട്ടിയോന്‍ കഴിഞ്ഞ മാസം അപമൃത്യു വന്നു മരിച്ചു.... പ്രസിടെണ്ട് നു അതെക്കുറിച്ച് എന്താണ് പറയാനുള്ളത്... മോഹന്‍ ചേട്ടന്‍ ആര്‍ക്കണ്ടോ വേണ്ടി ഒരു ചോദ്യം ചോദിച്ചു... ആരാണ്ട് എങ്ങാണ്ട് മരിച്ചതിനു പാവം ചന്ദ്രപ്പന്‍ ചേട്ടന്‍ എന്ത് ചെയ്തു... ചെന്ദ്രപ്പന്‍ ചേട്ടന്‍ വായും പൊളിച്ചു നില്‍ക്കുമ്പോള്‍ മോഹന്‍ ചേട്ടന്‍റെ അടുത്ത ചോദ്യം... അല്ലെങ്കില്‍... നമ്മുടെ കിഴക്കേതിലെ തമ്പി ഈ കഴിഞ്ഞ ആഴ്ച അപമൃത്യു വന്നു മരിച്ചു...പ്രസിടെണ്ട് നു അതെക്കുറിച്ച് എന്താണ് പറയാനുള്ളത്.... മോഹന്‍ ചേട്ടന്‍റെ ഈ ചോദ്യം കൂടി ആയപ്പോള്‍ അടുത്ത അപമൃത്യുവിനു മുന്‍പ് എന്‍റെ അച്ഛന്‍ പുള്ളിയെ പിടിച്ചു കസേരയില്‍ ഇരുത്തി.... മോഹനാ നീ അല്പം ഓവര്‍ ആണ്... അച്ഛന്‍ താക്കീതു കൊടുത്തു.... ഏതായാലും ചായ കുടിച്ചു പിരിയുമ്പോഴും  പ്രസിടെന്റിന്റെ അന്ധാളിപ്പ് മാറിയിട്ടില്ല.... ഇന്നും മോഹന്‍ ചേട്ടന്‍ നാട്ടുകാരുടെ ഇടയില്‍ അപമൃത്യുവിന്‍റെ   പ്രൊമോട്ടര്‍ ആണ്.... 

