Search This Blog

Wednesday, December 29, 2010

പുതു വര്‍ഷം.... ( കഥ )

ഉറക്കം ഉണര്‍ന്നത് അല്പം താമസിച്ചാണ്... പോസ്റ്റ്‌ മാന്‍ ന്‍റെ വിളി ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്....ഉണര്ന്നെഴുന്നെല്‍ക്കുംപോള്‍ ദിവസങ്ങളെ കുറിച്ചും  ആഴ്ചകളെ കുറിച്ചും  മാസങ്ങളെ കുറിച്ചും  ഒരു ഏകദേശ ധാരണ വരാന്‍ കലണ്ടറില്‍ അതാതു ദിവസം മാര്‍ക്ക് ചെയ്യുന്ന ഒരു പതിവ് എനിക്കുണ്ട്.. ഇന്ന് ദിവസം ഡിസംബര്‍ 31 . ഓ... നാളെ പുതുവര്‍ഷം ആണല്ലേ ...  എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചുകൊണ്ട്‌ ഞാന്‍ ആ എഴുത്ത് പൊട്ടിച്ചു... 
തല കറങ്ങുവാണോ, അതോ ഭൂമി ഒന്ന് തിരിച്ചു കറങ്ങിയോ?
ഒന്നുകൂടി ഞാന്‍ ആ എഴുത്ത് സൂക്ഷിച്ചു വായിച്ചു... ഇത്തവണത്തെ മികച്ച ചെറുകഥാക്ര്‍ത്തിനുള്ള പുരസ്കാരം എന്നെത്തേടി എത്തിയിരിക്കുന്നു... ഇത്തവണ സമ്മാനത്തുകയും ഇരട്ടി..(നാല്  ലക്ഷം രൂപ - കഥയില്‍ ചോദ്യമില്ലാ .. ഈ അവാര്‍ഡ് നാല് ലക്ഷം തന്നെ). ഇന്നസെന്റ് ലോട്ടെരിയും പിടിച്ചു കിലുക്കം സിനിമയില്‍ കിടന്നപോലെ ഞാന്‍ നേരെ ചാരുകസേരയിലേക്ക് വീണു, ഒരു മാതിരി വികൃത സ്വരം എന്‍റെ കണ്ടത്തില്‍ നിന്നും പുറപ്പെട്ടു....
രാവിലെ കുടിക്കാന്‍ ഇട്ടുവചിരിക്കുന്ന കട്ടന്‍ കാപ്പി അണ്ണാക്കില്‍ കുടുങ്ങിയെന്നു കരുതി അടുക്കളയില്‍ നിന്നരുന്ന ഭാര്യ ചട്ടുകവുമായി ഓടിക്കിതച്ചെത്തി... അവളുടെ ആ നില്പും വെപ്രാളവും ഒക്കെ കണ്ടപ്പോള്‍ ബോധം തിരിച്ചു കിട്ടിയ എനിക്ക് ബോധം വീണ്ടും പോയി.. അവള്‍ ഓടി അടുക്കളയില്‍ പോയി കുറെ വെള്ളം എടുത്തുകൊണ്ടു വന്നു എന്‍റെ മോന്തക്ക് തളിച്ചു..
ഹാവൂ ആശ്വാസമായി.... ഞാന്‍ കണ്ണുതുറന്നു... സന്തോഷം കൊണ്ട് എന്‍റെ കണ്ണ് നിറഞ്ഞു ഒഴുകാന്‍  തുടങ്ങി... ഇതുകണ്ട് ഭാര്യ വീണ്ടും അങ്കലാപ്പിലായി... അപ്പോഴാണ്‌ എന്‍റെ കയ്യില്‍ കിടന്നു വിറയ്ക്കുന്ന ആ എഴുത്ത് പുള്ളിക്കാരി ശ്രദ്ധിച്ചത്... അവള്‍ വേഗം അത് എന്‍റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വായിച്ചു... അപ്പോഴും എന്‍റെ കയ്യില്‍ എഴുത്ത് ഉണ്ടെന്നുള്ള ഭാവത്തില്‍ ആ കൈ  ഒടിഞ്ഞുകുത്തി നില്‍പ്പുണ്ടായിരുന്നു... ഈ എഴുത്ത് വായിചാതും... പധോം.... ധാ ഹള... അവളുടെ ബോധം പോയി... ബാക്കി ഇരുന്ന വെള്ളം എടുത്തു അവളുടെ മോന്തക്ക് ഞാന്‍ തളിച്ചു.. അവളെ പൊക്കി എടുത്തു കസേരയില്‍ ഇരുത്തി...

