Search This Blog

Friday, September 10, 2010

അപമൃത്യു


"എനിക്കറിയാം നിനക്കെന്തറിയാമെന്നെനിക്കറിയാം , 
ഇല്ല ചൊല്ലില്ല ഞാനതാരോടും , 
നീ പറഞ്ഞതൊക്കെയും പൊള്ളുകള്‍, നീ കണ്ടതൊക്കെയും പാഴ്കിനാവുകള്‍ " ....  അതിശയിക്കെണ്ടാ... കവിയരങ്ങോന്നും അല്ല .. മീനടത്തെ കരയോഗം ആണ് രംഗം. കരയോഗം പ്രസിഡണ്ട്‌ കുന്നേല്‍ ചന്ദ്രപ്പന്‍ ചേട്ടന്‍ ആണ് കവിത ചെല്ലുന്നത്.. അവിടെയിരിക്കുന്ന കരയോഗം മെംബേര്‍സ് എല്ലാരും ഏതാപ്പാ കോതമംഗലം എന്ന മട്ടില്‍ വായും തുറന്നു കവിത കേട്ട് ഇരിക്കുന്നു. ചന്ദ്രപ്പന്‍ ചേട്ടന്‍ ഇങ്ങനെ ആണ്, ഒരു അരങ്ങു കിട്ടിയാല്‍ പുള്ളി അത് സ്വന്തം കവിത അവതരിപ്പിക്കാന്‍ പ്രയോജനപ്പെടുത്തും. കരയോഗം പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പ് ഇങ്ങനെ ഒരു ശീലം പുള്ളിക്കുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു... അറിഞ്ഞിരുന്നെകില്‍ ഒരു പക്ഷെ ഈ പ്രസിഡണ്ട്‌ സ്ഥാനം നാട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തേനെ. 
ഞങ്ങടെ കരയോഗം ബഹു രസം ആണ്.. ആദ്യകാലങ്ങളില്‍ ഞാന്‍ വിചാരിച്ചിരുന്നത് വെറുതെ നായന്മാര്‍ എല്ലാരും കൂടി ചായ കുടിക്കാനും , പുളുവടിക്കാനും, ചിട്ടി പിടിക്കാനും ആണ് ഈ കരയോഗം എന്നാണ് കരുതിയിരുന്നത്.  പിന്നീടാണ് ഇത് നായന്മാരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള സംഖടന ആണെന്ന് തിരിച്ചറിഞ്ഞത്. ഏതായാലും ചന്ദ്രപ്പന്‍ ചേട്ടന്‍ കവിത ചൊല്ലി തകര്‍ക്കുവാണ്.. എങ്ങോട്ടാണ് ഈ കവിത പോകുന്നതെന്നോ.... എന്താണ് ഈ കവിതയുടെ അര്‍ത്ഥമെന്നോ അവിടെ കൂടിയിരിക്കുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലായിട്ടില്ല.... എങ്കിലും കരയോഗം പ്രസിടെന്ടല്ലേ .... അങ്ങ് കേട്ട് കളയാം എന്ന് എല്ലാരും ക്ഷമിച്ചു. ഏതായാലും കാണികളുടെ നെല്ലിപ്പലക തകരുന്നതിനു മുന്‍പ് ചന്ദ്രപ്പന്‍ ചേട്ടന്‍ കവിത അവസാനിപ്പിച്ചു. ചിട്ടിക്കുള്ള തവണ അടക്കാന്‍ ഇല്ലാത്തപ്പോള്‍ അച്ഛന്‍ കരയോഗത്തിന് പോകാനുള്ള അവസരം എനിക്കും അനിയനുമാണ് തരുന്നത്.. ഞങള്‍ പോയി സുഖമായി ചായയും കുടിച്ചു അവിടെ നടക്കുന്ന ചര്‍ച്ചയില്‍ നോക്കുകുത്തി ആയി ഇരുന്നിട്ട് പോരും.... ഇനി ചര്‍ച്ചയാണ്... നാട്ടില്‍ നടന്നതും നടക്കാനിരിക്കുന്നതുമായ പ്രശ്നങ്ങളും ചടങ്ങുകളും, പുതിയ സംരംഭങ്ങളും എല്ലാം ഒന്ന് ഇരുത്തി വിശകലനം ചെയ്യുന്നു. ആഗോള തലങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍ വരെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. മീനടത്തെ പുതിയ കരയോഗ കെട്ടിടം പണിയുന്നതിന്‍റെ ചര്‍ച്ച ആഞ്ഞു നടക്കുന്നു. 
ശുമസ്യ ശീഖ്രം  എന്നാണല്ലോ...
ആര്‍ക്കും ആ പഴഞ്ചൊല്ല് മനസ്സിലായില്ല... പറഞ്ഞത് കാഞ്ഞിരം തറവാട്ടിലെ വാമദേവന്‍ നായര്‍.... വെപ്പ് പല്ല് തേഞ്ഞതു കാരണം അതിന്‍റെ അലൈന്‍മെന്‍റ് ഇല്‍ ഉള്ള തകരാറാണ് ശുഭസ്യ ശീഖ്രം എന്നുള്ള ഈ ചൊല്ല് വാമദേവന്‍ നായരുടെ വായിലൂടെ ഇങ്ങനെ അവതരിച്ചത്.  ഏതായാലും കെട്ടിടത്തിന്‍റെ പണി പെട്ടന്ന് തീര്‍ക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് പുള്ളി എല്ലാവര്ക്കും തന്‍റെ പഴംചൊല്ല് വിവരിച്ചു കൊടുത്തു... അന്ന് ചാമാത്തോട്ടിലെ മോഹന്‍ ചേട്ടന്‍ അല്പം ഫിറ്റ്‌ ആണ്.... എല്ലാവര്ക്കും ഇത് മനസ്സിലാവുകയും ചെയ്തു... കാരണം പുള്ളിയുടെ എല്ലാ ചലനങ്ങളിലും മദ്യത്തിന്റെ ആധിപത്യം ഉണ്ട്. 