Thursday, September 2, 2010

വെല്‍ വിഷര്‍

 മീനടംകാര്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അപരിചിതര്‍ അല്ല എന്ന് കഥാകൃത്തിനു അറിയാം.... ദൈവത്തിന്‍റെ സൃഷ്ടികള്‍ എല്ലാം ഒന്നിനൊന്നോടു വ്യത്യസ്തമായത് എത്ര നന്നായി... എന്‍റെ സ്കൂള്‍ പഠനം കഴിഞ്ഞു ഞാന്‍ കോളേജില്‍ പോകുന്ന കാലം... വല്യച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി കമ്പ്യൂട്ടര്‍ പഠിക്കാന്‍ NIIT യില്‍ ചേര്‍ന്നു... എല്ലാ ചിലവുകളും അദ്ദേഹം സ്പോണ്‍സര്‍ ചെയ്തു... അങ്ങനെ ഒരു ചെലവ് താങ്ങാന്‍ എന്‍റെ അച്ഛന് അത്ര കെല്‍പ്പൊന്നും ഇല്ലായിരുന്നു... അതുകൊണ്ട് എന്‍റെ ഭാവിയും അച്ഛന്റെ ഭാവിയും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്... എന്‍റെ അച്ഛന് ഒരു പ്രത്യേകത ഉണ്ട്... എത്ര പൈസ കയ്യില്‍ കിട്ടിയാലും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് അപ്രത്യക്ഷമാക്കും... അച്ഛന്‍റെ ഈ കഴിവ് വല്യച്ചനു ശരിക്കും അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം എന്‍റെ ജീവിതം പച്ചപിടിപ്പിക്കാന്‍ ഉള്ള അടിത്തറ ഇങ്ങനെ പാകിയത്‌. 
NIIT യില്‍ പഠനത്തെക്കാള്‍ ഉപരി മറ്റു കലാപരിപാടികളില്‍ ആയിരുന്നു ശ്രദ്ധ... അങ്ങനെ വളരെ അധികം കൂട്ടുകാര്‍ ഉണ്ടായി... എല്ലാവര്ക്കും ഒരേ ഒരു അഭിപ്രായമാണ് കമ്പ്യൂട്ടര്‍ ഇന്‍റെ കാര്യത്തില്‍.... പരമ ബോര്‍.... പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും എനിക്ക് എങ്ങനെ എങ്കിലും സംഭവം പഠിച്ചു വല്യച്ചനോട് നീതി പുലര്‍ത്തണം എന്നുള്ള ഒരു മനോഭാവവും ഉണ്ട്... അതുകൊണ്ട് കാര്യങ്ങള്‍ വല്യ തെറ്റില്ലാതെ നടന്നു. ഇവിടെ എന്‍റെ ഒരു സുഹൃത്താണ് രാജീവന്‍.. ഇദ്ദേഹം എല്ലാം പ്രോത്സാഹിപ്പിക്കും.... കലയുടെ ആരാധകനാണ് ഇദ്ദേഹം... പാടുവോ ? ഇല്ലാ പക്ഷെ പ്രോത്സാഹിപ്പിക്കും.... എന്തെങ്കിലും വാദ്യോപകരണങ്ങള്‍? ഇല്ല പക്ഷെ പ്രോത്സാഹിപ്പിക്കും.... കവിത ... കഥ... എഴുതുവോ ? ഇല്ല പക്ഷെ പ്രോത്സാഹിപ്പിക്കും... അങ്ങനെ ഇദ്ദേഹത്തിന്‍റെ പ്രോത്സാഹനത്തില്‍ പല കലാപരിപാടികളും അരങ്ങേറുന്ന സമയം... ഒരു ദിവസം എന്തോ കലാ പരിപാടികള്‍ പ്ലാന്‍ ചെയ്യാനായി ഇദ്ദേഹം എന്‍റെ വീട്ടില്‍ വന്നു... അച്ഛന്‍ എവിടെയോ പോയിട്ട് വൈകുന്നേരം തിരിച്ചു വീട്ടില്‍ വരുമ്പോള്‍ രാജീവനും ഞാനും എന്തോ സംസാരിച്ചും കൊണ്ട് തിണ്ണയില്‍ ഇരിക്കുന്നു... 
അച്ഛന്‍ വന്നു കയറിയ പാടെ... ഒരു സിഗരറ്റ് ഉണ്ടോടാ ഒന്ന് വലിക്കാന്‍.... കടുപ്പിച്ചൊരു ചോദ്യം.... വല്യ ചുറ്റിക വച്ചു തലക്കടിച്ച ഒരു അനുഭവം... അങ്ങനെ ഒരു ശീലം ഇല്ലാതിരുന്നിട്ട് കൂടി നില്‍ക്കുന്ന സ്ഥലത്ത് കാല്‍ ഉറക്കാത്ത ഒരു അവസ്ഥ. രാജീവന്‍ മുതുകാടിനെ മനസ്സില്‍ ധ്യാനിച്ച്‌ ഈ നിമിഷം അപ്രത്യക്ഷമാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വിചാരിച്ചു നില്‍ക്കുന്നു... ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായില്ല... എങ്കിലും എതിര്‍ത്തു... അച്ഛന്‍റെ മറ്റൊരു ഏറു ചൂണ്ട... അപ്പോള്‍ നീ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ലാ ? ? ? ... നല്ല കലിപ്പില്‍ നില്‍ക്കുന്ന അച്ഛനോട് കള്ളം പറയാന്‍ ഉള്ള ഭയം കൊണ്ട് പണ്ടെപ്പോഴോ വലിച്ചിട്ടുന്ടെന്നുള്ള സത്യം പറഞ്ഞു... അത് സത്യം.... പണ്ടെപ്പോഴോ ചെറുപ്പത്തില്‍ ഒരു കുസൃതിക്കു ചെയ്ത കാര്യം...പക്ഷെ നാലഞ്ചു വറ്ഷം മുന്‍പ് ചെയ്ത കാര്യം ഇപ്പോള്‍ ഈ കലിപ്പില്‍ ചോദിക്കേണ്ട കാര്യം ? ? ഒന്നും മനസ്സിലാവുന്നില്ലാ... എവിടെയോ എന്തോ ഒരു പിശക്.. ഏതായാലും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കുറെ ശകാരം... പാവം രാജീവനും കിട്ടി.... 
അതിനു ശേഷം പിന്നീടെപ്പോഴോ അമ്മയില്‍ നിന്നും അറിഞ്ഞു... റേഷന്‍ കടക്കാരന്‍ ഗോവിന്ദന്‍ ന്‍റെ ഇന്‍ഫര്‍മേഷന്‍ ആയിരുന്നു അത്.. പുള്ളിയുടെ കടയില്‍ നിന്നും ഞാനും (ളാകത്തെ മൂത്ത പയ്യന്‍) എന്‍റെ ഒരു സുഹൃത്തും കൂടി സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടി വാങ്ങി എന്ന്...  വീണ്ടും എവിടെയോ എന്തോ ഒരു പിശക്... ഇങ്ങനെ ഒരു പച്ചക്കള്ളം പറയേണ്ട ആവശ്യം എന്താണ് അങ്ങേര്‍ക്കു ?... അന്ന് വൈകുന്നേരം അനിയന്‍ എന്നോട് സ്വകാര്യമായി പറഞ്ഞു... "ചേട്ടന്‍ ഇനി അതിന്‍റെ പുറകെ ചിന്തിച്ചു സമയം കളയേണ്ട... അത് എന്‍റെ ആ കൂട്ടുകാരന് വേണ്ടി ഞാന്‍ അവിടുന്ന് ഒരു തീപ്പെട്ടി വാങ്ങിയതാ... റഷന്‍ കടക്കാരന്‍ ഗോവിന്ദന്റെ പ്രോത്സാഹനം ഒക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി ആള് കുഴപ്പമില്ലെന്ന്... പക്ഷെ ഈ പ്രോത്സാഹനം അച്ഛനും കൂടി പുള്ളി കൊടുക്കുമെന്ന് ഞാന്‍ നിരീച്ചില്ലാ....അങ്ങനെ ചൂടാറാതെ ഈ വിവരം അച്ഛന് കൈ മാറിയപ്പോള്‍ പുള്ളിക്ക് നമ്മളില്‍ ആള് മാറിപോയതാണ് ഈ കോലാഹലം ഉണ്ടായത്... "
എങ്ങനെ ഉണ്ട് ഞങ്ങളുടെ വെല്‍ വിഷര്‍... 
ഏതായാലും അതില്‍ പിന്നെ ഞാനും അനിയനും മീനടം ഗ്രാമത്തില്‍ ഒരാളുടെ കടയില്‍ നിന്നും തീപ്പെട്ടി വാങ്ങിയിട്ടില്ലാ... മാത്രമല്ല രാജീവനും ഈ അനുഭവം മുന്‍കൂട്ടി കണ്ടു അവന്‍റെ നാട്ടില്‍ നിന്നും തീപ്പെട്ടി വാങ്ങുന്നത് നിര്‍ത്തി.....

Saturday, August 28, 2010

തങ്കമ്മേടെ പുല്ലുംകെട്ട് ....