എന്‍റെ എഴുത്തുകള്‍ ചുമ്മാ നേരമ്പോക്ക് ആണെന്ന് വിചാരിച്ചിരുന്ന അവള്‍ക്കു അതൊരു തിരിച്ചടി ആയിപ്പോയി... 
എന്‍റെ എല്ലാ കഥയ്ക്കും കൊള്ളാം എന്നൊരു പ്രോത്സാഹനം അല്ലാതെ, ഇതിയാന്‍ ഒരു സംഭവം ആണെന്നൊന്നും അവള്‍ക്കിതുവരെ തോന്നിയിട്ടുമില്ല, അങ്ങനെ ഒരു അഭിപ്രായം അവള്‍ പറഞ്ഞിട്ടുമില്ല.... ഏതായാലും പുതുവര്‍ഷം കലക്കി...  ഞാന്‍ ഒന്ന് ഞെളിഞ്ഞു ചാര് കസേരയില്‍ ഇരുന്നു... കാലിന്മേല്‍ കാല്‍ കേറ്റി വച്ചു,... ഇപ്പോഴും ഞെട്ടല്‍ മാറാതെ ഇരിക്കുന്ന ഭാര്യയെ നോക്കി ഗമയില്‍ പറഞ്ഞു,
എടീ കടുപ്പത്തില്‍ ഒരു ചായ ഇങ്ങു എടുത്തേ...
തനിയെ പ്രവര്‍ത്തിക്കാന്‍ ഒരു യന്ത്രത്തിന് സ്വിച്ച് ഇട്ടപോലെ അവള്‍ ആ മന്ദതയില്‍ എഴുന്നേറ്റു അടുക്കളയിലേക്കു പോയി... ഞാന്‍ പതിയെ പ്ലാനിങ്ങിലേക്ക് കടന്നു...
എവിടെ കൊള്ളിക്കാം ഈ നാല് ലക്ഷം രൂപ.... കടം വാങ്ങിച്ച വകുപ്പില്‍ കുറച്ചു തീര്‍ക്കാനുണ്ട്... ജോലി ചെയ്യാന്‍ തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ്‌ ഈ കടം.... എല്ലാക്കാലവും ആരോടെങ്കിലും ഒക്കെ കടം വങ്ങേണ്ട ഗതികേട് ഉണ്ടാവും... ഒരു ഭാരതീയന്‍ എന്നുള്ള നിലക്ക് അതൊരു കുറവായി ഞാന്‍ കണക്കാക്കുന്നില്ല... ഹം... ഒരു ഒന്നര ലക്ഷമെങ്കിലും വേണം കടം തീര്‍ക്കാന്‍... മകന്റെ പഠനത്തിനു കുറച്ചു പണം നീക്കിവെക്കണം.. ഒരു ഫിക്സെഡ് ടെപോസിറ്റ്‌ തുടങ്ങാം.. ഒരു രണ്ടു ലക്ഷമെങ്കിലും വേണം... അയ്യോ തീര്‍ന്നോ...ഇനി ഒരു അമ്പതിനായിരം തൂമ്പാ ഒണ്ട്‌... രണ്ടു കിലോ സവാള മേടിക്കുമ്പോള്‍ അത് തീരും.. പ്ലാനിംഗ് ... മണ്ണാങ്കട്ട... കഴിഞ്ഞ തവണ ഈ അവാര്‍ഡു കിട്ടിയ ഹതഭാഗ്യനെ ഞാന്‍ മനസ്സില്‍ ഓര്‍ത്തു സഹതപിച്ചു... പാവം രണ്ടു ലക്ഷം രൂപ കൊണ്ട് എങ്ങനെ പുള്ളി ഓടിച്ചോ ആവോ?  ഇപ്പോഴും പുള്ളിയുടെ കടങ്ങളും പ്രാരാബ്ധാങ്ങളും ഒന്നും തീരാന്‍ വഴി ഇല്ല... ഹം... ഏതായാലും സവാള വാങ്ങുന്നത്  പിന്നീട് നോക്കാം...
ഏതായാലും ഭാര്യയെ ഒന്ന് സന്തോഷിപ്പിച്ചിട്ടു തന്നെ കാര്യം.. കല്യാണ സാരിക്ക് ശേഷം ഇതുവരെ ആ ലെവലില്‍ അവള്‍ക്കൊരു സാരി വാങ്ങിക്കൊടുത്തിട്ടില്ല... അതിനൊള്ള പാങ്ങില്ലരുന്നു താനും.. ഏതായാലും അവളെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം...ഹം.. ഏതായാലും ഇത്തവണത്തെ ന്യൂ ഇയര്‍ പൊടി പൊടിക്കണം ... നാളെ പുലര്‍ച്ചെ തന്നെ ടൌണില്‍ പോയി എല്ലാം വാങ്ങാം...
അന്ന് നമ്മുടെ  ധവാന്റെ കടയിലും ചര്‍ച്ചാവിഷയം ഇത് തന്നെ ആയിരുന്നു... ഞാന്‍ ഗമയില്‍ ആ ചര്‍ച്ചയിലെ കേന്ദ്ര കഥാപാത്രമായി... എല്ലാവരിലും എന്നോടൊരു ആരാധനയും ബഹുമാനവും ഉണ്ടായതായി ഒരു തോന്നല്‍... കൊള്ളാം...  
ഏതായാലും നാളത്തെ പ്ലാന്‍ ഒക്കെ ആലോചിച്ചു  നേരത്തെ ഉറങ്ങാന്‍ കിടന്നു.... 
പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഉണര്‍ന്നു... ആകെ ഒരു ഉന്മേഷം... ഭാര്യയെ ഉണര്തെണ്ടാ എന്ന് കരുതി ലൈറ്റ് ഒന്നും ഇടാന്‍ നിന്നില്ല... നേരെ ബാത്രൂമില്‍ കയറി കുളിച്ചു ടൌണിലേക്ക് വിട്ടു... അല്പം താമസിച്ചാലും കുഴപ്പമില്ല.. നടക്കാന്‍ പോയിട്ട് വല്ലയിടത്തും വര്‍ത്തമാനം പറഞ്ഞു നില്‍ക്കുവാനെന്നു അവള്‍ കരുതിക്കോളും... ഏതായാലും ഇന്നവള്‍ ഞെട്ടും... അമ്മാതിരി ഒരു സാരിയെങ്കിലും അവള്‍ക്കു വാങ്ങണം... ടൌണില്‍ അല്പം കൂടുതല്‍ സമയം ചിലവഴിചെങ്കിലും ഏതായാലും ഒരു ഇരുപത്തയ്യായിരം രൂപയോളം വിലയുള്ള ഒരു സാരി അവള്‍ക്കു ഞാന്‍ വാങ്ങി... കയ്യില്‍ കരുതിയിരുന്ന കാശിന്റെ മുക്കാല്‍ ഭാഗവും തീര്‍ന്നു...പുതുവര്‍ഷം അല്ലെ... എല്ലാവര്ക്കും എടുത്തേക്കാം എന്ന് കരുതി അച്ഛനും അമ്മയ്ക്കും മകനും അനിയനും കുടുംബത്തിനും എല്ലാവര്ക്കും എടുത്തു വസ്ത്രങ്ങള്‍. "ബില്ലൊന്നും മാറ്റെണ്ടാ, എല്ലാം അതില്‍ കിടന്നോട്ടെ" എന്ന് കടയില്‍ പറഞ്ഞു.....എല്ലാവരും അറിയട്ടെ കുറഞ്ഞതൊന്നും അല്ല എടുത്തിരിക്കുന്നതെന്നു...  
ശൂം...കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ കുറെ  മാസത്തെ നീക്കിയിരുപ്പ് അങ്ങ് തീര്‍ത്തു... ഹം.. കുഴപ്പമില്ല... അവാര്‍ഡ്‌ ഒക്കെ കിട്ടിയതല്ലേ... ഏതായാലും ഈ മാസം അവാര്‍ഡ്‌ തുക കിട്ടാതിരിക്കില്ല... അതുകൊണ്ട് ഏതായാലും ഈ ചെലവ് ഒരു ഭാരമായി തോന്നിയില്ല... 
ഏതായാലും ഒരു നാലഞ്ചു മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തി... കയ്യില്‍ കണ്ട സമ്മാന പോതികളുടെ  എണ്ണവും വലിപ്പവും കണ്ടു വീട്ടിലുള്ള എല്ലാവരും അമ്പരന്നു... ഏതായാലും എല്ലാര്ക്കും ഈ പുതുവര്‍ഷം സന്തോഷമായി... എന്നാലും ഭാര്യയുടെ മുഖത്തെ അങ്കലാപ്പ് എന്നെ ഒന്ന് പേടിപ്പിച്ചു... ഇവളുടെ മുഖമെന്താ തെളിയാത്തെ ? സാരിയുടെ ബില്ല് കൂടിയതുകൊണ്ടാണോ? ഏതായാലും സൗകര്യം കിട്ടിയപ്പോള്‍ ഭാര്യ എന്‍റെ അടുത്ത് വന്നു ചോദിച്ചു, നിങ്ങളുടെ തലയ്ക്കു വട്ടായോ? ഇത്രയും പൈസാ ചിലവാക്കാന്‍ നിങ്ങള്‍ക്കെന്താ തലയ്ക്കു നല്ല സുഖമില്ലേ ? എങ്ങനെ ചൊറിഞ്ഞു വരാതിരിക്കും... 
എടീ...   അവാര്‍ഡ് ഒക്കെ കിട്ടിയതല്ലേ... എല്ലാര്ക്കും സന്തോഷമായിക്കൊട്ടെന്നു ഞാന്‍ വിചാരിച്ചു... 
അവള്‍ നെറ്റി ച്ചുളിച്ചുകൊണ്ട് ചോദിച്ചു... ന്താന്ന് ? എന്ത് അവാര്‍ഡ് ? 
ഞാന്‍ ഒന്ന് അങ്കൂഷിയായി... ശ്ശെടാ... ഇവള്‍ ഇത്ര പെട്ടന്ന് ഇത്രയും വല്യ കാര്യം മറന്നോ? 
അപ്പം നീ മറന്നോ ഇന്നലെ എനിക്ക് ഏറ്റവും നല്ല ചെറുകഥാ കൃത്തിനുള്ള അവാര്‍ഡ് കിട്ടിയത്... ഇന്ന് ന്യൂ ഇയര്‍ കൂടിയല്ലേ ? എല്ലാരും ആ സന്തോഷം ഒന്ന് പങ്കിടട്ടെന്നു കരുതിയാ ഞാന്‍.. 
ന്താന്ന്... ഇന്ന് ന്യൂ ഇയര്‍ ഒന്നും അല്ല മനുഷ്യാ... നിങ്ങള്‍ ഏതാണ്ട് സ്വപ്നം കണ്ടിട്ട് കിടന്നു തുള്ളിയതാണോ? 
സ്വപ്നം.... ആ വാക്ക് ഒരു അമിട്ട് പൊട്ടുന്നപോലെ എന്‍റെ നെഞ്ചിനകതൊന്നു പൊട്ടി... ഞാന്‍ ഓടി പോയി കലണ്ടര്‍ നോക്കി... 
ട്ടേ.... അടിച്ചു .. അടിച്ചു കാണണം ...തലക്കിട്ടു ആരാണ്ട് ഒരെണ്ണം തന്നപോലെ.... 
ഇന്ന് ഡിസംബര്‍ 31 ... ഈശ്വരാ... അപ്പോള്‍ എനിക്ക് കിട്ടിയ അവാര്‍ഡ് !!!!  