പ്രസിടെണ്ടേ എനിക്കൊരു കാര്യം പറയാനുണ്ട്‌...  
മോഹന്ചെട്ടന്‍ ആണ് എഴുന്നേറ്റു നിന്നു പറഞ്ഞത്... ആ നില്പും ആട്ടവും ഒക്കെ കണ്ടപ്പോള്‍ പ്രസിടെണ്ട് ആ ആവശ്യം ചെവിക്കൊണ്ടില്ല.... മറ്റു ചര്‍ച്ചകള്‍ വീണ്ടും സജീവമായി.... 


പ്രസിടെണ്ടേ എനിക്കൊരു കാര്യം പറയാനുണ്ട്‌...  
ദേ വീണ്ടും മോഹന്‍ ചേട്ടന്‍.. പ്രസിഡണ്ട്‌ മൂന്നാല് പ്രാവശ്യം മോഹന്ചെട്ടന്‍ ന്‍റെ ഈ ആവശ്യം നിരാകരിച്ചു.  ഒടുവില്‍ സഹികെട്ട് മോഹന്ചെട്ടന്‍ ..
ഇനി എനിക്ക് പറയാനുള്ളത് കേട്ടില്ലെങ്കില്‍ ഞാന്‍ യോഗം ബഹിഷ്കരിക്കും... 
എങ്കില്‍ മോഹനന് എന്താണ് പറയാനുള്ളതെന്ന് വച്ചാല്‍ പറ ... അവസാനം സഹികെട്ട് പ്രസിടെണ്ട് അനുവാദം കൊടുത്തു... മൂന്നു നാല് പ്രാവശ്യം അവസരം നിഷേധിച്ചതിലുള്ള ദേഷ്യം കാരണം എന്താണ് താന്‍ പറയാന്‍ വന്നതെന്നുള്ള കാര്യം പാവം മോഹന്‍ ചേട്ടന്‍ മറന്നു... എന്താ മോഹനാ പറയാന്‍ ഉള്ളത്.... അത്.. അത്... മോഹന്‍ ചേട്ടന്‍ നെറ്റി തിരുമ്മി ഓര്‍മ്മ വലിച്ചെടുക്കാന്‍ ശ്രമിച്ചു.... നടക്കുന്നില്ല.... എങ്കില്‍ കളി കണ്ടിട്ട് തന്നെ കാര്യം .. തോല്‍ക്കാന്‍ മോഹന്‍ ചേട്ടന്‍ തയ്യാര്‍ അല്ലായിരുന്നു.. അത് നമ്മുടെ ആ തെക്കേതിലെ ശാന്തമ്മേടെ കെട്ടിയോന്‍ കഴിഞ്ഞ മാസം അപമൃത്യു വന്നു മരിച്ചു.... പ്രസിടെണ്ട് നു അതെക്കുറിച്ച് എന്താണ് പറയാനുള്ളത്... മോഹന്‍ ചേട്ടന്‍ ആര്‍ക്കണ്ടോ വേണ്ടി ഒരു ചോദ്യം ചോദിച്ചു... ആരാണ്ട് എങ്ങാണ്ട് മരിച്ചതിനു പാവം ചന്ദ്രപ്പന്‍ ചേട്ടന്‍ എന്ത് ചെയ്തു... ചെന്ദ്രപ്പന്‍ ചേട്ടന്‍ വായും പൊളിച്ചു നില്‍ക്കുമ്പോള്‍ മോഹന്‍ ചേട്ടന്‍റെ അടുത്ത ചോദ്യം... അല്ലെങ്കില്‍... നമ്മുടെ കിഴക്കേതിലെ തമ്പി ഈ കഴിഞ്ഞ ആഴ്ച അപമൃത്യു വന്നു മരിച്ചു...പ്രസിടെണ്ട് നു അതെക്കുറിച്ച് എന്താണ് പറയാനുള്ളത്.... മോഹന്‍ ചേട്ടന്‍റെ ഈ ചോദ്യം കൂടി ആയപ്പോള്‍ അടുത്ത അപമൃത്യുവിനു മുന്‍പ് എന്‍റെ അച്ഛന്‍ പുള്ളിയെ പിടിച്ചു കസേരയില്‍ ഇരുത്തി.... മോഹനാ നീ അല്പം ഓവര്‍ ആണ്... അച്ഛന്‍ താക്കീതു കൊടുത്തു.... ഏതായാലും ചായ കുടിച്ചു പിരിയുമ്പോഴും  പ്രസിടെന്റിന്റെ അന്ധാളിപ്പ് മാറിയിട്ടില്ല.... ഇന്നും മോഹന്‍ ചേട്ടന്‍ നാട്ടുകാരുടെ ഇടയില്‍ അപമൃത്യുവിന്‍റെ   പ്രൊമോട്ടര്‍ ആണ്.... 

No comments:

Post a Comment