ഓണം എല്ലാ മലയാളികള്‍ക്കും എന്നപോലെ മീനടംകാര്‍ക്കും ഒരു ആഖോഷമാണ്. മാവേലിയെ വരവേല്‍ക്കാന്‍ മീനടംകാര്‍ പറന്നു നില്‍ക്കും... ഇങ്ങനെ പറന്നു നില്ക്കാന്‍ അവര്‍ക്ക് ശകലം വീര്യം ഉള്ളില്‍ ചെല്ലണം.. അതുകൊണ്ട് ഓണനാളില്‍ മീനടം അല്പം ഫിറ്റ്‌ ആണ്... പൊന്മണിയുടെ കടയിലേക്കും മറ്റും ചരക്കെടുക്കാന്‍ പോകുന്ന ഒരു കാളവണ്ടി ഉണ്ട്....മീനടംകാരുടെ താല്‍ക്കാലിക കോട്ടയം ആവശ്യങ്ങള്‍ പുള്ളി ആണ് നിറവേറ്റുക.  കൊമ്പന്‍ മീശയും പിരിച്ചു അതിന്‍റെ സാരഥി ആയി ഇരിക്കുന്ന ജോസേട്ടനെ (പേര് യാതാര്‍ത്ഥ്യം ആകണമെന്നില്ല..) കണ്ടാല്‍ ആരും ഒന്ന് നോക്കും. ജോസെട്ടനോ ഈ ഭൂലകത്തു വേറെ ഒരു വണ്ടിയും എന്‍റെ വണ്ടിയോട് മുട്ടാന്‍ ഇല്ല എന്നുള്ള ഭാവം.. ഞങ്ങള്‍ പിള്ളേര്‍ക്കെല്ലാം ഈ വണ്ടി ഒരു കൌതുകം ആണ്... ജോസേട്ടന് പിള്ളാരും വല്യ കാര്യമാണ്... കാളവണ്ടിയുടെ എല്ലാ സാങ്കേതിക വശങ്ങളും ജോസേട്ടന്‍ പിള്ളാര്‍ക്ക് വിവരിച്ചു കൊടുക്കും.  ഈ ജോസേട്ടനും, കട്ടയിലെ പുന്നൂസേട്ടനും എല്ലാം സ്ഥിരം BAR മേറ്റ്സ് ആയിരുന്നു.. ഇദ്ദേഹത്തിന്റെ കോട്ടയത്ത്‌ നിന്നുള്ള തിരിച്ചു വരവ് കുറച്ചൊക്കെ പുന്നൂസേട്ടന്റെ വീട്ടില്‍ പോക്കുമായി സാമ്യമുണ്ട്‌...
ഈ ജോസേട്ടനെ കുറിച്ച് പറയുമ്പോള്‍, അദ്ധേഹത്തിന്റെ മകളുടെ കാര്യം പറയാതിരിക്കാന്‍ വയ്യ... ആരെയും വ്യക്തിപരമായി ദ്രോഹിക്കാന്‍ അല്ലെങ്കില്‍ കൂടിയും, ചില യാഥാര്‍ത്യങ്ങള്‍ കഥാകൃത്തിനു മറച്ചു പിടിക്കാന്‍ കഴിയില്ല.... ഇദ്ദേഹത്തിന്‍റെ മകള്‍ കോളേജ് ഇല്‍ പ്രീ ഡിഗ്രീ ക്ക് ചേര്‍ന്ന സമയം... അച്ഛന്‍ കാളവണ്ടിക്കാരന്‍ ആണെന്നുള്ള ഒരു നാണക്കേട്‌ പരിഷ്കാരിയായ മകള്‍ക്കുണ്ടായിരുന്നു. പുള്ളിക്കാരി ഈ യാഥാര്‍ത്ഥ്യം ഉള്ളില്‍ കടിച്ചു പിടിച്ചു കോളേജ്ഇല്‍ പോകുന്ന കാലം.. ഒരു അവധിക്കാലം .... പുള്ളിക്കാരിയുടെ കോളേജ്ഇലെ  സുഹൃത്തുക്കള്‍ക്ക് പുള്ളിക്കാരിയുടെ വീടും നാടും കാണാന്‍ ഒരു മോഹം. അവളോട്‌ പറയാതെ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍ ഇവരില്‍ വിരുതന്മാരായ ചിലര്‍ മീനടം വരെ എത്തി... അതിനു ശേഷം വഴി ചോദിക്കാതെ മുന്‍പോട്ടു പോകാന്‍ പറ്റില്ലാതെ വന്നപ്പോള്‍ ഇവര്‍ പൊന്മണിയുടെ കടയില്‍ കയറി ഒരു സോഡാ പൊട്ടിച്ചു കൊണ്ട് ചോദിച്ചു... 
ഇവിടെ ഈ ബാങ്ക് മാനേജര്‍ ജോസിന്‍റെ വീട് ഏതാണ്? 
കടയില്‍ ഉണ്ടായിരുന്ന സര്‍വ്വ ആള്‍ക്കാരുടെ നോട്ടവും ഈ പയ്യന്മാരില്‍ ഉറച്ചു.... അങ്ങനെ ഒരു ബാങ്ക് മാനേജര്‍ എന്നല്ല.... അന്ന് മീനടം പ്രദേശത്ത് ഒരു ബാങ്ക് മാനേജര്‍മാരും താമസം ഇല്ലാരുന്നു... വഴി തെറ്റി വന്ന പയ്യന്മാരെ ഒന്ന് സഹായിച്ചേക്കാം എന്ന് കരുതി വിത്ത്‌പുരക്കല്‍ വീട്ടിലെ രഖു ചോദിച്ചു... മീനടം എന്ന് തന്നെ ആണോ പുള്ളി അഡ്രസ്‌ തന്നത്... പയ്യന്മാര്‍ക്ക് നൂറു ശതമാനം ഉറപ്പു... ഒന്ന് കൂടി വ്യക്തമാക്കാന്‍ അവര്‍ പറഞ്ഞു.. പുള്ളിയുടെ ഒരു മകള്‍ പാമ്പാടി KG കോളേജ് ഇല്‍ പഠിക്കുന്നു.... ഇത് കേട്ടപ്പോള്‍ ഉറുമ്പയിലെ രാജു പറഞ്ഞു... ഇവിടെ അങ്ങനെ ഒരു ബാങ്ക് മാനേജര്‍ ഇല്ല... പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ ഒരു ജോസേട്ടന്‍ ഉണ്ട്.. പുള്ളിയുടെ മകളും KG കോളേജ് ഇല്‍ ആണ് പഠിക്കുന്നത്... പക്ഷെ....