അയ്യോ... തല കറങ്ങുവാണോ, അതോ ഭൂമി ഒന്ന് തിരിച്ചു കറങ്ങിയോ? 

Thursday, December 16, 2010

ഡാഡി വെയര്‍ !!!


ഒരു ബാല്യ കാല തമാശ്... ഒരു സായിപ്പും മദാമ്മയും ചായ കുടിക്കാന്‍ ഒരു ചെറിയ ചായക്കടയില്‍ കയറി.... 
സായിപ്പ് - റ്റൂ റ്റീ ...
ചായക്കടക്കാരന്‍ - ഹ... എന്നാല്‍ ആ പിന്നാംബുരത്തോട്ടെങ്ങാനും  പോ എന്‍റെ സായിപ്പേ...

ഇത് ഇംഗ്ലീഷ് നെ മലയാളീകരിച്ച മലയാളിയുടെ  നര്‍മ്മ ബോധം.  പ്രൈമറി ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയതാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...  ഇവിടെ ദുഫായില്‍ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇല്‍ അയച്ചിട്ട് അവരുടെ ഇംഗ്ലീഷ് കേട്ടു കോരിത്തരിച്ചിരിക്കുന്ന നാടന്‍ മലയാളികള്‍ ധാരാളമുണ്ട്. പിള്ളാരുടെ മുന്‍പില്‍ കൊച്ചാവരുതെന്നു കരുതി അവരും പറയും തന്നാലാവും വിധം... എന്ത്?? ഇംഗ്ലീഷ്...  
സ്ഥലം കരാമാ പാര്‍ക്ക് ആണ്.... ഞങ്ങള്‍ സുഹൃത്തുക്കള്‍ വെടിവട്ടം കൂടുന്ന സ്ഥലം.... ആരുടെയെങ്കിലും പരദൂഷണവും കുന്നായ്മയും പറഞ്ഞു സമയം കളയുന്ന നേരം... ഈ വെടിവട്ടത്തില്‍ നിന്നു മാറി നില്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല... മറ്റൊന്നും കൊണ്ടല്ല, അന്ന് ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ അവനെകുറിചായിരിക്കും പരദൂഷണത്തില്‍ ഏറിയ പങ്കും. ഈ സമയം അവിടെ ഒരു നാടന്‍ മദാമ്മയെ ഞങ്ങള്‍ നോട്ട് ചെയ്തു....മലയാളിസം വെസ്റ്റേണ്‍ ഇസത്തില്‍ മുക്കിയെടുത്ത ഒരു അമ്മായി. അവിടവിടെയായി വരിഞ്ഞു മുറുക്കിയ ബന്ധനങ്ങളില്‍ നിന്നും ശരീരാവയവങ്ങള്‍ രക്ഷപെടാനുള്ള വിങ്ങിപ്പോട്ടല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും... അവിടെ കളിച്ചുകൊണ്ടിരുന്ന പിള്ളാരുടെ ഇടയിലേക്ക്  അമ്മായി,  അരയന്നം കൊക്കിന്റെ കാലില്‍ കുനിഞ്ഞു നില്‍ക്കുന്നത് പോലെ  കുനിഞ്ഞു നിന്നു  അവരുടെ പിള്ളാരോട് ഉറക്കെ ചോദിച്ചു.... 
ഡാഡി വെയര്‍ ? 
പിള്ളാര്‌ കളി ഒക്കെ നിര്‍ത്തി പുള്ളിക്കാരിയെ  ഒന്ന് സൂക്ഷിച്ചു നോക്കി... ഈ അമ്മായിയുടെ പിള്ളാര്‌, ഏതാപ്പാ കോതമംഗലം എന്നും പറഞ്ഞു നില്‍ക്കുന്നു..... ഒന്നും മനസ്സിലായില്ല... ആര്‍ക്കും... വായും പൊളിച്ചു നില്‍ക്കുന്ന പിള്ളാരോട് പുള്ളിക്കാരി  വീണ്ടും....
മോനെ അച്ഛന്‍ എവിടെയാണെന്ന്
ഈ മലയാള തര്‍ജിമ ഇല്ലായിരുന്നെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു... അച്ചന്മാര്‍ക്ക് ഇടാനുള്ള വല്ല പുതിയ ഐറ്റവും ആയിരിക്കും എന്ന് കരുതിയേനെ എല്ലാരും.. ലൈക്‌ അണ്ടര്‍ വെയര്‍ ..... തകര്‍ന്നില്ലേ.... ആ പിള്ളാര്‌ കളി നിര്‍ത്തി ഓടി അച്ഛന്‍റെ എടുക്കല്‍ ചെന്നു പറഞ്ഞു... അച്ഛാ ഇനി മേലാല്‍ മമ്മിയെ  പബ്ലിക്‌ ആയി ഇംഗ്ലീഷ് പറയിപ്പിക്കല്ലേ... പ്ലീസ്‌..... 
എന്തിനു അധികം.... എന്‍റെ സുഹൃത്തിന്റെ വായില്‍ നിന്നും വീണു എമണ്ടന്‍ സാധനം... ഇതുപോലെ ഒരു വൈകുന്നേരം... ഞങ്ങള്‍ വെടിവട്ടം മെംബേര്‍സ് ഇന്‍റെ അടുത്ത് കൊണ്ട് ഒരു വണ്ടി പാര്‍ക് ചെയ്തു... അതില്‍ നിന്നും ഒരു ഫുള്‍ ഫാമിലി ടീം ഇറങ്ങി.. കുട്ടികളെ കളിപ്പിക്കാന്‍ ഉള്ള സാധനങ്ങള്‍ ആ ചേച്ചി വണ്ടിയില്‍ നിന്നും ഇറക്കുമ്പോള്‍ അതില്‍ നിന്നും ഒരു ബോള്‍ ഒരുണ്ട് താഴേക്കു പോയി... എങ്ങനെ ഈ ഫമിലയെ ഒന്ന് മുട്ടാം എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്‍റെ സുഹൃത്തിന്റെ തലമണ്ടയില്‍ ഈ ബോള്‍   ഒരു മറഡോണയുടെ കാലില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് പോയ ബോള്‍ ആയി.. വഴി കിട്ടി.... ബോള്‍ ഉരുണ്ടു പോകുന്നത് കാണേണ്ട താമസം, എന്‍റെ സുഹൃത്ത്‌ ചേച്ചിയോട് ചാടി കേറി പറഞ്ഞു..... 
എക്സ്ക്യുസ്മീ ... യുവര്‍ ബോള്‍സ് ...
ഞെളിഞ്ഞു നിന്നു ഉരുണ്ടു പോയ ബോള്‍ ഇല്‍ കൈ ചൂണ്ടി നില്‍ക്കുന എന്‍റെ സുഹൃത്തിനെ അവര്‍ നിര്‍വികാരമായി നോക്കി - എന്താടാ..... ഇവന്‍ ഉദ്ദേശിച്ചത് ? ...കൂടെയുള്ള ചേട്ടന്‍റെ മുഖം ഞങ്ങള്‍ ഒന്നേ നോക്കിയോള്ളൂ... ഞാന്‍ അപ്പോഴേ തല കിഴക്കോട്ടു തിരിച്ചു ... മറ്റു നാല് പേരുടെയും തല നാല് ദിക്കിലേക്ക് സ്വിച്ച് ഇട്ടപോലെ വെട്ടി തിരിഞ്ഞു.... ഞങ്ങളാരും ഒന്നും കേട്ടിട്ടില്ലേ എന്ന മട്ടില്‍... കൊടുക്കാന്‍ ഉള്ളത് മുഴുവന്‍ ചേച്ചിയും ചേട്ടനും അവനിട്ട് മാത്രം കൊടുത്താല്‍ മതി എന്നുള്ള ഭാവം...
അനാവശ്യമായി പ്ലൂറല്‍ ഉപയോഗിച്ചതിന്‍റെ ദൂഷ്യ ഫലം... ഇംഗ്ലീഷ് പറയുമ്പോള്‍ എസ് എന്ന അക്ഷരം അല്പം ഖനത്തില്‍ പറഞ്ഞാല്‍ നമുക്ക് ഇംഗ്ലീഷ് അറിയാം എന്ന് മറ്റുള്ളവരെ തെട്ടിധരിപ്പിക്കാം എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിരിക്കണം... 

ഇപ്പം അടി വീഴും എന്ന് പറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും അസാമാന്യമായ ഇംഗ്ലീഷ് കൊണ്ട് നമുക്ക് മാറ്റിയെടുക്കാം എന്ന് ഒരിക്കല്‍ ഞങ്ങളുടെ കൂട്ടുകാരന്‍ കാണിച്ചു തന്നു... സ്വതവേ താന്‍ ഒരു ജിങ്കാപ്പി ആണെന്ന് പുള്ളിക്കൊരു ധാരണ ഉള്ളതുകൊണ്ടും മറ്റുള്ളവര്‍ ഒക്കെ തന്‍റെ കായബലത്തിനു മുന്‍പില്‍ വെറും അശു ആണെന്ന് തോന്നുന്നതുകൊണ്ടും മുഖത്ത് അല്പം ക്രൂരത പുള്ളി വിരിയിക്കും...കണ്ടാല്‍ അത്ര ആജാനബാഹു ഒന്നും അല്ലെങ്കിലും ഒള്ള ശരീരം കൊണ്ട് പുള്ളി അങ്ങ് പോലിപ്പിക്കും... കണ്ടാല്‍ ഇവന്റെ കയ്യില്‍ നിന്നും രണ്ടെണ്ണം ഞാന്‍ ഇന്ന് വാങ്ങിക്കും എന്ന് മറ്റുള്ളവര്‍ക്ക് തോന്നും... 