ഒന്ന് നിര്‍ത്തി രാജു തുടര്‍ന്നു.... പുള്ളി ബാങ്ക് മാനേജര്‍ അല്ല.... ഒരു കാളവണ്ടിക്കാരന്‍ ആണ് ഞാന്‍ പറയുന്ന ജോസേട്ടന്‍.... 
ഏതായാലും ഇവര്‍ അങ്ങോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കി, ഏതായാലും വന്നതല്ലേ അതാണോ വീടെന്നു നോക്കികളയാം എന്ന് കരുതി അവര്‍ കളം വിട്ടു.. അപ്പോള്‍ അവിടെ ഇരുന്ന വെട്ടത്തെ കൊച്ചുമോന് ഒരു സംശയം... ഇനി ഇപ്പം ലത് ശരിയായിരിക്കുമോ... ബാങ്ക് മാനേജര്‍ തന്നെ ആണോ നമ്മുടെ കാളവണ്ടിക്കാരന്‍ ജോസേട്ടന്‍ ????  കൊച്ചുമോന്‍റെ  സംശയം കടയില്ലുള്ള ഗ്രൂപ്പ്‌ ഏറ്റുപിടിച്ചു... നിജ സ്ഥിതി ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... കൊച്ചുമോനും രാജുവും അങ്ങോട്ട്‌ വച്ചു പിടിച്ചു.... അവര്‍ വീട്ടില്‍ കയറിയില്ല.. അതിനു മുന്‍പേ കൂട്ടുകാരുടെ സര്‍പ്രൈസ് വിസിറ്റ് മുഴുവനായി ഉള്‍ക്കൊള്ളാന്‍ പറ്റാതെ ബാങ്ക് മാനേജര്‍ ജോസേട്ടന്റെ മോള്‍ ഉമ്മറത്ത്‌ കൂട്ടുകാരെ സ്വീകരിക്കുന്നു.... രാജുവും മോനിച്ചനും കാര്യം മനസ്സിലായി.....
അങ്ങനെ കാളവണ്ടിക്കാരന്‍ ജോസേട്ടന് സ്വന്തം മകള്‍ കാരണം മീനടത്തു മറ്റൊരു പേര് കിട്ടി... ബാങ്ക് മാനേജര്‍.  
നല്ല മഴ ഉള്ള ഒരു ഓണക്കാലത്ത് , തോടും അരുവികളും എല്ലാം നിറഞ്ഞു ഒഴുകുന്നു... പൊതുവേ എല്ലാരും സ്വന്തം വീടുകളില്‍ കട്ടന്‍ കാപ്പിയും കുടിച്ചു മൂടി പുതച്ചു ഇരിക്കുന്നു...  അന്ന് നമ്മുടെ ജോസേട്ടന്‍ രാവിലെ തന്നെ അല്പം മിനുങ്ങി നില്‍ക്കുന്നു.... തങ്കമ്മ പുല്ലു ചെത്താന്‍ കണ്ടത്തില്‍ (പാടം അല്ലെങ്കില്‍ വയല്‍ ) പോയിരിക്കുന്നു ....  പെട്ടന്ന് ജോസേട്ടന്‍ നോക്കി നില്‍ക്കുമ്പോള്‍ വെള്ളം ഇരച്ചു കയറുന്നു.... റോഡും തോടും എല്ലാം വെള്ളം... മലവെള്ളം വരവാണെന്ന് തോന്നുന്നു...... പെട്ടന്നാണ് ജോസേട്ടന്‍ പുല്ലു ചെത്താന്‍ പോയ തങ്കമ്മയെ കുറിച്ച് ഓര്‍ത്തത്‌..... അയ്യോ അവള്‍ ഒറ്റക്കാണല്ലോ പോയത്... ജോസേട്ടന്‍ നേരെ അരപ്ലൈസ് (തിണ്ണയില്‍ അല്പം ഉയര്തികെട്ടിയ തറ, പണ്ടത്തെ വീടുകളുടെ ഒരു പ്രത്യേകത ആയിരുന്നു..) ഇല്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.... 
എടീ തങ്കമ്മേ നീ ആ പുല്ലും കെട്ടു അവിടെ വെച്ചേരെ, ഞാന്‍ അങ്ങ് ഊളിയിട്ടു എത്താം... 
ഈ വാക്കുകള്‍ റോഡില്‍ കൂടി പോവുക ആയിരുന്ന ചമത്തറയിലെ മോഹന്‍ ചേട്ടന്‍ കേട്ടു... അതിന്‍റെ കൂടെ പൊത്തോ എന്നൊരു ഒച്ചയും കൂടെ എന്‍റെ അമ്മേ എന്നൊരു അലര്‍ച്ചയും കേട്ടു....  ആകെ പരിഭ്രാന്തനായി മോഹന്ചെട്ടന്‍ ഓടിക്കയറി ജോസേട്ടന്റെ വീട്ടില്‍ ചെന്നു... നോക്കിയപ്പോള്‍ മിറ്റത്തുകിടന്നു ജോസേട്ടന്‍ നിലവിളിക്കുന്നു.... ഏതായാലും പൊക്കി എടുത്തു എല്ലാരും കൂടി ആശുപത്രിയില്‍ എത്തിച്ചു... കഴുത്ത് ഉളുക്കി ...രണ്ടാഴ്ച ഡോക്ടര്‍ പ്ലാസ്റ്റെര്‍ ഇട്ടു കിടത്തി...സംസാരിക്കാര്‍  ആയപ്പോള്‍ പുള്ളി തന്നെ പറഞ്ഞു... എന്‍റെ പോന്നു മോഹനാ രാവിലെ അടിച്ചതിന്റെ കിക്ക് കാരണം ഞാന്‍ വിചാരിച്ചു വെള്ളം മുഴുവന്‍ അങ്ങ് പോങ്ങിയെന്നു... ഭാര്യയെ ഒന്ന്  സഹായിക്കാന്‍ നേരെ ചാടി ഊളിയിട്ടു നീന്തിയതാ.... നീ ഇത് ആരോടും പറയേണ്ടാ... പക്ഷെ പുള്ളി ആശുപത്രിയില്‍ നിന്നും വരുന്നതിനു മുന്‍പ് തന്നെ മീനടം ഗ്രാമം ഈ കഥ പഴങ്കഥ ആക്കി.....