ഒരു ദിവസം അദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്യാനു ഉള്ള ശ്രമത്തിനു ഇടയില്‍ മറ്റൊരു അറബിക് ജിങ്കാപ്പി കാര്‍ ഇട്ടു വിലങ്ങി.. ഹോണ്‍ അടിയും വണ്ടി ഇരപ്പിക്കലും കൊണ്ട് രണ്ടു പേരും പരസ്പരം വിളിക്കേണ്ട തെറി മുഴുവന്‍ വിളിച്ചു.. എന്നിട്ടും രണ്ടാളും ഇത് എന്‍റെ സ്ഥലം എന്നുള്ള അഹങ്കാരത്തില്‍ വണ്ടി ഇരപ്പിച്ചു നില്‍ക്കുന്നു... അവസാനം സഹികെട്ട് നമ്മുടെ ജിങ്കാപ്പി ഇറങ്ങി... ഇപ്പം അടി വീഴും എന്ന് കരുതി അവിടെ ചായ കുടിക്കാന്‍ മൂസാക്കടയില്‍ വന്ന സകലരും വട്ടം കൂടി.. എല്ലാരും കേള്‍ക്കെ നമ്മുടെ ജിങ്കാപ്പി അയാളോട് കലിപ്പില്‍  പറഞ്ഞു..  
Fuck Me !!!!!
ശൂം... വെടി തീര്‍ന്ന ടയര്‍ പോലെയായി നമ്മുടെ ആശാന്‍... അറബി കൊച്ചേട്ടന്‍ ഇത് കേട്ടു എന്താ ചെയ്യേണ്ടേ എന്ന് അറിയാതെ കണ്ണ് തള്ളി ഇരുന്നു... 
Fuck You എന്ന് പറയേണ്ടതിനു പകരം പറഞ്ഞത് തിരിഞ്ഞു പോയി എന്ന് എല്ലാര്ക്കും മനസ്സിലായി... ആ ഇറങ്ങിയ സ്പീഡില്‍ കാറില്‍ തിരിച്ചു കയറി നമ്മുടെ ജിങ്കാപ്പി പറഞ്ഞു... 
അവന്‍ വിരണ്ടു പോയെടാ ... നമ്മക്ക് പോയേക്കാം... 

**************************************************************************************************************************
ഒരു ചെറിയ സംശയം വായനക്കാരുമായി പങ്കു വെക്കുന്നു... 
ഒരു പോലെയുള്ള രണ്ടു പേരെ നിങ്ങള്‍ ഇരട്ടകള്‍ എന്ന് വിളിക്കും.... കുറച്ചുകൂടി എളുപ്പത്തില്‍ TWINS എന്ന് വിളിക്കും...
പക്ഷെ അത് ഒരു പോലെയുള്ള മൂന്നു പേരാണ് എങ്കിലോ ? ഇംഗ്ലീഷില്‍ എളുപ്പം നമുക്ക് പറയാം Triplets   പക്ഷെ മലയാളത്തിലോ ???        മുരട്ടകളെന്നോ  ??

Wednesday, December 8, 2010

ഹിന്ദി അണ്ണാ... ഹിന്ദി....


അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഹിന്ദി പഠിച്ചിട്ടുണ്ട് എന്നുള്ള ഒറ്റ ധൈര്യത്തില്‍ ആണ് ഞാന്‍ ഡല്‍ഹിക്ക് ജോലി തേടി പോയത്... എന്‍റെ ഒരു ചേട്ടനും ചേച്ചിയും അവിടെ താമസ സൗകര്യം ഒരുക്കി.... അങ്ങനെ ജോലി തേടല്‍ പതുക്കെ സ്റ്റാര്‍ട്ട്‌ ചെയ്തു. സുഗമ ഹിന്ദി പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കാരുള്ള ഞാന്‍ എന്തിനു ഹിന്ദി ഭയക്കണം... ധൈര്യമായി ഞാന്‍ ദല്‍ഹി നഗര വീചികളിലെക്കിറങ്ങി.
ഭായ് സാബ് ..... ടൈം ക്യാ ഹേ?  
ആരെടാ ഇത് സമയം മെനക്കെടുത്താന്‍..... തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പാവം റിക്ഷാ ഡ്രൈവര്‍. വാച്ച് ലേക്ക് നോക്കി...  ഒരു പത്തെര ആയിക്കാണും.... ടെന്‍ തെര്‍ടി ... വായില്‍ വന്നത് ഇംഗ്ലീഷ് ആണ്... ഭായ് സാബ് ഹിന്ദി മേം ? ശ്ശെടാ... ദസ് ... എന്‍റെ ഗുരുവായൂരപ്പാ....അര ക്ക് ഞാന്‍ ഇനി എന്ത് പറയും... തീസ്.... മുപ്പതു മിനിറ്റ് ആണ് ഞാന്‍ ഉദ്ദേശിച്ചത്.... ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഹിന്ദിയില്‍ സമയം പറയാന്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും അറിഞ്ഞില്ല... എങ്കില്‍ സ്കൂളില്‍ ഹിന്ദി ടീചെര്നോട് അന്നേ ചോദിച്ചു മനസ്സിലാക്കാമായിരുന്നു... പാവം റിക്ഷാ ഡ്രൈവര്‍ ഞാന്‍ പറഞ്ഞ സമയം ഒരു പിടിയും കിട്ടാതെ വായും പൊളിച്ചു ഇരുന്നു... ആകെ തൊലി ഉരിഞ്ഞു പോകുന്ന ഒരു അനുഭവം... വല്യ ടൈ ഒക്കെ കെട്ടി ജോലിക്ക് കേറാന്‍ നില്‍ക്കുന്ന ഞാന്‍, ഹിന്ദിയില്‍ സമയം പോലും പറയാന്‍ അറിയാതെ... എന്‍റെ മനസ്സില്‍ കിടന്നു ഈ ഭയം ഒന്ന് ആടിയുലഞ്ഞു... സമയം... ദസ്... തീസ്... കര്‍ത്താവേ.. ഇനി മുക്കാല്‍ ആണെങ്കിലോ ??? ഇല്ല... ഞാന്‍ സമയം ഹിന്ദിയില്‍ പറയാന്‍ പഠിക്കുന്ന വരെ വാച്ച് കെട്ടുന്നില്ല... മനസ്സില്‍ ഉറപ്പിച്ചു... അപ്പോള്‍ തന്നെ കെട്ടയിരുന്ന വാച്ച് ഊരി പോക്കറ്റ്‌ ഇല്‍ ആക്കി...
അന്ന് വൈകുന്നേരം ചേട്ടന്‍റെ അടുത്ത് പതുക്കെ ഒരു ബുക്കും പേനയും എടുത്തു കൂടെയിരുന്നു... ആഹാ.. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... ചേട്ടാ.. ഈ സമയം ചോദിക്കുമ്പോള്‍ അരക്ക് എങ്ങനെ പറയണം? ഞാന്‍ ഒരു കൊച്ചു സ്കൂള്‍ കുട്ടി ആയി.. ചേട്ടന്‍ ഒന്ന് ഉഷാറായി ഗൌരവത്തില്‍ പറഞ്ഞു... എടാ... എന്തിന്റെ കൂടെയും സാടെ എന്ന് ചേര്‍ത്താല്‍ അര ആകും... ഉദാഹരണത്തിന്.. പത്തര = സാടെ ദസ് ... പന്ത്രണ്ടര = സാടെ ബാരാഹ്...  ഞാന്‍ മുഴുവന്‍ ഉദാഹരണങ്ങളും കുറിച്ചെടുത്തു.... പിന്നീട് സംശയം  ഉണ്ടെങ്കില്‍ നോക്കാമല്ലോ... അന്ന് വൈകുന്നേരം ചേച്ചി ഒരു ഒന്നര കിലോ ഗോതമ്പ് പൊടിയും  അര കിലോ പഞ്ചസാരയും മേടിച്ചോണ്ട് വരാന്‍ പറഞ്ഞു എന്നെ കടയിലേക്ക് അയച്ചു.. ഇന്ന് പഠിച്ച പാഠങ്ങള്‍ എല്ലാം മനസ്സില്‍ ഇട്ടൊന്നു തിരിച്ചും മറിച്ചും പറഞ്ഞു പഠിച്ചു... നേരെ കടയിലേക്ക് വച്ചു പിടിച്ചു... 
ഭായ് സാബ്..  സാടെ ഏക്‌ കിലോ ആട്ട ഔര്‍ സാടെ കിലോ ചീനി....
ധിം തരികിട തോം... കടക്കാരന്‍ ഒന്ന് ഊശിയാക്കി ചിരിച്ചിട്ട് മലയാളത്തില്‍ മൊഴിഞ്ഞു... ഈ പറഞ്ഞ കിലോ കണക്കിന് ഒരു സാധനവും കിട്ടില്ല... ഡല്‍ഹിയില്‍ പുതിയ ആളാണ് അല്ലെ?
പോയി... ഞാന്‍ പടിച്ചെടുതത്തില്‍  എവിടെയോ വീണ്ടും ഒന്ന് പിശകി.. പണ്ടാരം അപ്പോള്‍ ചേട്ടനും സമയവും തൂക്കവും ഒന്നും അറിയില്ലേ ? ഞാന്‍ ചേട്ടനെ ഒരു നിമിഷം ശങ്കിച്ചു... അപ്പോള്‍ കടക്കാരന്റെ വക ഒരു സ്റ്റഡി ക്ലാസ്സ്‌... 