Thursday, August 26, 2010

തൈരിന്‍റെ ലഹരി

മീനടംകാര്‍ പൊതുവേ എന്തും പരീക്ഷിച്ചു നോക്കി വിശ്വസിക്കുന്നവരാണ്. എന്തിനു സംഗീതം ആണെങ്കില്‍ പോലും ... എന്‍റെ കാര്യം തന്നെ ഉദാഹരണം. ഇതുവരെ താളം ഒപ്പിച്ചോ അല്ലെങ്കില്‍ ശ്രുതി തെറ്റാതെയോ പാടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രീയ സംഗീതം കേട്ടാല്‍ രണ്ടു വരി ഞാനും മൂളും.. അങ്ങനെ അടിയുറച്ച ഒരു സംഗീത വിദ്വാനാണ് താന്‍ എന്ന് നാല് പേരെ മനസ്സിലാക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. സംഗീതം അല്ല നമ്മുടെ ഇവിടുത്തെ കാര്യം.. ഒരു കാലത്ത് മീനടം റോഡില്‍ കൂടി രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞു വീട്ടില്‍ പോകുന്ന വഴിക്ക് അടിച്ചു ഫിറ്റ്‌ ആയിട്ട് ഒറ്റയ്ക്ക് ഉറക്കെ രാഷ്ട്രീയം പറഞ്ഞു നടക്കുന്ന കട്ടയിലെ പുന്നൂസ് ചേട്ടനാണ് (ഈ പേര് യാഥാര്‍ത്ഥ്യം ആകണമെന്നില്ല) നമ്മുടെ കഥാപാത്രം... ആണുങ്ങളുടെ പൌരുഷം പൊക്കത്തില്‍ അല്ല മീശയില്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു ധൈര്യശാലി. എല്ലാം കൂടി ഒരു മൂന്നു നാല് അടി പൊക്കം ഉണ്ട് പുള്ളിക്കാരന്.. കുടിയുടെ ആത്മാര്‍ഥത കാരണം കവിളും കണ്ണുകളും ഒക്കെ ആ കറുത്ത മുഖത്ത് ഏതോ ഗുഹയില്‍ എന്നപോലെ ഒളിച്ചിരിക്കും... പിന്നെ ഇദ്ദേഹം നല്ല സില്‍ക്ക് ജുബ്ബയെ ധരിക്കൂ.. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റു വന്നാലും പുള്ളി ഇട്ടിരിക്കുന്നത് നല്ല തിളങ്ങുന്ന സില്‍ക്ക് ജുബ്ബ ആയിരിക്കും...പുള്ളിക്കാരനും നമ്മുടെ പൊന്മണിയുടെ കടയിലെ സ്ഥിരം വെടിവട്ടം ഗാങ്ങില്‍ മെമ്പര്‍ ആണ്.

അന്ന് ചാരായം നാട്ടില്‍ ഒക്കെ ഒരു ഹിറ്റ്‌ ആണ്.. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഫിറ്റ്‌. പുന്നൂസേട്ടന് ഈ സാധനം ചെല്ലാതെ ഒരു ദിവസം തുടങ്ങാനും അവസാനിപ്പിക്കാനും പറ്റില്ല. അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ എക്സൈസ് മന്ത്രി ഒരു പാതകം ചെയ്തത്... ചരായത്തിനും ഡ്യൂട്ടി ..... തീര്‍ന്നില്ലേ... പാവപ്പെട്ടവന്‍റെ ലഹരി എന്നുള്ള ലേബല്‍ ചാരായത്തിനു കൈവിട്ടു പോയി.... പുന്നൂസേട്ടന്‍റെ ജീവിതത്തിലെ ഒരു കരിദിനം ആയിരുന്നു അന്ന്..

ഈ സംഭവം പൊന്മണിയുടെ കടയിലെ ഒരു സജീവ ചര്‍ച്ചാ വിഷയമായി... കാരണം ആ കൂട്ടത്തില്‍ ബഹു ഭൂരിപക്ഷവും ചരയത്തെ സ്നേഹിക്കുന്നവര്‍ ആയിരുന്നു.. ഏതോ ഒരു ചര്‍ച്ചാ വേളയില്‍ പുന്നൂസേട്ടന്‍ തന്‍റെ മനോവിഷമം മറ്റുള്ളവരോട് പങ്കു വച്ചു... ഇനി എങ്ങനെ കീശ കാലിയാകതെ ലഹരി കിട്ടും...

എന്‍റെ പുന്നൂസേട്ടാ... (ഉറുമ്പയിലെ രാജുവാണ് വിളിച്ചത്) ഇതിനൊക്കെ നമ്മുടെ നാടന്‍ മറുമരുന്നില്ലേ..... പുന്നൂസേട്ടന്‍റെ മുഖത്ത് പ്രതീക്ഷയുടെ ഒരു ഒളി മിന്നി... എന്‍റെ രാജു, നീ പണ്ടേ മിടുക്കനാ.. കാര്യം പറയടാ....
പുന്നൂസേട്ടാ... (രാജു ഒന്ന് നിര്‍ത്തി അല്പം നിവര്‍ന്നിരുന്നു, പിന്നെ ഒരു കെമിസ്ട്രി അധ്യാപകന്‍റെ സ്റ്റൈലില്‍ തുടര്‍ന്നു...). ഈ ചാരായം ഉണ്ടാക്കുന്നത്‌ ഒരു തരം രാസ പ്രക്രിയ കൊണ്ടാണ്... ഇത് മറ്റൊരു വിധത്തില്‍ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതെ ഒള്ളു... ഒരു ലിറ്റര്‍  തൈര് എടുക്കുക, അതില്‍ അല്പം മണ്ണെണ്ണ.. അളവ് വളരെ കറക്റ്റ് ആകണം.. നാലോ അഞ്ചോ തുള്ളി... ഒഴിച്ച് അല്പം പഞ്ചസാരയും ഇട്ടു ഒരു രണ്ടാഴ്ച അടച്ചു ഒരു ഭരണിയില്‍ വച്ചോളൂ... രണ്ടാഴ്ച കഴിഞ്ഞാല്‍ നല്ല സ്വയമ്പന്‍ (ഉശിരന്‍ എന്നര്‍ത്ഥം) സാധനം വീട്ടില്‍ റെഡി..
 
ഏതായാലും രണ്ടാഴ്ച കഴിഞ്ഞു പുന്നൂസേട്ടനെ മെഡിക്കല്‍ കോളേജില്‍ അട്മിറ്റാക്കി... ഈ വാര്‍ത്ത അറിഞ്ഞു നമ്മുടെ പൊന്മണി കടയിലെ താളംവിടീല്‍ കൂട്ടം നേരെ മെടിക്കല്‍ കോളേജില്‍ക്ക് പാഞ്ഞു.... അപ്പോളേക്കും പുന്നൂസേട്ടനെ ICU വില്‍ നിന്നും ഇറക്കിയിരുന്നു.... രാജുവിനെ കണ്ടതും പുന്നൂസേട്ടന്റെ സകല കണ്ട്രോളും പോയി....


എടാ മഹാ പാപീ.... എന്നാലും നീ എന്നോടിത് ചെയ്തല്ലോ..... ഒരു നിമിഷം ആര്‍ക്കും ഒന്നും മനസ്സിലായില്ലാ...

അവന്‍റെ അമ്മേടെ ഒരു തൈരിന്‍റെ ലഹരി...........
ആശുപത്രി ആണെന്നൊന്നും ആരും വിചാരിച്ചില്ലാ... ആ ബ്ലോക്ക്‌ മുഴുവന്‍ കുലുങ്ങുന്ന ഒച്ചയില്‍ ചിരി ഉയര്‍ന്നു......

Wednesday, August 25, 2010

നാരദര്‍



നാരദര്‍ എന്ന് പറയുമ്പോഴേ എല്ലാ തലയിലും ഏഷണി എന്ന ഒറ്റ കാര്യമേ തര്‍ജിമ ആയി വരൂ. എന്റെ നാട്ടിലും ഒരു നാരദന്‍ ഉണ്ടായിരുന്നു. ഈ പേര് ഞങ്ങള്‍ ചില ആള്‍ക്കാരുടെ ഇടയില്‍ മാത്രമേ പ്രചാരത്തില്‍ ഒള്ളു. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഇട്ട പേരാണ് അത്. ഏതായാലും പഞ്ചാബിലെ സിഖ് കാരുടെ താടി കഴിഞ്ഞാല്‍ പുള്ളിയുടെ താടി മാത്രമേ ഇത്ര ഭംഗി ആയി ചീകി ഒരുക്കി വച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടോള്ളൂ. ഇദ്ദേഹത്തിന്‍റെ ശബ്ദം സ്ത്രീശബ്ദവുമായി ഒരു ചെറിയ ഇണക്കം ഒണ്ട്‌. ഏതായാലും ഇദ്ദേഹം ആധുനിക യുഗത്തിലെ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. 
പുള്ളിയുടെ അച്ഛന് ഒരു പലചരക്ക് കടയുണ്ട്, പൊന്മണിയുടെ കട ക്ഷയിച്ചപ്പോള്‍ പൊങ്ങി വന്ന മറ്റൊരു ബിസിനസ്‌ സ്രാവ്. നാരദര്‍ ഇടയ്ക്കു അച്ഛനെ സഹായിക്കാന്‍ കടയില്‍ നില്‍ക്കാറുണ്ട്.. ആവിശ്യത്തിന് രാഷ്ട്രീയവും മത സഹിഷ്ണുതയും  ഒക്കെ പറഞ്ഞു നാട്ടുകാരെ കയ്യില്‍ എടുക്കാന്‍ വേണ്ട അടവുകള്‍ അറിയാവുന്ന ഒരു തന്ത്ര ശാലി .... M A ധവാന്‍ .. നമുക്ക് ഇദ്ദേഹത്തെ മഹാദേവന്‍ എന്ന് വിളിക്കാം തല്ക്കാലം... ഈ കടയിലെ ഒരു നിത്യ പ്രതിഷ്ഠ ആയിരുന്നു കാള്‍ മാക്സ് (കൃഷ്ണന്‍കുട്ടി ചേട്ടന്‍.. നീണ്ട താടിയും മീശയും മുടിയും ആവശ്യത്തിനു കമ്മ്യൂണിസവും ഉള്ളതുകൊണ്ട് വീണ പേരാണ് ).... ആഗോളവല്‍ക്കരണവും ആത്മഹത്യയും ആണ് അവിടുത്തെ ചൂടന്‍ വിഷയങ്ങള്‍....



പല ജോലികള്‍ മാറി മാറി ചെയ്തു എല്ലാ ജോലിയും ബൂര്‍ഷ്വാസികള്‍ക്കു ആണ് നല്ലതെന്ന് വിശ്വസിക്കുന്ന ആള്‍ ആണ് നാരദര്‍.... പുള്ളി തനിക്കവശ്യമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരു ചെറിയ ഉദാഹരണം വഴി പറയാം...

നാരദര്‍ എന്റെ  അനിയനോട് : ഇപ്പം ഗള്‍ഫില്‍ ഒക്കെ പ്രശ്നങ്ങള്‍ ആണെന്ന് കേട്ടു... കമ്പ്യൂട്ടര്‍ കാര്‍ക്ക് ആണ് കൂടുതല്‍ പ്രശ്നങ്ങള്‍ എന്ന് കേട്ടല്ലോ...
അനിയന്‍ : ഹം..... ശരിയാ ... ആഗോള തലത്തില്‍ പ്രശ്നങ്ങള്‍ ഒണ്ട്‌... 
നാരദര്‍ : അപ്പോള്‍ ചേട്ടന്‍റെ ജോലിക്ക്  കുഴപ്പം വല്ലോം ...... (മുഴുവന്‍ ചോദിക്കില്ല അതാണ്‌ സ്റ്റൈല്‍)
അനിയന്‍:  ഹം.... ഇല്ലാതില്ലാ...  (അനിയന്‍ കടയില്‍ നിന്നും സാധങ്ങള്‍ വാങ്ങി പോയി..)
അതിനു ശേഷം നാരദര്‍ കടയില്‍ ഇരുന്നവരോടായി : പ്രശ്നങ്ങള്‍ ഉണ്ടെന്നേ... എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫ്‌ ഇല്‍ ഇവന്റെ ചേട്ടന്‍റെ കമ്പനി ക്ക്  അടുത്ത് ജോലി ചെയ്യുന്നുണ്ടന്നെ... അവന്‍ എന്നോട് പറഞ്ഞാരുന്നു... അവിടെ  ആകെ പ്രശ്നങ്ങള്‍ ആണെന്ന്... എല്ലാവരെയും ജോലിയില്‍ നിന്നും പിരിച്ചു വിടുന്നു... (ഈ ഭാഗം പുള്ളി വെറുതെ കയ്യില്‍ നിന്നും എടുത്തു കാച്ചിയതാണ്...)
കടയില്‍ ഇരുന്നവര്‍ ഈ വിഷയം മറ്റുള്ളവരോട് പറയുമ്പോള്‍ സൌകര്യത്തിനായി നാരദന്‍ പറഞ്ഞ ഭാഗം വിടും.... അപ്പോള്‍ കഥ ഇങ്ങനെ ആയി.... 
"നമ്മുടെ ളാകത്തെ മൂത്ത പയ്യന്‍റെ ഗള്‍ഫിലെ ജോലി പോകാറായി... അവന്റെ അനിയന്‍ ആണ് പറഞ്ഞത്....."
എങ്ങനെ ഉണ്ട്... കഥയുടെ വഴിത്തിരിവ്...
ടിയാനെ ഞാന്‍ കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ കാണാന്‍ ഇടയായി... പുള്ളി എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു (വേറെ ആരും ആ പരിസരത്ത് ഇല്ല... എങ്കിലും സ്വകാര്യമായാണ് പറഞ്ഞത്..) ..
മാഷെ എങ്ങനെ എങ്കിലും അവിടെ (ഗള്‍ഫില്‍) നമുക്ക് കൂടി ഒരു ചാന്‍സ് നോക്കണം.. ഇവിടെ നിന്നിട്ട് ഒരു രക്ഷയുമില്ല... 