മോനെ.. ഒന്നര കിലോക്ക് സാടെ ഏക്‌ എന്ന് പറയില്ല... അത് ട്ടേഡ് കിലോ എന്നാണ്... അതുപോലെ രണ്ടര കിലോക്ക് ട്ടായി കിലോ എന്നാണ് പറയുന്നത്... മൂന്നു മുതല്‍ സാടെ എന്ന് ചേര്‍ത്ത് പറയാം... 
എന്‍റെ തെറ്റ്... ഞാന്‍ പത്തു മുതല്‍ ആണ് ചേട്ടനോട് സമയം ചോദിച്ചു പഠിച്ചത്.. ദൈവമേ ഏതായാലും ഇയാള് പറഞ്ഞത് നന്നായി.. അല്ലെങ്കില്‍ ഞാന്‍ പത്തു മണി കഴിഞ്ഞു റോഡില്‍ ഇറങ്ങിയാല്‍ മതി... ഹം.. കര്‍ത്താവെ... ഞാന്‍ പഠിച്ച ഹിന്ദി ഒന്നും തികയാതെ വരുമോ.... ഏതായാലും സമയത്തിന്റെ കാര്യത്തിലും കിലോയുടെ കാര്യത്തിലും ഒരു തീരുമാനമായി... ഗുഡ്. പിറ്റേ ദിവസം ഞാന്‍ ധൈര്യത്തില്‍ വാച്ച് എടുത്തു കെട്ടി.. 
ഭായ് സാബ് ടൈം ക്യാ ഹേ ? 
ട്ടായി ബജെ , ഭായ് ജാന്‍..  
എനിക്ക് തന്നെ ഒരു അഭിമാനം തോന്നി... കൊള്ളാം എല്ലാം ഓക്കേ.. ഇനി ഒരു ജോലി കൂടി കിട്ടിയാല്‍ കാര്യങ്ങള്‍ ഉഷാര്‍ ആവും... ഏതായാലും അധികം വൈകാതെ ഒരു ജോലി തരപ്പെട്ടു.. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മര്‍... ഒരു ചെറിയ സംരംഭം... ആകെ മൂന്നു എംപ്ലോയീസ്.  ഗുനാണ്ടര്‍ (മാനേജര്‍) അല്പം കറുത്ത് തടിച്ചിട്ടാണ്... ഒരു ദിവസം പ്രോഗ്രാമ്മില്‍ മുഴുകി ഇരുന്ന എന്നെ പുള്ളി വിളിച്ചു... 
ദീപു തും ക്യാ കര്‍ത്താ ഹേ ?
ചൊറിഞ്ഞു വന്നു... കാരണം ആ കര്‍ത്താ എന്‍റെ തലച്ചോറില്‍ മലയാളം ആയിട്ട് തന്നെ ആണ് ഫീഡ് ചെയ്തത്... ഹിന്ദി തര്‍ജിമ ആ ഒരു വാക്കിനു മാത്രം നടന്നില്ല... സ്വതവേ കറുത്ത നിറത്തിനോട് അല്പം കോമ്പ്ലെക്സ് ഉള്ള ഞാന്‍  മനസ്സില്‍ പറഞ്ഞു... ഒന്ന് പോടാപ്പാ... താന്‍ കൊറേ വെളുത്തതാ... ഞാന്‍ മാനേജര്‍ നെ ഒന്ന് ഇരുത്തി നോക്കി... പുള്ളി വീണ്ടും .... 
ക്യാ കര്‍ത്താ ഹേ യാര്‍  ??? 
സര്‍ ഐ അം നോട് കര്‍ത്താ ... വീടിഷ് (ആയിടക്കു പഠിച്ചെടുത്ത ഒരു വാക്കാനത്... കറുത്ത നിറത്തിനെ കുറച്ചു കൂടി മയപ്പെടുത്തി പറഞ്ഞാല്‍ ആ കളര്‍ പറയാം...). ഞാന്‍ ആ പറഞ്ഞതിന്‍റെ അര്‍ഥം പുള്ളിക്ക് ഒരു പിടിയും കിട്ടിയില്ല.. ഇനി ഇപ്പം പ്രോഗ്രാമ്മിംഗ് ഇലെ പുതിയ വല്ല ടെക്നിക്കും ആണെന്ന് കരുതി മാനേജര്‍ ഉം ഒന്നും മിണ്ടിയില്ല... ഈ സംഭവത്തിന്‌ ശേഷം പുള്ളി എന്നോട് വെറുതെ ഇരിക്കുവനെങ്കില്‍ പോലും ആ ചോദ്യം ചോദിയ്ക്കാന്‍ ധൈര്യപ്പെടരില്ലരുന്നു... 
ഓഫീസില്‍ വാട്ടര്‍ കൂളര്‍ എന്‍റെ സൈഡ് ഇല്‍ ആണ് ഇരിക്കുന്നത്... ഒരു ചൂടുള്ള ദിവസം.. മാനേജര്‍ എന്നോട് പറഞ്ഞു... 
ദീപു ഏക്‌ ഗ്ലാസ്‌ പാനി പിലാവോ .... 
ചൂടല്ലേ... ഞാന്‍ പുള്ളിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു... 
ഒരു അഞ്ചു മിനിറ്റ് ആയിക്കാനില്ല... മാനേജര്‍ വീണ്ടും... 
ഏക്‌ ഗ്ലാസ്‌ പാനി പിലാവോ യാര്‍.... ഓക്കേ.. നല്ല ചൂട് തന്നെ... നാല്‍പ്പത്തഞ്ചു ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ട്.. ഒരു ഗ്ലാസ്‌ വെള്ളം കൂടെ കുടിച്ചേക്കാം... വീണ്ടും ഞാന്‍ ഒരു ഗ്ലാസ്‌ വെള്ളം അകത്താക്കി.... കുറച്ചു കഴിഞ്ഞു വീണ്ടും മാനേജര്‍... 
കിതനെ ബാര്‍ ബോലാ യാര്‍ , ഏക്‌ ഗ്ലാസ്‌ പാനി പിലാവോ.... 
സര്‍, ഐ ഹാട് ഓള്‍ റെഡി ത്രീ ഗ്ലാസ്‌ ഓഫ് വാട്ടര്‍... ഐ അം നോട് തെര്‍സ്ടി..... 
പുള്ളിക്കാരന്‍ ദേഷ്യത്തില്‍ തനിയെ എഴുന്നേറ്റു വന്നു ഒരു ഗ്ലാസ്‌ വെള്ളം വെള്ളം കുടിച്ചു നെടുവീര്‍പ്പെട്ടു... 
നിര്‍ത്തി അന്ന് നിര്‍ത്തി... അതിനു ശേഷം പുള്ളിക്കാരന്‍ ഒരിക്കലും എന്നോട് ഹിന്ദി പറയാന്‍ തുനിഞ്ഞിട്ടില്ല....