ആ നിമിഷം എന്‍റെ ചെവിയില്‍ ആംബുലന്‍സിന്റെ നിലവിളി ശബ്ദം മുഴങ്ങി....





Tuesday, August 24, 2010

പുലിച്ചുവട്

ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു മനുഷ്യന്‍ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു......മെലിഞ്ഞു പൊക്കമുള്ള ശരീരം. രണ്ടു കാലിലും വെവ്വേറെ റബ്ബര്‍ ചെരുപ്പുകള്‍ പുള്ളി ഇടും.(പുള്ളി -- ഞങ്ങള്‍ കൊട്ടയംകാരുടെ ഒരു സ്റ്റാന്‍ഡേര്‍ഡ് പ്രയോഗം ആണ് പുള്ളി. അദ്ദേഹം എന്നുള്ളതിന്റെ മറ്റൊരു പ്രയോഗം. പുല്ലിംഗം ആണ് പുള്ളി, പുള്ളിക്കാരി ആണ് സ്ത്രീലിംഗം.)... ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാല്‍ ആ ചെരുപ്പ് ഇട്ടിരിക്കുന്നത് തന്നെ രസകരമാണ്... രണ്ടു വിരലുകള്‍ കഴിഞ്ഞാണ് റബ്ബര്‍ ചെരുപ്പിന്റെ ഇട വള്ളി കയറ്റുന്നത് ( മാത്തമാറ്റിക്കല്‍ റേഷ്യോ - ടു ബൈ ത്രീ )......  അയാളുടെ കാലില്‍ ഞരമ്പുകള്‍ മുറുകി ചുരുങ്ങി ചുരുങ്ങി ഇരിക്കുന്നത് വെളിയില്‍ കാണാം...അത് ശ്രദ്ധിക്കാന്‍ കാരണം അന്ന് ഞങ്ങള്‍ക്കൊക്കെ ആ പോക്കമേ ഉള്ളായിരുന്നു. മറ്റൊരു പ്രത്യേകത - സാധാരണ നായന്മാരെ പോലെ പുള്ളിയുടെ  ചെവിയിലും ധാരാളം രോമങ്ങള്‍ പുഷ്ടിപെട്ടു നില്‍ക്കുമായിരുന്നു... (എന്റെ ചെവിയിലും രോമത്തിന്റെ ആധിക്യം ഏറി തുടങ്ങി ..... പ്രായത്തിന്റെ സൂചനകള്‍...) 
പുള്ളിയെ ഞങ്ങള്‍ നാട്ടുകാര്‍ അറ്റാക്ക്‌ എന്നാണ് വിളിക്കുന്നത്‌.. പിന്നീടെപ്പോഴോ പൊന്മണിയുടെ (ഞങ്ങളുടെ നാട്ടിലെ അന്നത്തെ ഒരു വല്യ പലചരക്ക് കടയുടെ ഉടമ....) കടയില്‍ താളം വിട്ടിരിക്കുന്ന അന്നത്തെ ചേട്ടന്മാര്‍ ആണ് പറഞ്ഞു തന്നത് എന്തുകൊണ്ടാണ് പുള്ളിയെ അറ്റാക്ക്‌ എന്ന് വിളിക്കുന്നത്‌....  കൊച്ചുമണി ആണെന്ന് തോന്നുന്നു.. അതോ ഉറുമ്ബയിലെ രാജുവോ (ഇവരൊക്കെ ഉശിരന്‍ കഥാപാത്രങ്ങള്‍ ആണ്... ഇവരുടെ ഒക്കെ ഓരോ എപ്പിഡോസ് / എപ്പിസോഡ് നമുക്ക് പിന്നീട് കാണാം.) എന്നോട് പറഞ്ഞു പുള്ളിയുടെ പേരിന്റെ ചരിത്രം.... 
പുള്ളി നാക്കെടുതാല്‍ നുണയെ പറയു. ആ നാട്ടിലെ ആബാലവൃധം ജനങ്ങളെയും പുള്ളി വെടി / നുണ പറഞ്ഞു തറ പറ്റിക്കും.... പുള്ളിയുടെ ഈ ആക്രമണ സ്വഭാവം കണക്കിലെടുത്താണ് നാട്ടുകാര്‍ പുള്ളിയെ അറ്റാക്ക്‌ എന്ന് പേരിട്ടത്...

ഒരു സാമ്പിള്‍ വെടി.....
പുള്ളിയുടെ സ്ഥിരം വേദികള്‍ ഒക്കെ ഹൈറേഞ്ച് ആണ്. നാട്ടുകാര്‍ അധികം ഒന്നും ആ കുമളി ഭാഗം കറങ്ങാത്തവര്‍ ആയിരുന്നു...പുള്ളിക്ക് കുട്ടിക്കാനം സൈഡില്‍ എവിടെയോ കുറച്ചു എസ്റ്റേറ്റ്‌ ഉണ്ടായിരുന്നു എന്നാണ് പറച്ചില്‍... ഒരിക്കല്‍ ടിയാന്‍ പതിവുപോലെ അതിരാവിലെ കൃഷിക്ക് വെള്ളം നനക്കാനും മറ്റുമായി പണിസ്ഥലത്തേക്ക് പോയി... വെളുപ്പിന് ഒരു നാല് മണി ആയിക്കാണും.... പുള്ളിയുടെ വഴിയില്‍ ഒരു കരിമ്പുലി ഇപ്പം ചാടിവീഴും എന്ന് പറഞ്ഞു നില്‍ക്കുന്നു.... എന്താ ചെയ്ക....ഒരു നിമിഷം ആലോചിച്ചു നിന്നു.... തനിക്കു പുലിച്ചുവട് അറിയാമല്ലോ.....(ഇതൊരു പ്രത്യേക തരം അഭ്യാസമാണ്. പുലിയുടെ വാല്‍ ഇടത്തോട്ട് പിടിചിരിക്കുകയാണെങ്കില്‍ പുലി വലത്തോട്ടയരിക്കും ചാടുക... വാല്‍ വലത്തോട്ടാനെന്കില്‍ ചാടുന്നത് ഇടതോട്ടയിരിക്കും.. ഇത് അഭ്യസികള്‍ക്കെ അറിയൂ ). പുള്ളി പതിയെ പുലിച്ചുവട് വക്കാന്‍ തുടങ്ങി.. പുലി ചാടാന്‍ വശം കിട്ടാതെ അക്ഷമനായി വാല്‍ മാറ്റിക്കൊണ്ടിരുന്നു... ഇദ്ദേഹം അതിനു അനുസരിച്ച് പുലിച്ചുവട് വച്ചു. ഒടുവില്‍ പുലി ക്ഷീണിച്ചു ... തളര്‍ന്നു.. പുലിക്കു മനസ്സിലായി താന്‍ ഏറ്റുമുട്ടാന്‍ വന്നവന്‍ നിസ്സാരന്‍ അല്ലെന്നു. ഒടുവില്‍ പുലി തളര്‍ന്നു വീണു... അപ്പോള്‍ ടിയാന്‍ പുലിയുടെ വാലില്‍ പിടിച്ചു കറക്കി ഒരേറു വച്ചുകൊടുത്തു... ശൂം ....... ട്ടോ... 
തീര്‍ന്നില്ലാ.........
ഇനി ഇന്ന് രാവിലെ  വെള്ളം നനക്കാന്‍ വയ്യ എന്ന് വിചാരിച്ചു പുള്ളി  തിരിച്ചു വീട്ടില്‍ പോന്നു... വൈകുന്നേരം വെള്ളം നനക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ..... പുലി നിന്നു ചക്രം ചവിട്ടുന്നു... പുള്ളി അവിടുന്ന് കറക്കി എറിഞ്ഞ പുലി ചെന്ന് വീണത്‌ പാടത്തേക്കു വെള്ളം കയറ്റാന്‍ വച്ചിരുന്ന ചക്രത്തില്‍ .... അത് അവിടുന്ന് കയറിപ്പോരാനുള്ള തത്രപ്പാടില്‍ വെള്ളം മുഴുവനും പാടത്തേക്കു അടിച്ചു കയറ്റിക്കൊണ്ടിരുന്നു....... 

ഇനി എനിക്ക് വെള്ളം നനക്കനാണോ പാട്...... 

Monday, August 23, 2010

എന്റെ പറമ്പിലെ ക്രിക്കറ്റ്‌

 ഞാന്‍ ഒരു പ്രവാസി. നാട്ടില്‍ വേരുറപ്പിക്കാന്‍ സ്ഥലം കിട്ടിയാലും, അതിനു നില്‍ക്കാതെ  മരുഭൂമിയില്‍ ഉറവ തേടുന്ന മലയാളി.  എഴുതി തുടങ്ങാന്‍ ഉള്ള വേദന (ത്വര) തുടങ്ങിയിട്ട് നാളുകളായി. ഒരു പ്രവസിക്കെന്തു കുന്തമാണ് എഴുതാന്‍ ഇനി എഴുത്തുകാര്‍ ബാക്കി വച്ചിരിക്കുന്നത്? എല്ലാം സങ്കല്പങ്ങളിലെ മരീചികകള്‍ ആണ് അവര്‍ക്ക്.. പക്ഷെ എന്റെ ജീവിതം .. ജീവിതത്തിലെ ഏടുകള്‍ ..  ഇവയൊക്കെ മറ്റുള്ളവരുടെ എടുകളുമായി വ്യത്യാസം കാണും...അതിലെ രസകരമായ സംഭവങ്ങള്‍ ഞാന്‍ കുത്തിക്കുരിക്കാം.


ഒരുപാടു വറ്ഷം പിന്നോട്ട് ഒരു യാത്ര..
ഒരു അവധി ദിവസം..
ഞാന്‍ 6 ലോ 7 ലോ പഠിക്കുന്നു അനിയന്‍ എന്നെക്കാളും ഒരു ക്ലാസ്സ്‌ പുറകില്‍.ഞങ്ങളുടെ കൂട്ടുകാരന്‍ ആണ് മോനൂട്ടന്‍. ഒരു കാര്‍ഷിക കുടുംബം. അവന്റെ അച്ഛനെ പണ്ട് ഞങ്ങള്‍ ടാര്‍സെന്‍ എന്നാണ് വിളിച്ചിരുന്നത്‌. (ക്ഷമിക്കണം അദ്ദേഹം ഇപ്പോള്‍ മരിച്ചു പോയിട്ട് മൂന്നാല് കൊല്ലമായി). പുള്ളിയുടെ ബോഡി അന്ന് കണ്ട കാര്‍ട്ടൂണ്‍ സീരിയല്‍ ഇലെ ടാര്‍സെന്‍ കഥാപാത്രത്തോട് വെല്ലുന്നതായിരുന്നു. അദ്വാനതിന്റെ ഫലം.


ഒരു ദിവസം ഞങ്ങളുടെ ക്രിക്കറ്റ്‌ കളി നടക്കുന്ന സമയം - ( സ്ടംപ് - കവളന്‍ മടല്‍ ചെത്തി വെളുപ്പിച്ച് എടുത്ത ഉശിരന്‍ സ്ടംപ്‌, ബോള്‍ - റബര്‍ ബോള്‍ ) ഞാനും അനിയനും ഗോപുവും പട്ടരും കുട്ടനും മോനൂട്ടനും - കുറച്ചു കൂട്ടുകാര്‍ കൂടി ഉണ്ട് , ഓര്‍മയില്ല .. ആവേശം മൂത്ത് അനിയന്‍ ഒരു സിക്സ് അടിച്ചു. ഇത് നേരെ ചെന്ന് വീണത്‌ പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന മോനൂട്ടന്റെ അച്ഛന്റെ അടുത്ത്....... കലി കയറി പുള്ളി ആ ബോള്‍ എടുത്തു ഞങ്ങളോടായി പറഞ്ഞു.....






ഇനി മേലാല്‍ എന്റെ പറമ്പില്‍ ക്രിക്കറ്റ്‌ വീണാല്‍ ഞാന്‍ തരത്തില്ല........




അന്ന് മുഴുവന്‍ രാത്രിയില്‍ എല്ലാവരും ഉറക്കമൊഴിച്ചിരുന്നു ചിന്തിച്ചു..... ഇനി എങ്ങനെ പുള്ളിയുടെ പറമ്പില്‍ ക്രിക്കറ്റ്‌ വീഴാതെ കളിക്കാമെന്ന്....